അഹമ്മദാബാദ് ∙ വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം റൗണ്ട് മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, 40.1 ഓവറിൽ 167 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 47 റൺസിന്റെ തോൽവി. 42 റൺസെടുത്ത എൻ.എം.ഷറഫുദ്ദീനും 30 റൺസെടുത്ത സൽമാൻ നിസാറും മാത്രമാണ് കേരളത്തിനു വേണ്ടി അൽപമെങ്കിലും പൊരുതിയത്.
മൂന്നു വിക്കറ്റ് വീഴ്ത്തിയ ശുഭം ശർമ, രണ്ടു വീതം വിക്കറ്റെടുത്ത സരാൻഷ് ജെയ്ൻ, ശിവങ് കുമാർ എന്നിവരാണ് കേരളത്തെ തകർത്തത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ കർണാടകയോടും തോറ്റിരുന്നു. ആദ്യ മത്സരത്തിൽ ത്രിപുരയ്ക്കെതിരെ മാത്രമാണ് കേരളത്തിനു വിജയിക്കാനായത്.
മൂന്നു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുള്ള കേരളം, ഗ്രൂപ്പ് എയിൽ നാലാമതാണ്.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ തന്നെ കേരളത്തിനു പിഴച്ചു. രണ്ടാം ഓവറിൽ ഓപ്പണർ കൃഷ്ണപ്രസാദിനെ(7 പന്തിൽ 4) നഷ്ടമായി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ അങ്കിത് ശർമ (19 പന്തിൽ 13), ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ (25 പന്തിൽ 19) എന്നിവരുടെ വിക്കറ്റും വീണു. പിന്നീടു വന്നവർക്കാർക്കും ഏറെ നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല.
ബാബ അപരാജിത് (24 പന്തിൽ 9), സൽമാൻ നിസാർ (57 പന്തിൽ 30), മുഹമ്മദ് അസഹ്റുദ്ദീൻ (36 പന്തിൽ 15), വിഷ്ണു വിനോദ് (21 പന്തിൽ 20), ഏദൻ ആപ്പിൾ ടോം (7 പന്തിൽ 2), മുഹമ്മദ് ഷറഫുദ്ദീൻ (29 പന്തിൽ 42), എം.ഡി.നിധീഷ് (0), വിഘ്നേഷ് പുത്തൂർ (16 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. പത്താം വിക്കറ്റിൽ ഷറഫുദ്ദീനും വിഘ്നേഷ് പുത്തൂരും ചേർന്നു 49 റൺസ് കൂട്ടിച്ചേർത്താണ് കേരള ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ടത്. കേരളത്തിന്റെ സ്കോർ 150 കടത്തിയതും ഷറഫുദ്ദീന്റെ ഒറ്റയാൾ പ്രകടനമാണ്. പക്ഷേ വിജയത്തിലേക്ക് അതു പോരായിരുന്നു.
∙ അങ്കിതിന് 4 വിക്കറ്റ്
ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അങ്കിത് ശർമ, മൂന്നു വിക്കറ്റെടുത്ത ബാബ അപരാജിത് എന്നിവരുടെ ബോളിങ്ങാണ് മധ്യപ്രദേശിനെ താരതമ്യേന ചെറിയ സ്കോറിലൊതുക്കിയത്. അർധസെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹിമാൻഷു മന്ത്രി (105 പന്തിൽ 93), വാലറ്റത്ത് പൊരുതിയ ത്രിപുരേഷ് സിങ് (25 പന്തിൽ 37) എന്നിവരാണ് മധ്യപ്രദേശിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ടോസ് നേടിയ കേരള ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ, വെങ്കടേഷ് അയ്യരെയും സംഘത്തെയും ബാറ്റിങ്ങിനു വിടുകയായിരുന്നു. ആ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു കേരളത്തിന്റെ ബോളിങ്. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ മധ്യപ്രദേശിന്റെ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ യഷ് ദുബെെയ (30 പന്തിൽ 13) അങ്കിത് ശർമ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് തന്റെ അടുത്തടുത്ത രണ്ടു ഓവറുകളിൽ കൂടി അങ്കിത് ശർമ ബാറ്റർമാരുടെ കുറ്റിത്തെറിപ്പിച്ചതോടെ മധ്യപ്രദേശിന്റെ നില പരുങ്ങലിലായി. ഹർഷ് ഗവാലി (36 പന്തിൽ 22), ശുഭം ശർമ (6 പന്തിൽ 3) എന്നിവരെയാണ് അങ്കിത് മടക്കിയത്. ഇതോടെ 3ന് 51 എന്ന നിലയിലായി മധ്യപ്രദേശ്.
പിന്നീട് ക്യാപ്റ്റൻ വെങ്കടേഷ് അയ്യരും ഹിമാൻഷവും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും 19–ാം ഓവറിൽ വെങ്കടേഷ് (16 പന്തിൽ8) റണ്ണൗട്ടായി. രാഹുൽ ബാതം (8 പന്തിൽ 3), സരാൻഷ് ജെയ്ൻ (16 പന്തിൽ 9), ശിവങ് കുമാർ (0), ആര്യൻ പാണ്ഡെ (25 പന്തിൽ 15) എന്നിവരെയും അങ്കിതും ബാബ അപരാജിതും ചേർന്നു മടക്കിയതോടെ 8നു 144 എന്ന നിലയിലായി മധ്യപ്രദേശ്. ഒൻപതാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്ത ഹിമാൻഷു– ത്രിപുരേഷ് സഖ്യമാണ് മധ്യപ്രദേശ് സ്കോർ 200 കടത്തിയത്.
അർഹിച്ച സെഞ്ചറിക്ക് ഏഴു റൺസകലെ ഹിമാൻഷുവിനെ വീഴ്ത്തിയ ഏദൻ ആപ്പിൾ ടോമാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ത്രിപുരേഷിനെ എം.ഡി.നിധീഷും വീഴ്ത്തിയതോടെ മധ്യപ്രദേശ് ഇന്നിങ്സിന് അവസാനമായി. ഹിമാൻഷു മന്ത്രി ഏഴു ഫോറടിച്ചപ്പോൾ ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ത്രിപുരേഷിന്റെ ഇന്നിങ്സ്.
English Summary:








English (US) ·