
ദേവൻ, ജഗദീഷ്, ശ്വേതാ മേനോൻ | ഫോട്ടോ: മനീഷ് ചേമഞ്ചേരി, മധുരാജ്| മാതൃഭൂമി, Facebook
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനുപിന്നാലെ മത്സരവിജയികളെ അഭിനന്ദിച്ചുകൊണ്ട് നടൻ ജഗദീഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോൻ, ദേവൻ എന്നിവരെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ആ വാക്കുകൾ. വരണാധികാരി മത്സരഫലം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ജഗദീഷിന്റെ തമാശനിറഞ്ഞ സംഭാഷണം.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ഹാർദവമായി അഭിനന്ദിക്കുകയാണെന്ന് ജഗദീഷ് പറഞ്ഞു. മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ദേവൻ ഒരു കാര്യം പറഞ്ഞിരുന്നു. മത്സരിക്കാൻ വനിതകൾക്ക് സംവരണം ആവശ്യമില്ലെന്നും അവർ മത്സരിച്ച് ജയിച്ചുവരട്ടെയെന്നുമാണ് ദേവൻ പറഞ്ഞത്. അങ്ങനെയൊരു വലിയ മനസാണ് അദ്ദേഹത്തിനുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ അദ്ദേഹം പറഞ്ഞത് ശ്വേതാ മേനോൻ AMMAയുടെ അമ്മയാണെങ്കിൽ താൻ AMMA യുടെ അച്ഛനാണെന്നാണ്. അതാണാ സ്പിരിറ്റ്. ദേവന് വലിയൊരു കയ്യടി നൽകണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലായിരുന്നു മത്സരം. ശ്വേതാ മേനോന് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജയൻ ചേർത്തലക്ക് 267 വോട്ടും ലക്ഷ്മിപ്രിയക്ക് 139 വോട്ടും നാസർ ലത്തീഫിന് 89 വോട്ടുമാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന് 172 വോട്ടും രവീന്ദ്രന് 115 വോട്ടുമാണ് ലഭിച്ചത്.
ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ. ട്രഷററായി ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Content Highlights: AMMA Election Results: Jagadish Lauds Devan's Sportsmanship Towards Shwetha Menon





English (US) ·