ഷൈനൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കും- എ.എ റഹീം

9 months ago 8

shine tom chacko aa rahim

ഷൈൻ ടോം ചാക്കോ, എ.എ. റഹീം | ഫോട്ടോ: മാതൃഭൂമി

സിനിമയുടേയും സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും മറവില്‍നിന്നുകൊണ്ട് എന്ത് നിയമവിരുദ്ധപ്രവര്‍ത്തനവും എന്ന കാലം കേരളത്തില്‍ കഴിഞ്ഞുപോയെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി. ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍ സി അലോഷ്യസിന് ഡിവൈഎഫ്‌ഐ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പണ്ട് സെലിബ്രിറ്റി സ്റ്റാറ്റസും ഫാന്‍സ് അസോസിയേഷന്റെ മറവുമുണ്ടെങ്കില്‍, ആ ഗ്യാരന്റിയില്‍ എന്ത് ക്രിമിനല്‍ കുറ്റംചെയ്താലും ജയിലില്‍ പോവില്ല എന്നൊരു ധൈര്യമുണ്ടായിരുന്നു. ആ ധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം, ഷൈന്‍ ടോം ചാക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ അദ്ദേഹം ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണ്. കേരളത്തില്‍ ആ കാലം കഴിഞ്ഞുപോയി. സിനിമയുടേയും സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും മറവില്‍നിന്നുകൊണ്ട് എന്ത് നിയമവിരുദ്ധപ്രവര്‍ത്തനവും ക്രിമിനല്‍ പ്രവര്‍ത്തനവും നടത്താം എന്ന കാലം കഴിഞ്ഞു. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, കേരളത്തിന്റെ മുഖ്യമന്ത്രി അദ്ദേഹമാണ്. അക്കാര്യത്തില്‍ കൃത്യമായ നീതി നടപ്പിലാക്കുന്ന നിലപാട് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്', എ.എ. റഹീം പറഞ്ഞു.

'ഒരു നടിക്ക് ഇത് പറയേണ്ടിവരുന്നു എന്നത് തന്നെ ശരിയല്ല. ആ നടിക്ക് എല്ലാ പിന്തുണയും ഡിവൈഎഫ്‌ഐ നല്‍കുകയാണ്. വിന്‍ സി പറയുന്നത് വരെ കാത്തിരിക്കേണ്ടതുണ്ടോ? മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ലഹരി ഉപയോഗിക്കന്നവര്‍ ആരൊക്കെ എന്ന് സംവിധായകര്‍ക്ക് അറിയില്ലേ? സഹപ്രവര്‍ത്തകരായ നടീനടന്മാര്‍ക്ക് അറിയില്ലേ. നിര്‍മാതാക്കള്‍ക്ക് അറിയില്ലേ. ഇന്‍ഡസ്ട്രിക്ക് അറിയില്ലേ? എന്തേ അവര്‍ ആരും ഇക്കാര്യത്തില്‍ മിണ്ടുന്നില്ല. അപ്പോഴപ്പോള്‍ ഇരകള്‍ വന്ന് പറയണോ?', അദ്ദേഹം ചോദിച്ചു.

'മറ്റെന്തെല്ലാം കാര്യത്തിനാണ് ഇവിടെ സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്? ഇഗോ ക്ലാഷിന്റെ പേരില്‍, പ്രതിഫലത്തിന്റെ കാര്യത്തിന്... അതൊന്നും അല്ലല്ലോ ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്? സമൂഹത്തെ ബാധിക്കുന്ന ഇത്തരം ദുഷ്പ്രവണതകള്‍ ഉണ്ടെങ്കില്‍- ദുഷ്പ്രവണതകള്‍ എന്ന വാക്കൊന്നും പോരാ- ലഹരിമരുന്ന് ഉപയോഗിക്കുന്ന, മയക്കുമരുന്നിന്റെ അടിമകളായ ആളുകള്‍ സിനിമാ ഇന്‍ഡസ്ട്രിയിലുണ്ടെങ്കില്‍ അവരെ ഒറ്റപ്പെടുത്തേണ്ട ധാര്‍മികമായ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പറയാന്‍ തയ്യാറുണ്ടോ? ഇല്ലെങ്കില്‍ ജനം അണിനിരക്കും', റഹീം വ്യക്തമാക്കി.

Content Highlights: A.A. Rahim slams Shine Tom Chacko, supports histrion who accused him

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article