മുംബൈ∙ ട്വന്റി20 ലോകകപ്പ് തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കെയാണ് ടൂർണമെന്റിനായി ഇന്ത്യയിലേക്ക് വരില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് നിലപാടെടുത്ത്. ഫെബ്രുവരി ഏഴു മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്. ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിന്ന് ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചതാണ് ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബിസിബി സ്വീകരിച്ചത്. ഇന്ത്യ– ബംഗ്ലദേശ് നയതന്ത്ര ബന്ധം വഷളായതിനു പിന്നാലെ മുസ്തഫിസുറിനെ ഐപിഎലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനോട് ബിസിസിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കിയതായി കൊൽക്കത്ത അറിയിച്ചു. ഇതാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്. തങ്ങളുടെ ഒരു താരത്തിന് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബിസിസിഐക്കു സാധിക്കില്ലെങ്കിൽ ട്വന്റി20 ലോകകപ്പിനു വരുന്ന ടീമിനു മുഴുവൻ എങ്ങനെ സുരക്ഷ ഒരുക്കുമെന്ന് ബിസിബി ചോദിച്ചു. അതുകൊണ്ട് തന്നെ ഇന്ത്യയിലേക്കു വരാൻ തയാറല്ലെന്നും ഗ്രൂപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഐസിസിക്ക് കത്ത് നൽകുകയും ചെയ്തു.
ബിസിസിഐ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ബംഗ്ലദേശിന്റെ ആവശ്യം തുറന്ന സമീപനത്തോടെ പരിഗണിക്കാനാണ് ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്. നിലവിൽ ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്. ഫൈനലിനടക്കം രണ്ടു വേദികൾ നിശ്ചയിച്ചിട്ടുമുണ്ട്. മാസങ്ങൾക്കു മുൻപേ തന്നെ ഇന്ത്യയിലേക്കില്ലെന്ന നിലപാട് പാക്കിസ്ഥാൻ അറിയിച്ചതിനാലാണ് ഇത്തരത്തിൽ ക്രമീകരണം നടത്തിയത്. എന്നാൽ ബംഗ്ലദേശ് അവസാനനിമിഷം ഇങ്ങനെ നിലപാടെടുക്കുന്നതാണ് ഐസിസിയെ കുഴയ്ക്കുന്നത്.
∙ പൊളിച്ചു തുടങ്ങി?വിഷയത്തിൽ ബിസിസിഐയുടെ നിലപാടും നിർണായകമാകും. അവസാനനിമിഷം ഷെഡ്യൂൾ പൊളിക്കുന്നതിനു ബിസിസിഐ സമ്മതിക്കില്ലെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ മത്സരക്രമം പുനഃക്രമീകരിക്കാൻ ഐസിസി ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. എങ്കിലും ബിസിസിഐയുമായും ബിസിബിയുമായും ചർച്ച നടത്തിയാകും അന്തിമതീരുമാനമെടുക്കുന്നത്.
