Published: October 18, 2025 05:44 PM IST
1 minute Read
മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡിനും ബംഗാളിനും മുംബൈയ്ക്കും തകർപ്പൻ ജയം. ഇന്നിങ്സിനും 114 റൺസിനുമാണ് മുൻ ചാംപ്യന്മാരായ തമിഴ്നാടിനെ ജാർഖണ്ഡ് തോൽപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ (173) സെഞ്ചറിക്കരുത്തിൽ 419 റൺസെടുത്ത ജാർഖണ്ഡിനെതിരെ തമിഴ്നാട് 93 റൺസിനു ഓൾഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ജതിൻ പാണ്ഡെയും നാല് വിക്കറ്റെടുത്ത സഹിൽ രാജുമാണ് തമിഴ്നാടിനെ തകർത്തത്. തുടർന്നു ഫോളോ ഓൺ ചെയ്ത തമിഴ്നാട്, രണ്ടാം ഇന്നിങ്സിൽ 212 റൺസിനു ഓൾഔട്ടാകുകയായിരുന്നു. ഇഷാൻ കിഷനാണ് കളിയിലെ താരം. സ്കോർ: ജാർഖണ്ഡ്: 419-10, തമിഴ്നാട്: 93-10, 212-10.
ഉത്തരാഖണ്ഡിനെതിരെ എട്ടു വിക്കറ്റിനാണ് ബംഗാളിന്റെ ജയം. രണ്ടാം ഇന്നിങ്സിൽ ഉത്തരാഖണ്ഡ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ബംഗാൾ നേടുകയായിരുന്നു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ്(71*) മുന്നിൽനിന്നു നയിച്ചത്. ബംഗാളിനായി ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റും വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം. സ്കോർ: ഉത്തരാഖണ്ഡ്: 213-10, 265-10, ബംഗാൾ: 323-10, 156-2
ജമ്മു കശ്മീരിനെതിരെ 35 റൺസിനാണ് മുംബൈയുടെ വിജയം. രണ്ടാം ഇന്നിങ്സിൽ മുംബൈ ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു കശ്മീർ 207 റൺസിനു ഓൾഔട്ടാകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് മുംബൈയുടെ വിജയശിൽപി. ആദ്യ ഇന്നിങ്സിൽ രണ്ടു വിക്കറ്റു ഷംസ് മുലാനി വീഴ്ത്തിയിരുന്നു. സ്കോർ: മുംബൈ: 386-10, 181-10, ജമ്മു കശ്മീർ: 325-10, 207-10
മറ്റൊരു മത്സരത്തിൽ, രാജ്യാന്തര താരം റിങ്കു സിങ്ങിന്റെ (273 പന്തിൽ 165*) സെഞ്ചറിക്കരുത്തിൽ ആന്ധ്രപ്രദേശിനെതിരെ ഉത്തർപ്രദേശ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. മത്സരം സമനിലയിൽ പിരിഞ്ഞു. ഒന്നാം ഇന്നിങ്സിൽ ആന്ധ്ര 470 റൺസിനു പുറത്തായപ്പോൾ, ഉത്തർപ്രദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 471 റൺസെടുത്തു. റിങ്കുവിന്റെ സെഞ്ചറിയും മാധവ് കൗശിക് (54), ആര്യൻ ജുവൽ (66) എന്നിവരുടെ അർധസെഞ്ചറിയുമാണ് നിർണായക ലീഡ് നേടാൻ യുപിയെ സഹായിച്ചത്.
കർണാടക– സൗരാഷ്ട്ര മത്സരവും പഞ്ചാബ്– മധ്യപ്രദേശ് മത്സരവും ഡൽഹി ഹൈദരാബാദ് മത്സരവും സമനിലയിൽ പിരിഞ്ഞു. കർണാടക ബോളർ ശ്രേയസ് ഗോപാൽ രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ എട്ടും രണ്ടാം ഇന്നിങ്സിൽ മൂന്നും. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പാട്ടീദാറിന്റെ (205*) ബാറ്റിങ് കരുത്തിലാണ് പഞ്ചാബിനെ സമനിലയിൽ തളച്ചത്. പാട്ടീദാറാണ് കളിയിലെ താരവും. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചറിയും നേടിയ ഡൽഹി ഓപ്പണർ സനത് സാങ്‍വാനാണ് ഡൽഹി– ഹൈദരാബാദ് മത്സരത്തിലെ താരം. ഹൈദരാബാദ് ക്യാപ്റ്റൻ തിലക് വർമ ആദ്യ ഇന്നിങ്സിൽ ‘സംപൂജ്യനായി’ പുറത്തായി. ഡൽഹി ബോളർ ആയുഷ് ബദോനി തിലകിന്റെ അടക്കം ആറു വിക്കറ്റ് വീഴ്ത്തി.
English Summary:








English (US) ·