Published: September 02, 2025 10:49 PM IST
1 minute Read
ന്യൂഡൽഹി∙ 2012ൽ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു പരുക്കേറ്റതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കേസ് സുപ്രീം കോടതിയിൽ. ശ്രീശാന്തിനു പരുക്കേറ്റു പുറത്തായ ഒരു സീസണിൽ താരത്തിന്റെ പേരിൽ ഇൻഷുറൻസ് ‘ക്ലെയിം’ ചെയ്ത സംഭവത്തിലാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. 2012 സീസണിൽ കാൽമുട്ടിനുണ്ടായ പരുക്കു കാരണം ശ്രീശാന്തിന് കളിക്കാൻ സാധിച്ചിരുന്നില്ലെന്ന് രാജസ്ഥാൻ വാദിക്കുമ്പോൾ, താരത്തിന്റെ പരുക്ക് നേരത്തേയുള്ളതാണെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.
ശ്രീശാന്തിന്റെ കാൽ വിരലിനു പരുക്കുണ്ടായതു മറച്ചുവച്ചെന്നാണ് ഇൻഷുറൻസ് കമ്പനിയുടെ കണ്ടെത്തൽ. ശ്രീശാന്തിന് സീസൺ നഷ്ടമാകാനുള്ള കാരണം ഇതാണെന്നും കമ്പനി വാദിക്കുന്നു. 2012 ഐപിഎലിനിടെ ഒരു പരിശീലന മത്സരത്തിലാണ് ശ്രീശാന്തിനു കാൽമുട്ടിനു പരുക്കേൽക്കുന്നത്. ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തു. 2011 മുതൽ ശ്രീശാന്തിനു പരുക്കുണ്ടായിരുന്നെന്നും താരം അതു മറച്ചുവച്ചെന്നും പറഞ്ഞ്, ഇൻഷുറൻസ് കമ്പനി ‘ക്ലെയിം’ തള്ളി. ശ്രീശാന്ത് കളിക്കാതിരിക്കാൻ കാരണം പഴയ പരുക്കാണെന്നും പോളിസി എടുക്കുന്ന സമയത്ത് ഇത് കമ്പനിയെ അറിയിച്ചില്ലെന്നും അവർ നിലപാടെടുത്തു.
എന്നാൽ വിരലിലെ പരുക്ക് ശ്രീശാന്തിനു കളിക്കുന്നതിനു പ്രശ്നമായിരുന്നില്ലെന്നും, മുട്ടിലെ പരുക്കായിരുന്നു ഗുരുതരമെന്നും രാജസ്ഥാൻ റോയൽസ് മറുപടി നൽകി. ഈ പരുക്കുണ്ടായത് ഇൻഷുറൻസിന്റെ കാലയളവിലാണെന്നും രാജസ്ഥാൻ വ്യക്തമാക്കി. കേസിൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) രാജസ്ഥാന്‍ റോയൽസിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. ഇൻഷുറൻസ് കമ്പനി ഐപിഎൽ ഫ്രാഞ്ചൈസിക്കു പണം നൽകണമെന്നും കമ്മീഷന്‍ വിധിച്ചു. പിന്നാലെ ഇൻഷുറൻസ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചു.
കേസിൽ ഇടപെട്ട സുപ്രീം കോടതി, ശ്രീശാന്തിന്റെ പഴയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളുടേയും വാദങ്ങൾക്കു ശേഷം ശ്രീശാന്തിന്റെ വിരലിലെ പരുക്കിനെക്കുറിച്ച് ഐപിഎൽ ഫ്രാഞ്ചൈസി, ഇൻഷുറൻസ് കമ്പനിയെ അറിയിച്ചിരുന്നോയെന്ന് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിൽ അന്തിമ വിധി ഇതുവരെ വന്നിട്ടില്ല.
English Summary:








English (US) ·