Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•2 Jun 2025, 3:38 pm
ആര്‍സിബിയും പഞ്ചാബും തമ്മിലുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ശ്രേയസ് അയ്യരുടെ പ്രകടനത്തെയാണ്. അയ്യരെ പിടിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളെല്ലാം ആര്‍സിബി ഒരുക്കിക്കഴിഞ്ഞു. ജോഷ് ഹേസല്‍വുഡിനെതിരെ അയ്യര്‍ പരാജയപ്പെടുന്നു എന്നതാണ് ആര്‍സിബിക്ക് പ്രതീക്ഷ പകരുന്ന കാര്യം. അയ്യരെ മറികടന്നാല്‍ ആര്‍സിബിക്ക് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമായി മാറും.
ഹൈലൈറ്റ്:
- ശ്രേയസ് അയ്യരെ ആര്‍സിബി പേടിക്കണം
- തന്ത്രങ്ങള്‍ ഒരുക്കി ഇരുടീമുകളും
- ഹേസല്‍വുഡിനെതിരെ അയ്യര്‍ മികച്ച പ്രകടനം നടത്തുന്നില്ല
ശ്രേയസ് അയ്യര്‍, ജോഷ് ഹേസല്‍വുഡ് (ഫോട്ടോസ്- Samayam Malayalam) ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ഫോമില്‍
പഞ്ചാബ് കിങ്സ് നിരയില്‍ ആര്‍സിബി ഏറ്റവുമധികം പേടിക്കേണ്ടത് അവരുടെ നായകന്‍ ശ്രേയസ്സ് അയ്യരെ തന്നെയാണ്. കിടിലന്‍ ഫോമിലാണ് അയ്യര്‍ ബാറ്റ് വീശുന്നതും ടീമിനെ നയിക്കുന്നതും. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയെ ചാമ്പ്യന്‍മാരാക്കിയതിന് ശേഷം പഞ്ചാബിലെത്തിയ ശ്രേയസ്സ് അയ്യര്‍ സീസണ്‍ തുടക്കത്തില്‍ തന്നെ താന്‍ ഫോമിലാണെന്ന് തെളിയിച്ചിരുന്നു. ലീഡര്‍ഷിപ്പിന്‍റെ കാര്യത്തിലും അയ്യരുടെ സാന്നിധ്യം പഞ്ചാബിനെ ഏറെ കരുത്തരാക്കുന്നുണ്ട്. അയ്യരെന്ന ബാറ്ററെ മാത്രമല്ല, നായകനെ കൂടി കീഴ്പ്പെടുത്താന്‍ ആര്‍സിബി തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്ന് ഉറപ്പാണ്. മുംബെെ ഇന്ത്യന്‍സിനെതിരെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പുറത്തെടുത്ത കിടിലന്‍ ഇന്നിങ്സുള്‍പ്പടെ 16 ഇന്നിങ്സുകളില്‍ നിന്ന് 603 റണ്‍സാണ് അയ്യരുടെ സമ്പാദ്യം. 54.81 എന്ന മികച്ച ശരാശരിയും 175.80 എന്ന മികച്ച സ്ട്രൈക്ക് റേറ്റും അയ്യരുടെ കരുത്ത് തെളിയിക്കുന്നതാണ്. സീസണില്‍ 600-ലധികം റണ്‍സ് നേടിയ താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുള്ളതും ശ്രേയസ്സ് അയ്യര്‍ക്കാണ്. ആറ് അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.