നിലവിലെ ഷെഡ്യൂൾ പ്രകാരം ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഇതിൽ മൂന്നെണ്ണം കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിൻഡീസ് (ഫെബ്രുവരി 7), ഇറ്റലി (ഫെബ്രുവരി 9), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവർക്കെതിരെയാണ് കൊൽക്കത്തയിലെ മത്സരങ്ങൾ. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബൈയിലെ മത്സരം. ഈ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയാൽ ബിസിസിഐക്കും അതതു വേദികളിലെ ഗ്രൗണ്ട് ലെവൽ വരുമാനത്തിലും വാണിജ്യ മേഖലയ്ക്കും കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
∙ നഷ്ടക്കണക്ക്ഈഡൻ ഗാർഡൻസിൽ ഏകദേശം 63,000 ആണ് സീറ്റിങ് കപ്പാസിറ്റി, വാങ്കഡെയിൽ ഏകദേശം 33,000 പേർക്ക് ഇരിക്കാം. അങ്ങനെ, ബംഗ്ലദേശിന്റെ നാല് മത്സരങ്ങൾക്ക് കൂടി ഏകദേശം 2.2 ലക്ഷം സീറ്റുകളുടെ ടിക്കറ്റ് വിൽപന സാധ്യതയാണുള്ളത്. എന്നാൽ ലോകകപ്പ് ടൂർണമെന്റിന്റെ വരുമാനത്തിൽ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്നത് ചെറിയൊരു അംശം മാത്രമാണ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ അടിസ്ഥാന ടിക്കറ്റ് വില 100 രൂപ ആരംഭിക്കുമെന്നാണ് ഐസിസി നേരത്തെ പ്രഖ്യാപിച്ചത്. വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, ബംഗ്ലദേശ്– ഇറ്റലി മത്സരത്തിന് 100 രൂപ, ബംഗ്ലദേശ് – വെസ്റ്റിൻഡീസ് മത്സരത്തിന് 300 രൂപ, ബംഗ്ലദേശ്– നേപ്പാൾ മത്സരത്തിന് 250 രൂപ എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയിലെ ഐസിസി മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകളുടെ ഉടമസ്ഥാവകാശം ഐസിസി ബിസിനസ് കോർപറേഷനാണ് (ഐബിസി). ബിസിസിഐയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത് എന്നുമാത്രം. എന്നാൽ ടിക്കറ്റ് ഇതര വരുമാനമാണ് ബിസിസിഐക്ക് കൂടുതലായും ലഭിക്കുക. ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു പകരം ഈ വേദികളിൽ പകരം മത്സരങ്ങൾ വച്ചില്ലെങ്കിൽ സ്റ്റേഡിയം വരുമാന ഇനത്തിൽ അതതു അസോസിയേഷനുകൾക്കും ബിസിസിഐക്കും കനത്ത നഷ്ടമുണ്ടാകും. ഗേറ്റ് രസീത് ഇനത്തിൽ 7 മുതൽ 30 കോടി രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സ്റ്റേഡിയത്തിലെത്തുന്നവരുടെ എണ്ണം, ടിക്കറ്റ് നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത്.
ബംഗ്ലദേശിന്റെ മത്സരങ്ങൾക്കു പകരം മറ്റു മത്സരങ്ങൾ ഇതേ വേദിയിൽ സംഘടിപ്പിച്ചാൽ വരുമാന നഷ്ടം കുറയ്ക്കാനാകും. എന്നാൽ ഓരോ ടീമിന്റെയും മത്സരങ്ങൾ കാണാൻ എത്തുന്നവരുടെ കണക്ക് വ്യത്യസ്തമാകും. ബംഗ്ലദേശ്–ഇറ്റലി മത്സരത്തേക്കാൾ കാണികൾ എത്തുക ഒരുപക്ഷ ബംഗ്ലദേശ്– ഇംഗ്ലണ്ട് മത്സരം കാണാനാകും. ബംഗ്ലദേശിന്റെ മൂന്നു മത്സരങ്ങൾ കൊൽക്കത്തയിലാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്നതും പ്രധാനമാണ്. അതിർത്തിക്കു സമീപമായതിനാൽ കൂടുതൽ ആളുകൾക്ക് മത്സരം കാണാൻ ഇതു സൗകര്യപ്രദമായിരുന്നു. വാണിജ്യപരമായും ഇത് ഇന്ത്യയ്ക്ക് വൻ നേട്ടമാകുമായിരുന്നു. എന്നാൽ മത്സരങ്ങൾ മാറ്റിയാൽ ഹോട്ടൽ ബുക്കിങ്, വാഹനങ്ങൾ, റസ്റ്ററന്റുകൾ മേഖലകളിൽ നഷ്ടമുണ്ടാകും. നികുതി ഇനത്തിൽ സംസ്ഥാന/കേന്ദ്ര സർക്കാരുകൾക്കും നഷ്ടമുണ്ട്.
English Summary:








English (US) ·