19 May 2025, 08:19 PM IST

മുഹമ്മദ് ഷമിയും യോഗി അദിത്യനാഥും | X.com/@myogiadityanath
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. തിങ്കളാഴ്ച യോഗി ആദിത്യനാഥിന്റെ വസതിയിലെത്തിയാണ് ഷമി അദ്ദേഹത്തെ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ യോഗി ആദിത്യനാഥ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഷമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് താരത്തിന്റെ കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം.
നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇന്ത്യന്‍ പേസറുടെ ആലോചനയെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേരത്തേ ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റ് മാത്രമാണ് താരം നേടിയത്. മാത്രമല്ല ഹൈദരാബാദ് ഐപിഎല്ലില്‍ നിന്ന് പുറത്താവുകയും ചെയ്തു. തിങ്കളാഴ്ച ലഖ്‌നൗവിനെതിരായ മത്സരത്തിലും ഷമിക്ക് ആദ്യപതിനൊന്നില്‍ ഇടംപിടിക്കാനായിരുന്നില്ല. അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ താരം കളിക്കുമോയെന്നും ഉറപ്പില്ല. മികച്ച ഫോമിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ. 2023 ല്‍ ഓസീസിനെതിരേ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.
Content Highlights: India Pacer Mohammed Shami Meets UP Chief Minister Yogi Adityanath








English (US) ·