
ആട്-3 യുടെ പൂജാ ചടങ്ങിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആട്-ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് മൂന്നാംഭാഗം വരുന്നു. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചത്. ശനിയാഴ്ച്ച രാവിലെ കൊച്ചി കലൂരിലുള്ള ഐഎംഎ ഹാളിൽ വച്ച് ആട് -3 എന്ന ചിത്രത്തിൻ്റെ തിരിതെളിഞ്ഞു.
ആട് സീരിസിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ രൺജി പണിക്കർ ആദ്യ തിരി കൊളുത്തി. ചിത്രത്തിലെ അഭിനേതാക്കളും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. നടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിന് തുടക്കമിട്ടു.
ആട് ചിത്രീകരണം നടക്കുമ്പോൾ താൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷേ ആട് തുടങ്ങിയപ്പോൾ താൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദീൻ ആശംസകൾ നേർന്നു പറഞ്ഞു. വലിയ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രത്തിന് എല്ലാ ആശംസകളും ഉണ്ണി മുകുന്ദനും നേർന്നു. താനവതരിപ്പിച്ച മാർക്കോ എന്ന നെഗറ്റീവ് കഥാപാത്രത്തെ ഹീറോ ആക്കി അവതരിപ്പിക്കാൻ ആൻ്റോ ജോസഫ് അനുവാദം തന്നതും മാർക്കോ വലിയ വിജയമായ അനുഭവവും ഉണ്ണി മുകുന്ദൻ പങ്കിട്ടു
ഷാജി പാപ്പൻ, അറക്കൽ അബു തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയസൂര്യ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ഭഗത് മാനുവൽ, നോബി, നെൽസൺ, ആൻസൻ പോൾ, ചെമ്പിൽ അശോകൻ, ശ്രിന്ദ, ഡോ. റോണി രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. തന്നേക്കൂടി പങ്കാളിയാക്കി തോമസ് തിരുവല്ല നിർമ്മിച്ച ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിൻ്റെ ഔദ്യോഗിക അനൗൺസ്മെൻ്റ് സൈജു കുറുപ്പ് നടത്തി. തോമസ് തിരുവല്ലയും സന്നിഹിതനായിരുന്നു.
സംവിധായകനായ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തെക്കുറിച്ച് ആമുഖമായി സംസാരിച്ചത്. ഒരു പരാജയ ചിത്രത്തിൽ നിന്നുമാണ് ആട് - 2 ഒരുക്കാൻ തീരുമാനിച്ചത്. ആട് - 2 വലിയ വിജയം തന്നു. വിജയ ചിത്രങ്ങൾക്കാണ് ഇത്തരത്തിൽ 'ഒന്നിലധികം സീരീസുകൾ ഉണ്ടാകാറുള്ളത്. ഇവിടെ ആദ്യ ചിത്രം പരാജയപ്പെട്ടിടുത്തു നിന്നുമാണ് മൂന്നാം ഭാഗത്തിൽ എത്തിയിരിക്കുന്നത്. ഇത് ഒരുപക്ഷേ സിനിമാ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് മിഥുൻ പറഞ്ഞത്.
ആട് ഒന്നും രണ്ടും ഭാഗങ്ങളിലെ എല്ലാ അഭിനേതാക്കളും മൂന്നാം ഭാഗത്തിലുമുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളുമുണ്ടന്ന് മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി. ഫാൻ്റസി, ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു മാസ് എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കും ഈ ചിത്രത്തിനുണ്ട്. നൂറ്റിഇരുപതോളം ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ചിത്രീകരണം.
മെയ് പതിനഞ്ചിന് പാലക്കാട്ടാണ് ചിത്രീകരണം ആരംഭിക്കുന്നത്. മൂന്നു ഷെഡ്യൂളുകളോടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയാകുന്നതെന്ന് വിജയ് ബാബു അറിയിച്ചു.
വിനായകൻ, അജു വർഗീസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ഹരികൃഷ്ണൻ, വിനീത് മോഹൻ, ഉണ്ണി രാജൻ പി.ദേവ്, എന്നിവരും ആടിലെ പ്രധാന താരങ്ങളാണ്.
സംഗീതം ഷാൻ റഹ്മാൻ. ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിംഗ് - ലിജോ പോൾ. കലാസംവിധാനം - അനീസ് നാടോടി. മേക്കപ്പ് - റേണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ -സ്റ്റെഫി സേവ്യർ. പബ്ലിസിറ്റി ഡിസൈൻ -കോളിൻസ്. സ്റ്റിൽസ് -വിഷ്ണു എസ്. രാജൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വിനയ് ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി. സുശീലൻ.
പടക്കളം ടീം ആട് വേദിയിൽ
രണ്ടുദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. സംവിധായകൻ മനുസ്വരാജ്, അഭിനേതാക്കളായ ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ്, സാഫ്, നിരഞ്ജനാ അനൂപ്, അരുൺ അജികുമാർ, അരുൺ പ്രദീപ് എന്നിവരും ആട്-3 പൂജാ വേളയിൽ അണിനിരന്നു. പടക്കളം വിജയാഘോഷത്തിന്റെ സൂചകമായി കേക്കുമുറിച്ച് മധുരം പങ്കിട്ടുകൊണ്ടാണ് ചടങ്ങ് പൂർത്തിയായത്. PRO -വാഴൂർ ജോസ്.
Content Highlights: Aadu 3, the highly anticipated 3rd installment of the hilarious Aadu franchise, begins filming
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·