ഷാഹിദ് അഫ്രീദി മതംമാറാന്‍ നിരന്തരം ആവശ്യപ്പെട്ടു, കളിക്കാരും ബുദ്ധിമുട്ടിച്ചു- ഡാനിഷ് കനേരിയ

10 months ago 8

danish-kaneria-shahid-afridi-religious-conversion

ഡാനിഷ് കനേരിയ, ഷാഹിദ് അഫ്രീദി | Photo: ANI, AP

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍താരം ഡാനിഷ് കനേരിയ. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് 44-കാരനായ കനേരിയയുടെ വെളിപ്പെടുത്തല്‍.

2000 മുതല്‍ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഡാനിഷ് കനേരിയ, അനില്‍ ദല്‍പത്തിനു ശേഷം പാക് ദേശീയ ടീമില്‍ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനായിരുന്നു. 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റും 18 ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.

പാകിസ്താനില്‍ ബഹുമാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോയതെന്നും ഈ മുന്‍ ലെഗ് സ്പിന്നര്‍ വ്യക്തമാക്കി. ''പാകിസ്താനില്‍ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. എന്റെ കരിയര്‍ നശിപ്പിക്കപ്പെട്ടു. അവിടെ എനിക്ക് അര്‍ഹമായ ബഹുമാനവും തുല്യതയും ലഭിച്ചില്ല. ഈ വിവേചനം കാരണം ഞാന്‍ ഇന്ന് യുഎസിലാണ്. ഞങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസിനെ അറിയിക്കാനാണ് ഞാന്‍ സംസാരിച്ചത്'', കനേരിയ വ്യക്തമാക്കി.

കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി നിരന്തരം തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് കനേരിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇന്‍സമാം ഉള്‍ ഹഖ് മാത്രമാണ് തന്നെ പിന്തുണച്ചതെന്നും താരം പറഞ്ഞിരുന്നു.

''കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളാണ് ഞാന്‍. കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇന്‍സമാം-ഉള്‍-ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റന്‍ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷുഐബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാക് കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചിരുന്നു. അവര്‍ എന്നോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല. മതം മാറണമെന്ന് എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇന്‍സമാം-ഉള്‍-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല'', കനേരിയ വ്യക്തമാക്കി.

2012-ല്‍ ഒത്തുകളി വിവാദത്തില്‍ കുറ്റക്കാരനാണെന്ന് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് കനേരിയക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Content Highlights: Former Pakistan cricketer Danish Kaneria reveals Shahid Afridi repeatedly urged him to convert

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article