28 April 2025, 07:59 AM IST

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ | Photo: Mathrubhumi, PTI
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ 7.30-ഓടെ ഷൈൻ ആണ് ആദ്യം ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെ ശ്രീനാഥ് ഭാസിയുമെത്തി. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്. ഇവരെ കൂടാതെ, മോഡൽ സൗമ്യയോടും തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്‌ലിമ സുൽത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും മോഡലുമായും ബന്ധമുണ്ടെന്നു
നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, കഞ്ചാവ് ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്. രാവിലെ പത്തിന് ഹാജരാകാനായിരുന്നു നിർദേശം.
ഷൈൻ ടോം ചാക്കോ ആലപ്പുഴയിലെ കഞ്ചാവുകടത്തിനെക്കുറിച്ച് ചില വിവരങ്ങൾ കൈമാറിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് പ്രമുഖ നടനുവേണ്ടിയാണെന്ന് ഷൈൻ പറഞ്ഞതായും വിവരമുണ്ട്. മൊഴിയുടെ നിജസ്ഥിതി ചോദിച്ചറിയാൻ കൂടിയാണ് ഷൈനിനെ ആലപ്പുഴയിലേക്ക് ചോദ്യംചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു. റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു.
Content Highlights: Shine Tom Chacko appeared earlier Alappuzha Excise officials





English (US) ·