
ലളിത് മോദി | AFP, പുറത്തുവിട്ട വീഡിയോയിൽ നിന്ന് | Photo: Screengrab/ youtube.com/@Beyond23CricketPod,
ന്യൂഡല്‍ഹി: 2008-ഐപിഎല്ലിനിടെ മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിങ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ വിശദീകരണവുമായി മുന്‍ ഐപിഎല്‍ കമ്മിഷണര്‍ ലളിത് മോദി. താൻ സത്യമാണ് പറഞ്ഞതെന്നും ഇതിന് മുമ്പ് ആരും തന്നോട് ഇതേപറ്റി ചോദിച്ചിരുന്നില്ലെന്നും അദ്ദേഹംവ്യക്തമാക്കി. രൂക്ഷവിമർശനമുന്നയിച്ച ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിക്ക് ലളിത് മോദി മറുപടി നൽകുകയും ചെയ്തു. കഴിഞ്ഞദിവസം മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് 18 വര്‍ഷം മുമ്പുള്ള, ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്. സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്കിനെതിരെയും ഭുവനേശ്വരി രൂക്ഷവിമർശനമുന്നയിച്ചിരുന്നു.
'അവർ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് എനിക്കറിയില്ല. എന്നോട് ഒരു ചോദ്യം ചോദിച്ചു, ഞാൻ സത്യം പറഞ്ഞു. ആ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനാവില്ല. ഞാൻ സത്യം പറയുന്ന ആളായാണ് അറിയപ്പെടുന്നത്. ശ്രീശാന്ത് ഇരയായിരുന്നു. അതുതന്നെയാണ് ഞാനും പറഞ്ഞത്. ഇതിന് മുൻപ് ആരും എന്നോട് ഈ ചോദ്യം ചോദിച്ചിരുന്നില്ല, അതിനാൽ ക്ലാർക്ക് ചോദിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. '- ലളിത് മോദി ഐഎഎൻഎസ്സിനോട് പറഞ്ഞു.
വീഡിയോ പുറത്തുവന്നത് കുടുംബത്തെ ഏറെ വേദനിപ്പിച്ചുവെന്നാണ് നേരത്തേ ഭുവനേശ്വരി പ്രതികരിച്ചത്. ഇത് കളിക്കാരെ വേദനിപ്പിക്കുക മാത്രമല്ല ഇത് തങ്ങളുടേതല്ലാത്ത തെറ്റിന്റെ പേരില്‍ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്ന അവരുടെ നിരപരാധികളായ കുട്ടികളെ മുറിവേല്‍പ്പിക്കുന്നത് കൂടിയാണ്. അതിനാല്‍ ഇരുവര്‍ക്കുനെതിരേ കേസെടുക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിരുന്നു.
'ലളിത് മോദി, മൈക്കല്‍ ക്ലാര്‍ക്ക് നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ചീപ് പബ്ലിസിറ്റിക്കും വ്യൂസിനുമായി 2008-ല്‍ നടന്ന ഒരു കാര്യത്തെ ഇപ്പോള്‍ വലിച്ചിഴച്ച നിങ്ങള്‍ മനുഷ്യരല്ല. ശ്രീശാന്തും ഹര്‍ഭജനും അതെല്ലാം മറന്ന് മുന്നോട്ടുപോയിരിക്കുകയാണ്. ഇന്ന് അവര്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ അച്ഛന്‍മാരാണ്. എന്നിട്ടും നിങ്ങള്‍ അവരെ ആ പഴയ മുറിവിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുകയാണ്. അത് തികച്ചും വെറുപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണ്'- ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഭുവനേശ്വരി കുറിച്ചു
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം 2008-ല്‍ ഐപിഎല്‍ പ്രഥമ സീസണിനെ വിവാദത്തിലാക്കിയ ഒന്നായിരുന്നു. അന്ന് ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവം കഴിഞ്ഞ് 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നത്തെ സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നത്.
Content Highlights: Lalit Modi snaps backmost astatine Sreesanth's woman slapgate video








English (US) ·