
അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിൽ മോഹൻലാൽ | സ്ക്രീൻഗ്രാബ്
സീൻ 36 എ: ദശമൂലം ദാമു ബസിൽനിന്നിറങ്ങി കടയിലേക്കു നടക്കുന്നു -ഇത്രയേയുള്ളൂ തിരക്കഥയിൽ.
ആക്‌ഷൻ പറഞ്ഞതും ദാമു ഒറ്റ ടേക്കിൽ മീശപിരിച്ചു നടന്നു. എതിരേ സൈക്കിളിൽ വന്നവനോട്: ‘റോഡിലൂടെയാണോടാ സൈക്കിളോടിക്കുന്നേ...’ ‘ചട്ടമ്പിനാടി’ന്റെ സെറ്റിൽ സംവിധായകൻ ഷാഫി പോലും ചിരിച്ചുപോയി. അപ്പോൾ ദേ ഒരു ലോട്ടറി കച്ചവടക്കാരൻ മുന്നിൽ- ‘ഇന്നത്തെ കേരള... ഇന്നത്തെ കേരള’. ദാമു ലോട്ടറി വാങ്ങി നാലായി കീറിക്കളഞ്ഞിട്ട്: ‘അതെന്താടാ നാളെ കേരളമില്ലേ...’ -സെറ്റിൽ നിറഞ്ഞ കൂട്ടച്ചിരി, തിയേറ്ററിലും ആവർത്തിച്ചു. സിനിമയെക്കാൾ വലിയ ഹിറ്റായി ദശമൂലം ദാമു ഇന്നും ട്രോളുകളിൽ വിലസിനടക്കുന്നു.
‘തിരക്കഥ കത്തിച്ചുകളഞ്ഞിട്ട് സിനിമ പിടിക്കണം’ എന്ന ഒരു സംവിധായകന്റെ കമന്റാണ് കുറച്ചുനാൾ മുൻപ് വിവാദമായത്. എന്നാലിപ്പോൾ, ‘തിരക്കഥ വിട്ടൊരു കളി വേെണ്ടന്നും നടൻമാർ ‘കൈയീന്നിട്ട്’ ഡയലോഗുകൾ പറയുന്നതു ശരിയല്ലെന്നു’മുള്ള സംവിധായകൻ ലാലിന്റെ പരാമർശമാണ് പുതിയ തിരവിവാദം. ജഗതി ശ്രീകുമാറിന്റെ പേരെടുത്തുപറഞ്ഞായിരുന്നു ലാലിന്റെ വിമർശനം.
ഹാസ്യകഥാപത്രങ്ങൾ കിട്ടിയ ഒട്ടുമിക്ക ചിത്രങ്ങളിലും താൻ എന്തെങ്കിലും കൈയിൽനിന്നിടാറുണ്ടെന്ന് സുരാജ് ഓർക്കുന്നു. അങ്ങനെയാണ്, ‘വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണ’മെന്ന് ഭാര്യ പറയുമ്പോൾ, ‘അപ്പോ നമ്മടെ കൊച്ച് വെള്ളമടിച്ചിട്ടാണോടീ നിന്റെ വയറ്റിൽ കിടക്കുന്നത്’ എന്ന് കൗണ്ടറടിക്കുന്നത്. ഷൂട്ടിങ്ങിനിടെ മാത്രമല്ല, ഡബ്ബിങ് സമയത്തും ഇത്തരത്തിൽ കിണ്ണംകാച്ചിയ കോമഡികളിട്ടു ചിരിപ്പിച്ചിട്ടുണ്ട് സുരാജ്. ‘അറബിക്കഥ’ സിനിമയുടെ ഡബ്ബിങ് നടക്കുകയാണ്. നൊയമ്പുമുറക്കുന്നിടത്തു ചെന്ന് ഭക്ഷണം വലിച്ചുവാരിക്കഴിക്കുന്നതാണ് രംഗം. കൈയിൽ കരുതിയിരുന്ന കവറിൽ ഇന്തപ്പഴമുൾപ്പെടെ അടിച്ചുമാറ്റി നിറയ്ക്കുന്നുണ്ട്.
