ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം; സ്വർണം ‘വെടിവച്ചിട്ട്’ കമൽജീത്, സുരുചി; റൈഫിൾ ടീം ഇനത്തിൽ വെള്ളി

1 hour ago 1

ഓൺലൈൻ ഡെസ്‌ക്

Published: September 25, 2026 09:38 AM IST Updated: September 25, 2026 10:12 AM IST

1 minute Read

സുരുചി ഇന്ദർ, കമൽജീത് (X/@India_AllSports)
സുരുചി ഇന്ദർ, കമൽജീത് (X/@India_AllSports)

നഗോയ∙ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിൽ 10മീ എയർ പിസ്റ്റൾ മിക്സ്ഡ് ടീം ഇനത്തിൽ കമൽജീത്, സുരുചി ഇന്ദർ എന്നിവരാണ് സുവർണ നേട്ടം സ്വന്തമാക്കിയത്. 50 മീ റൈഫിൾ ടീം ഇനത്തിൽ രുദ്രാൻഷ് പാട്ടീൽ, നീരജ് കുമാർ, എ.പി.എസ്.തോമർ എന്നിവർ വെള്ളിയും സ്വന്തമാക്കി. ആറാം ദിനത്തിലെ ഇരട്ടമെഡൽ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 19 ആയി. റാങ്കിങ്ങിൽ 12–ാം സ്ഥാനത്തേയ്ക്കു കയറുകയും ചെയ്തു. വ്യക്തിഗത ഇനങ്ങളിലെ നിരാശാജനകമായ പ്രകടനങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കമൽജീത്തും സുരുചിയും സ്വർണം ‘വെടിവച്ചിട്ടത്’. ഫൈനലിൽ, 484.6 എന്ന ആകെ സ്കോറോടെയാണ് കമൽജീതും സുരുചിയും ഒന്നാമതെത്തിയത്. ദക്ഷിണ കൊറിയയുടെ സുഹ്യോൺ ഹോങ് - ഗായുൻ ചൂ സഖ്യം (478.0 സ്കോർ) രണ്ടാം സ്ഥാനം നേടി. 415.8 സ്കോറോടെ ഇറാൻ വെങ്കലം സ്വന്തമാക്കി

What you should work next

യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയാണ് കമൽജീതും സുരുചിയും ഫൈനലിലേക്ക് കുതിച്ചത്. ആദ്യ സീരീസിൽ 196 പോയിന്റ് നേടിയ ഇന്ത്യൻ സഖ്യം, രണ്ടാം സീരീസിൽ 195 പോയിന്റ് കൂടി നേടി ആകെ സ്കോർ 391ൽ എത്തിച്ചു. ഇതോടെ കേവലം 20 ഷോട്ടുകൾ മാത്രം ബാക്കിനിൽക്കെ ഫൈനൽ യോഗ്യത ഉറപ്പാക്കാൻ ഇവർക്ക് സാധിച്ചു. മൂന്നാം സീരീസിൽ 196 പോയിന്റ് കൂടി അക്കൗണ്ടിലാക്കിയതോടെ ആകെ സ്കോർ 587 ആയി ഉയർന്നു. ഇതുവരെയുള്ള ഷൂട്ടിങ് മത്സരങ്ങളിൽ നിരാശ മാത്രമായിരുന്നു ഫലമെന്നതിനാൽ, 10 മീറ്റർ എയർ പിസ്റ്റൾ ഇനങ്ങളിൽ മെഡൽ നേടാനുള്ള ഇന്ത്യയുടെ അവസാന അവസരമായിരുന്നു ഇത്. വ്യക്തിഗത യോഗ്യതാ റൗണ്ടിൽ കമൽജീത് ഒൻപതാം സ്ഥാനത്തും സുരുചി 26-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇരുവർക്കും ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. കൂടാതെ പുരുഷ-വനിതാ ടീം ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡലുകൾ നഷ്ടമായിരുന്നു.

രുദ്രാൻഷ് പാട്ടീൽ, നീരജ് കുമാർ, എ.പി.എസ്.തോമർർ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ 1762 സ്കോറോടെയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 1766 പോയിന്റുമായി ചൈന ഈ ഇനത്തിൽ സ്വർണവും, 1751 പോയിന്റുമായി ദക്ഷിണ കൊറിയ വെങ്കലവും നേടി. വ്യക്തിഗത ഇനത്തിൽ തോമർ (589), നീരജ് (588) എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ, ഒരു രാജ്യത്തുനിന്ന് രണ്ട് ഷൂട്ടർമാർക്ക് മാത്രമേ വ്യക്തിഗത ഫൈനലിൽ പ്രവേശിക്കാൻ കഴിയൂ എന്ന നിയമം നിലവിലുള്ളതിനാൽ രുദ്രാൻഷിന് ഫൈനലിൽ ഇടം നേടാനായില്ല.

English Summary:

Asian Games 2026 Day 6 LIVE Updates

Read Entire Article