07 August 2025, 02:32 PM IST

നടൻ ദേവൻ | ഫോട്ടോ: പി.പി. ബിനോജ് | മാതൃഭൂമി
കൊച്ചി: ശ്വേത മേനോന് പിന്തുണയുമായി നടൻ ദേവൻ. ശ്വേതയ്‌ക്കെതിരായ കേസ് അനാവശ്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കേസിൽ പറയുന്നതുപോലെയുള്ള ഒരു കലാകാരിയല്ല ശ്വേത മേനോനെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശ്വേതയ്‌ക്കെതിരെയുള്ള കേസിനെക്കുറിച്ച് കേട്ടപ്പോൾ ശുദ്ധ അസംബന്ധമായാണ് തോന്നിയതെന്ന് ദേവൻ പറഞ്ഞു. ആ പരാതിയിൽ ഒരു കഴമ്പുമില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയാണ് ശ്വേത. അത് ഉദ്ദേശിച്ചാണോ ഈ പരാതിയെന്ന് അറിയില്ല. പരാതിയിൽ പറയുന്ന സിനിമകളൊക്കെ റിലീസായിട്ട് വർഷങ്ങളായി.
പെട്ടന്നൊരു സുപ്രഭാതത്തിലാണ് ഇങ്ങനെയൊരു കേസ് വരുന്നതെന്നും ദേവൻ പറഞ്ഞു. പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ശ്വേതയുടെ ഇമേജിനെ വികൃതമാക്കാൻ വേണ്ടിയുള്ളതാണ്. മനഃപൂർവം ചെയ്യുന്ന കാര്യമാണിതെന്നും ദേവൻ കൂട്ടിച്ചേർത്തു.
അശ്ലീല സിനിമകളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതാണ് ശ്വേത മേനോനെതിരെ ഉന്നയിക്കപ്പെട്ട പരാതി. സിജെഎം കോടതി മുമ്പാകെയാണ് ഈ പരാതി ആദ്യമെത്തിയത്. കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരുന്നത്.
Content Highlights: Actor Devan backs Shwetha Menon, calling the obscenity lawsuit against her baseless





English (US) ·