‘ഒരു കൈയുംകൂടി ദൈവം തന്നിരുന്നെങ്കി...’ ഡബ്ബിങ് സ്റ്റുഡിയോയിൽ ചിരിപടർത്തിക്കൊണ്ട് സുരാജ് ഡയലോഗ് കൈയീന്നിട്ടു- ‘കവറു കൊണ്ടുവന്നതു മോശമായോ എന്തോ. നാളെ വരുമ്പോ ഒരു ചാക്കു കൊണ്ടുവരാം!’. തിയേറ്ററിൽ ചിരിപൊട്ടിയ രംഗങ്ങൾ ഇങ്ങനെ ഏറെയുണ്ട്.
ജഗതിക്കുമാത്രം ഇളവ് കൊടുത്ത പദ്മരാജൻ
എഴുതിവെച്ചതിനപ്പുറം ഒരു വരിപോലും അഭിനേതാക്കൾ കടക്കാൻ പാടില്ലെന്നു ശാഠ്യമുണ്ടായിരുന്ന പി.പദ്മരാജൻ പോലും ജഗതി ശ്രീകുമാറിന് ‘അധികപ്രസംഗ’ത്തിന് അല്പമൊക്കെ അനുവാദം കൊടുത്തിരുന്നു.
അളന്നുമുറിച്ച് പദ്മരാജൻ എഴുതിയതിൽ ജഗതിക്കു മാത്രം ഒരല്പം ഇളവ്. ‘തൂവാനത്തുമ്പികളി’ലെ കുടികിടപ്പുകാരൻ രാവുണ്ണിയായി ജഗതി നിറഞ്ഞാടിയത് അന്ന് സഹസംവിധായകനായിരുന്ന ബ്ലസി ഉൾപ്പെടെ ഓർക്കുന്നുണ്ട്. കുടിയിറക്കാൻ വരുന്ന ജയകൃഷ്ണന്റെ(മോഹൻലാൽ) മുന്നിൽ ഡയലോഗുകൾ പറഞ്ഞുകഴിഞ്ഞിട്ട് ബാധകൂടിയതുപോലെ വാക്കത്തി കൈയിലെടുത്ത് മൂന്നു മക്കളെയും പിടിച്ചിറക്കി, ‘അരിയും ഞാൻ എല്ലാത്തിനേം. ഇവിടെ നിങ്ങടെ ഈ സെറ്റപ്പില് നിർത്തീട്ട് ഞാൻ അരിഞ്ഞിടും...’ എന്നിട്ടു തിരിഞ്ഞ് വാക്കത്തി ജയകൃഷ്ണനു കൊടുക്കാൻ ശ്രമിച്ചിട്ട് ‘ഇല്ലെങ്കി വേണ്ടാ. നിങ്ങള് പിടിക്കീൻ. നിങ്ങളരിയീൻ. അരിഞ്ഞ് തള്ളീൻ... അരി...അരി...അരി...’ ചെളിയിൽ ചവിട്ടിത്തിമിർത്ത് ജഗതി വിറച്ചുതുള്ളുന്നതു കണ്ട് സെറ്റുപോലും നിശ്ശബ്ദമായി.
ഇത്തരം ‘ജഗതിമയ’രംഗങ്ങൾ ഇന്നും റിപ്പീറ്റ് വാല്യുവുമായി ഓടിക്കൊണ്ടിരിക്കുന്നു. ‘കിലുക്ക’ത്തിലെ മഞ്ഞു വീണ് അവ്യക്തമായ ജനാലഗ്ലാസിൽ കാഴ്ച കിട്ടാനായി നാവുകൊണ്ട് ജഗതി നക്കിത്തുടയ്ക്കുന്ന ഒരു സീനുണ്ട്. സ്‌ക്രിപ്റ്റിലില്ലാത്ത ആ ഷോട്ടിലുണ്ട് നിശ്ചൽ കുമാറിന്റെ പെടാപ്പാട്. ‘കിലുക്ക’ത്തിലെ മദ്യപാനരംഗങ്ങളിലും ഈ വഴക്കം കാണാം. അപ്പുറത്ത് മോഹൻലാലായതിനാൽ അതൊരു കൊടുക്കൽവാങ്ങൽ ഇടപാടായി; ജനം ചിരിച്ച് ‘ഇടപാടും’ തീർന്നു.
