ഷൈനിയെ ഒഴിച്ചുനിര്‍ത്തി നമുക്കൊരു സ്‌പോര്‍ട്‌സ് ചരിത്രമില്ല; ട്രാക്കിലെ പെണ്‍പുലി

7 months ago 9

shiny wilson

ഷൈനി വിൽസൺ | ഫോട്ടോ - മാതൃഭൂമി

നെറ്റിയിലേക്ക് വാര്‍ന്നുകിടന്ന ചുരുള്‍മുടി ഒരു കൈക്കൊണ്ട് മാടിയൊതുക്കി, മറുകൈയില്‍ സ്‌പൈക്‌സുമായി മെഡിക്കല്‍ കോളേജ് മൈതാനത്തിന്റെ സിമന്റുപടവുകളിറങ്ങിവരുന്ന ഷൈനിയുടെ ചിത്രം ഓര്‍മ്മയിലുണ്ട്. ഷൈനി എബ്രഹാമായിരുന്നു അന്ന്; ഷൈനി വില്‍സനായിട്ടില്ല.

സിനിമാതാരങ്ങളോളം, ഒരു പക്ഷേ അവരെക്കാള്‍, കായികതാരങ്ങളോട് ആരാധനയുണ്ടായിരുന്ന കാലം. പത്രം കിട്ടിയാല്‍ ആദ്യം അരിച്ചുപെറുക്കുക സ്‌പോര്‍ട്‌സ് പേജാണ്. വെട്ടി സൂക്ഷിക്കുക സ്‌പോര്‍ട്‌സ് താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും. പെനാല്‍റ്റി ഏരിയക്ക് ചുറ്റും കഴുകനെപ്പോലെ വട്ടമിട്ടുപറക്കുന്ന സേവ്യര്‍ പയസ്സുമാരും നജീമുദ്ദീന്‍മാരും ഹര്‍ഡിലിന് മുകളിലൂടെ ഒഴുകിപ്പോകുന്ന പി.ടി. ഉഷമാരും വത്സമ്മമാരും പന്തിനു മുകളില്‍ പറന്നുയര്‍ന്ന് എതിര്‍ കോര്‍ട്ടിലേക്ക് സ്മാഷുകള്‍ വര്‍ഷിക്കുന്ന ജിമ്മി ജോര്‍ജുമാരുമൊക്കെയായിരുന്നു അന്നത്തെ ആരാധനാപാത്രങ്ങള്‍.

ഷൈനി. ആ പേരിനു തന്നെയുണ്ടായിരുന്നു ഒരു മാജിക്കല്‍ എഫക്റ്റ്. ആദ്യം കേള്‍ക്കുകയാണ് അങ്ങനെയൊരു പേര്. 'ഷൈനിങ് എബ്രഹാം' എന്ന തലക്കെട്ടിനൊപ്പം ഇന്ത്യന്‍ എക്‌സ്പ്രസില്‍ അടിച്ചുവന്ന ചിത്രത്തിലാവണം ആദ്യമായി ഷൈനിയെ കാണുന്നതും ശ്രദ്ധിച്ചുതുടങ്ങുന്നതും. പത്രങ്ങള്‍ ഓഫ്‌സെറ്റില്‍ അച്ചടിച്ചു തുടങ്ങിയിട്ടില്ല അന്ന്. അതുകൊണ്ടുതന്നെ കുതിച്ചുപായുന്ന ഷൈനിയുടെ ചിത്രത്തില്‍നിന്ന് യഥാര്‍ഥ ഷൈനിയെ വേര്‍തിരിച്ചെടുക്കുക ദുഷ്‌കരം. എങ്കിലും ഉഷയുടേയും എം.ഡി. വത്സമ്മയുടെയും ചിത്രങ്ങള്‍ക്കിടയ്ക്ക് ആ ചിത്രം ഭദ്രമായി ഒട്ടിച്ചുവെച്ചപ്പോഴേ സമാധാനമായുള്ളൂ. ഷൈനിയില്ലെങ്കില്‍ ആ കാഴ്ച്ച എത്ര അപൂര്‍ണം.

ഉഷയും വത്സമ്മയും ഷൈനിയുമായിരുന്നല്ലോ വര്‍ഷങ്ങളോളം ട്രാക്കിലെ നമ്മുടെ പെണ്‍പുലികള്‍. ഇന്ത്യന്‍ അത്‌ലറ്റിക്‌സ് മലയാളിയുടെ കാല്‍ക്കീഴിലായിരുന്ന കാലം. ഇന്നോ?

shyni wilson

ഷൈനി വിൽസൺ. പഴയകാലത്തെ ചിത്രങ്ങൾ. ഫോട്ടോ: മാതൃഭൂമി

ട്രാക്കിനും ഗാലറികള്‍ക്കും തിരികൊളുത്തിക്കൊണ്ട് എതിരാളികളെ വകഞ്ഞുമാറ്റി കുതിക്കുന്ന ഷൈനിയെ പിന്നീടെത്രയോ മൈതാനങ്ങളില്‍ കണ്ടു. മെഡലുകള്‍ മാറിലണിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന ഷൈനിയെ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തെല്ലൊരു ലജ്ജയോടെ കാര്യമാത്രപ്രസക്തമായി മറുപടി നല്‍കുന്ന ഷൈനിയെ. നാല് ഒളിമ്പിക്‌സുകളിലും മൂന്ന് ഏഷ്യാഡുകളിലും ആറ് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുത്ത ഈ മധ്യദൂര ഓട്ടക്കാരിയെ ഒഴിച്ചുനിര്‍ത്തി നമുക്കൊരു സ്‌പോര്‍ട്‌സ് ചരിത്രമല്ലല്ലോ.

തിരക്കിനും ബഹളത്തിനുമിടയില്‍ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ തുരുത്തിലേക്ക് പിന്‍വാങ്ങുന്ന ഒരു ഷൈനിയേയും കണ്ടിട്ടുണ്ട്. മൗനിയായ ഒരു ഷൈനി. ട്രാക്കിലിറങ്ങിയാല്‍ അതേ ഷൈനിയെ മറ്റൊരു രൂപത്തില്‍, ഭാവത്തില്‍ കാണാം. വീറും വാശിയും കാലുകളിലേക്കാവാഹിച്ച് ഫിനിഷിങ് ലൈനിലേക്ക് കുതിക്കും ആ ഷൈനി. അപ്പോള്‍ ചിരിയുടെ നേര്‍ത്ത ലാഞ്ഛന പോലുമുണ്ടാവില്ല മുഖത്ത്. വിജയം എന്തുവിലകൊടുത്തും വെട്ടിപ്പിടിക്കുക എന്ന ലക്ഷ്യംമാത്രം.

അറിയാതെ കൈയടിച്ചുപോകും ആ കാഴ്ച്ച കാണുമ്പോള്‍. അതേ ഷൈനി ഇന്ന് (മെയ് 31) എഫ്‌സിഐയുടെ ജനറല്‍ മാനേജര്‍ പദവിയില്‍നിന്ന് വിരമിക്കുന്നു എന്നറിയുമ്പോള്‍ അദ്ഭുതമില്ല; സ്വപ്നങ്ങളെ പ്രായം ബാധിക്കുന്നതേയില്ല; സ്വപ്നങ്ങളിലൂടെ നമ്മെ കൈപ്പിടിച്ച് കൊണ്ടുപോയവരേയും.

Content Highlights: shiny wilson retirement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article