മാതൃഭൂമി ന്യൂസ്
18 April 2025, 08:27 AM IST

ഷൈൻ ടോം ചാക്കോ | ഫോട്ടോ: Instagram
കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുന്നു. ഷൈൻ കേരളം വിട്ടെന്നാണ് പോലീസ് കരുതുന്നത്. അതിനിടെ താരത്തിന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. ഷൈൻ കേരളം വിട്ടെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
ഷൈൻ ടോം ചാക്കോയെ കണ്ടുപിടിക്കാൻ കൊച്ചിയിലും തൃശ്ശൂരിലും പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തും ഷൈൻ ഇല്ലായിരുന്നു. ഇതിനിടയിലാണ് ടവർ ലൊക്കേഷൻ വിവരങ്ങൾ ലഭിച്ചത്. തമിഴ്നാട്ടിലേക്കുകൂടി അന്വേഷണം വ്യാപിപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളത്തിലെ പ്രശസ്തനായ ഒരു നടൻ എന്തിനാണ് ഹോട്ടലിലെ ലഹരി പരിശോധന വിവരമറിഞ്ഞ് ഇറങ്ങിയോടിയതെന്ന് ഇനിയും വ്യക്തത വരേണ്ടതായിട്ടുണ്ട്.
ഷൈന്‍ ടോം ചാക്കോ ബോള്‍ഗാട്ടിയിലെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു കാർ ഹോട്ടലിലേക്ക് പോകുന്നതും അധികം വൈകാതെ തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. വെള്ള നിറത്തിലുള്ള കാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 3.12 നാണ് ഷൈന്‍ പോയത്. നടന്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ ആണ് പോയതെന്നാണ് പോലീസ് പറയുന്നത്.
കാര്‍ ഹോട്ടലിലെത്തുകയും പിന്നീട് വേഗത്തില്‍ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം താൻ വരികയും പോവുകയുംചെയ്ത വാഹനങ്ങളുടെ നമ്പര്‍ ഹോട്ടലിലെ സിസിടിവികളില്‍ പതിയാതിരിക്കാന്‍ ഷൈൻ പ്രത്യേക ശ്രദ്ധനല്‍കിയെന്ന് വിവരമുണ്ട്. ബോള്‍ഗാട്ടിയിലെ ഹോട്ടലിലേക്ക് വന്ന ബൈക്ക് ഗേറ്റിന് പുറത്താണ് നിര്‍ത്തിയത്. പിന്നീട് നടന്നാണ് നടന്‍ ഹോട്ടലിലേക്ക് പോയത്. തിരിച്ച് ഓണ്‌ലൈന്‍ ടാക്‌സി വിളിച്ചപ്പോഴും വാഹനം ഹോട്ടലിന് പുറത്താണ് നിര്‍ത്തിയത്.
ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും വിൽപ്പനക്കാരനായ ഒരാൾ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ബുധനാഴ്ച രാത്രി 10.40-ഓടെ പോലീസ് സംഘം ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയുടെ ബെൽ അടിച്ചപ്പോൾ തുറന്നത് മേക്കപ്പ്‌മാനായ മുർഷിദാണ്. അനന്തകൃഷ്ണൻ എന്നൊരാളും മുറിയിലുണ്ടായിരുന്നു. ഷൈൻ ഉണ്ടായിരുന്നുവെന്ന് ഇവർ സമ്മതിച്ചു. ലഹരിവസ്തുക്കളൊന്നും കണ്ടെത്തിയില്ല.
Content Highlights: Actor Shine Tom Chacko escaped a edifice cause raid successful Kochi. Police identified his past known location





English (US) ·