ശ്വേത അശ്ലീല സിനിമയിൽ അഭിനയിച്ചെന്ന പരാതി, മെമ്മറി കാർഡ് വിവാദം; ഒടുവിൽ തലപ്പത്തേക്ക് വനിതകൾ

5 months ago 5

Kukku Parameswaran and Shwetha Menon

കുക്കു പരമേശ്വരൻ, ശ്വേതാ മേനോൻ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി, Facebook

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാ​ദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും താരസംഘടനയിലെ പൊട്ടിത്തെറികൾക്കുമൊടുവിൽ 'അമ്മ'യുടെ തലപ്പത്തേക്ക് വനിതകളുടെ തേരോട്ടം. ശ്വേതാ മേനോൻ 159 വോട്ടുകളുടെ പിൻബലത്തോടെ അമ്മയിലെ ആദ്യ വനിതാ പ്രസിഡന്റും 172 വോട്ടുകൾ നേടി കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും എത്തുമ്പോൾ ഇത് സിനിമാ സംഘടനാ ചരിത്രത്തിൽ ആദ്യ സംഭവമാവുകയാണ്.

പ്രസിഡന്റ്- ശ്വേത മേനോൻ, വൈസ് പ്രസിഡന്റ്- ലക്ഷ്മിപ്രിയ, ജോയിന്റ് സെക്രട്ടറി -അൻസിബ, ജനറൽ സെക്രട്ടറി- കുക്കു പരമേശ്വരൻ എന്നിവരാണ് സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. അൻസിബ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

'അമ്മ'യിലെ സു​പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകൾ എത്തുമ്പോൾ സംഘടനയുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റം എത്തരത്തിലാകുമെന്ന് ഉറ്റുനോക്കുകയാണ് ചലച്ചിത്ര ലോകം. ശ്വേതാ മേനോന് 159 വോട്ടും ദേവന് 132 വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ജയൻ ചേർത്തലക്ക് 267 വോട്ടും ലക്ഷ്മിപ്രിയക്ക് 139 വോട്ടും നാസർ ലത്തീഫിന് 89 വോട്ടുമാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന് 172 വോട്ടും രവീന്ദ്രന് 115 വോട്ടുമാണ് ലഭിച്ചത്.

ശ്വേതാ മേനോൻ അശ്ലീല ചിത്രത്തിൽ അഭിനയിച്ച് പണം ഉണ്ടാക്കിയെന്ന പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങിയ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇത്തവണത്തെ അമ്മ തെരഞ്ഞെടുപ്പ്. അമ്മ സംഘടനയിലെ സുപ്രധാനമായ സ്ഥാനത്തേക്ക് സ്ത്രീകൾ ഇതുവരേയും മത്സരിച്ചിട്ടില്ല. ‌പ്രധാനപ്പെട്ട സ്ഥാനത്തേക്കോ തീരുമാനങ്ങളെടുക്കുന്നതോ ആയ പദവികളിലേക്കാണ് താൻ മത്സരിക്കുന്നതാണോ തനിക്കെതിരായ മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പിന്നിലെന്ന് അറിയില്ലെന്നായിരുന്നു കുക്കു പരമേശ്വരൻ കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചത്. മെമ്മറി കാർഡ് വിഷയത്തിൽ കുക്കു പ്രതികരണത്തിന് നിൽക്കാതെ പക്വതയോടെയായിരുന്നു വിഷയത്തെ കൈകാര്യം ചെയ്തത്. അതോടൊപ്പം തന്നെ സംഘടനക്കുള്ളിലെ ഒരുവിഭാ​ഗത്തിനുള്ള മറുപടി കൂടിയാവുകയാണ് കുക്കുവിന്റെ വിജയം.

Also Read

അതേസമയം തനിക്കെതിരായ പരാതിയിൽ ശ്വേതമേനോൻ പ്രതികരണം അറിയിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ കേസിനുപിന്നാലെ ചലച്ചിത്ര മേഖലയിൽ നിന്ന് ശ്വേതക്ക് വലിയ പിന്തുണ ലഭിക്കുകയുംചെയ്തു.

ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ. ട്രഷററായി ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlights: Women Lead AMMA: Shweta Menon Elected First Female President

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article