Published: July 01 , 2025 09:18 AM IST
1 minute Read
-
ജസ്പ്രീത് ബുമ്ര കളിച്ചില്ലെങ്കിൽ അർഷ്ദീപ് സിങ്ങിന് അവസരം
-
ജോഫ്ര ആർച്ചറുടെ മടങ്ങിവരവ് വൈകും
ബർമിങ്ങാം∙ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനോടു തോറ്റതു വിർമശിക്കപ്പെട്ടപ്പോൾ, ടീമിൽ അഴിച്ചുപണി നടത്തില്ലെന്നും കളിക്കാർക്ക് കൂടുതൽ സമയം നൽകണമെന്നും പറഞ്ഞ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ നിലപാട് മാറ്റുകയാണോ? രണ്ടാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ, ഇന്ത്യൻ ബോളിങ് നിരയിൽ കാര്യമായ അഴിച്ചുപണി നടത്തിയേക്കുമെന്നാണ് സൂചന. ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറിനു പകരം സ്പിന്നർ കുൽദീപ് യാദവിനെ ഉൾപ്പെടുത്തിയേക്കും. ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചാൽ ഇടംകൈ പേസർ അർഷ്ദീപ് സിങ്ങിന് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരം ലഭിക്കും.
കുൽദീപിൽ പ്രതീക്ഷ
ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം മുതൽ പിച്ചിൽ കാര്യമായ ടേൺ ഉണ്ടായിരുന്നെങ്കിലും ടീമിലെ ഏക സ്പിന്നറായ രവീന്ദ്ര ജഡേജയ്ക്ക് അത് ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. പിന്നാലെ ഇന്ത്യ രണ്ടു സ്പിന്നർമാരെ കളിപ്പിക്കണമായിരുന്നു എന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടു. ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറിനു പകരം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും ആവശ്യം. ഓഫ് സ്പിന്നർമാർക്ക് ഇംഗ്ലണ്ടിലെ പിച്ചുകളിൽ നേട്ടമുണ്ടാക്കുന്നതിന് പരിമിതി ഉണ്ടെങ്കിലും ചൈനാമാൻ സ്പിന്നറായ കുൽദീപ് നിരാശപ്പെടുത്തില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ 2018ൽ ഇംഗ്ലണ്ടിൽ ടെസ്റ്റ് കളിച്ച കുൽദീപിന് മത്സരത്തിൽ വിക്കറ്റ് നേടാൻ സാധിച്ചിരുന്നില്ല. അതിനാൽ കുൽദീപിനെ പരിഗണിക്കേണ്ടതില്ലെന്നും ഷാർദൂലിനു പകരം നിതീഷ് കുമാർ റെഡ്ഡി വരുന്നതാണ് ഉചിതമെന്നും കരുതുന്നവരുണ്ട്.
ബുമ്ര ഇല്ലെങ്കിൽ
ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി പേസർ ജസ്പ്രീത് ബുമ്ര പരമ്പരയിൽ പരമാവധി 3 മത്സരങ്ങൾ മാത്രമേ കളിക്കൂവെന്ന് ആദ്യം തന്നെ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിക്കാനുള്ള സാധ്യത മങ്ങി. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസ് നിര ഏറക്കുറെ പൂർണമായും ആശ്രയിച്ചത് ബുമ്രയെ ആയിരുന്നു. രണ്ടാം ടെസ്റ്റിൽ നിന്ന് ബുമ്ര വിട്ടുനിന്നാൽ ടീമിന്റെ പേസ് അറ്റാക്ക് ദുർബലമാകും. ബുമ്രയുടെ അഭാവത്തിൽ യുവ പേസർ അർഷ്ദീപ് സിങ്ങിന് അവസരം ലഭിച്ചേക്കും. ടെസ്റ്റിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും കൗണ്ടി ക്രിക്കറ്റിലൂടെ ഇംഗ്ലണ്ടിൽ ആവശ്യത്തിനുള്ള മത്സരപരിചയം അർഷ്ദീപ് നേടിയിട്ടുണ്ട്. ഇടംകൈ പേസർ ആണെന്നതും അർഷ്ദീപിനു മുൻതൂക്കം നൽകുന്നു.
മാറ്റമില്ലാതെ ഇംഗ്ലണ്ട്; ആർച്ചറില്ല
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിലെ അതേ ടീമിനെ ഇംഗ്ലണ്ട് നിലനിർത്തി. പേസ് ബോളർ ജോഫ്ര ആർച്ചർ ടീമിൽ തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ആർച്ചർ ക്യാംപിൽ എത്തിയില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
English Summary:








English (US) ·