ആര്‍സിബിക്കെതിരെയുള്ള ശ്രേയസ് അയ്യരുടെ പ്രകടനം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആര്‍സിബിക്കെതിരെ അത്ര മികച്ച റെക്കോഡല്ല ശ്രേയസ് അയ്യര്‍ക്കുള്ളത്. ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് തകര്‍ന്നടിഞ്ഞപ്പോള്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു അയ്യര്‍ നേടിയത്. ജോഷ് ഹേസല്‍വുഡാണ് പഞ്ചാബ് ക്യാപ്റ്റനെ പുറത്താക്കിയത്. 17 ഇന്നിങ്സുകള്‍ ആര്‍സിബിക്കെതിരെ കളിച്ച അയ്യര്‍ ആകെ 408 റണ്‍സാണ് നേടിയിട്ടുള്ളത്. ബെംഗളുരുവിനെതിരെ അയ്യരുടെ ശരാശരി 25.50-ഉം സ്ട്രൈക്ക് റേറ്റ് 120.35-ഉമാണ്. നാല് അര്‍ധസെഞ്ചുറികളാണ് ആര്‍സിബിക്കെതിരെ അയ്യര്‍ നേടിയിട്ടുള്ളത്.
കളി ജയിപ്പിച്ചെങ്കിലും തിരിച്ചടി; കിടിലൻ പണി കിട്ടിയത് മൈതാനത്തെ ആ പിഴവിനെ തുടർന്ന്
ഈ സീസണില്‍ ആര്‍സിബിക്കെതിര കളിച്ച മൂന്ന് മത്സരങ്ങളിലും രണ്ടക്കത്തില്‍ എത്താന്‍ അയ്യര്‍ക്ക് സാധിച്ചില്ല. 7, 6, 2 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോര്‍. ഇത് മാത്രമല്ല, ഈ സീസണില്‍ ഫോമിലുള്ള ആര്‍സിബി ബോളര്‍ ജോഷ് ഹേസല്‍വുഡിനെതിരെ അത്ര മികച്ച പ്രകടനമല്ല അയ്യര്‍ നടത്തിയിട്ടുള്ളത്. ടി20യില്‍ അയ്യരെ 4 തവണ പുറത്താക്കിയ ബോളറാണ് ഹേസല്‍വുഡ്. ഇതുവരെ ഹേസല്‍വുഡിനെതിരെ ടി20യില്‍ 22 പന്തില്‍ 11 റണ്‍സ് മാത്രം നേടാനേ അയ്യര്‍ക്ക് സാധിച്ചിട്ടുള്ളൂ. ഈ സീസണിലും അയ്യരെ രണ്ട് തവണ ഹേസല്‍വുഡ് പുറത്താക്കിക്കഴിഞ്ഞു.
ശ്രേയസ് അയ്യരെ പൂട്ടാന്‍ ആര്‍സിബി വിയര്‍ക്കുമോ? അയ്യരുടെ മുട്ടിടിച്ചത് ഈ താരത്തിനെതിരെ; ബെംഗളുരുവിന്‍റെ പ്രതീക്ഷയും അത് തന്നെ
ശ്രേയസ് അയ്യരെ പൂട്ടാന്‍ ജോഷ് ഹേസല്‍വുഡ്
ചുരുക്കിപ്പറഞ്ഞാല്‍ അയ്യരെ പൂട്ടാന്‍ ജോഷ് ഹേസല്‍വുഡിനെ തന്നെ ഇത്തവണയും ആര്‍സിബി നിയോഗിച്ചേക്കും. അയ്യരെ സംബന്ധിച്ച് ഹേസല്‍വുഡ് എന്ന ഭീഷണി മറികടക്കാനാവുക എന്നത് വലിയ വെല്ലുവിളിയാണ്. അതോടൊപ്പം മറ്റു ബോളര്‍മാര്‍ കൂടി അയ്യരുടെ ബലഹീനതകള്‍ മനസ്സിലാക്കി പന്തെറിഞ്ഞാല്‍ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാകില്ല. അയ്യരുടെ ഭീഷണി മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബിയെ സംബന്ധിച്ച് വലിയൊരു തലവേദന ഒഴിവാകും. ഇതോടെ കന്നിക്കിരീടത്തിലേക്ക് വഴി തുറക്കപ്പെടുകയും ചെയ്യും.രചയിതാവിനെക്കുറിച്ച്സൈഫുദ്ധീൻ ടി എംസമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ വായിക്കുക








English (US) ·