വിഴുങ്ങിയ കുതിരയും ഷോക്കേറ്റ ലാലും
'ഉള്ളടക്ക'ത്തിൽ മാനസികവെല്ലുവിളി നേരിടുന്ന ജഗതിയുടെ കഥാപാത്രം 'കുതിരയെ വിഴുങ്ങി' എന്നു പറഞ്ഞ് മോഹൻലാലിന്റെയടുത്തു വരുന്ന രംഗമുണ്ട്. ആ രംഗം എഴുതിയപ്പോൾ അത്രമാത്രം ഹ്യൂമറൊന്നും താൻ ആലോചിച്ചിരുന്നില്ല എന്ന് സംവിധായകൻ കമൽ ഓർക്കുന്നു. 'കുതിരയെ വിഴുങ്ങി' എന്നു പറയുക എന്നാണ് പറഞ്ഞിരുന്നത്. ജഗതി പക്ഷേ, 'കുതിരയെ വിഴുങ്ങി' എന്നു പറഞ്ഞിട്ട് ഒരു ഏമ്പക്കം വിടുന്നുണ്ട്. ഇത് ടേക്കിൽ കൈയിൽനിന്നിട്ടതാണ്. അപ്പുറത്ത് മോഹൻലാൽ കൃത്യമായി പ്രതികരിക്കുകകൂടി ചെയ്തപ്പോൾ ആ രംഗം വൻ കോമഡിയായി.
'അയാൾ കഥ എഴുതുകയാണ്' എന്ന സിനിമയിൽ മോഹൻലാൽ ഷോക്കടിച്ചു വീഴുന്ന ഒരു സീനുണ്ട്. മോഹൻലാലിനോട്, കറണ്ടടിച്ചു വീഴുന്നു എന്നു മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളൂ. റിഹേഴ്‌സൽ വേണ്ടാ, ഒറ്റ ടേക്ക് എടുത്താൽ മതിയെന്ന് ലാലും പറഞ്ഞു. ആക്ഷൻ പറഞ്ഞു, ലാൽ ഷോക്കേറ്റു വീണു. അതു കണ്ട് താനും ക്യാമറാമാനും ഉൾപ്പെടെ എല്ലാവരും ചിരിച്ചുപോയി. ഇതിനിടെ, കട്ട് പറയാൻ മറന്നു. കട്ട് വിളിക്കാത്തതോടെ ലാൽ അവിടെക്കിടന്നു വീണ്ടുമൊരു കുടച്ചിൽ കുടഞ്ഞു. തിയേറ്ററിൽ വൻ ചിരി പടർത്തിയതായിരുന്നു ആ കുടച്ചിൽ. അതാണ് ഇംപ്രൊവൈസിങ്'-കമൽ പറയുന്നു.
തിരക്കഥയിലെ ഒഴിഞ്ഞ പേജുകൾ
ആദ്യകാല തമിഴ് സിനിമകളിൽ, തമാശ വേണ്ടിവരുന്ന രംഗങ്ങൾ ഷൂട്ടുചെയ്യുമ്പോൾ ഹാസ്യദമ്പതിമാരായ എൻ.എസ്.കൃഷ്ണനെയും ടി.എ.മധുരത്തെയും വിളിക്കും. അവരിരുവരും ചർച്ചചെയ്ത് ഒരു തമാശരംഗം അഭിനയിച്ചുകൊടുക്കും. അതായിരുന്നു പതിവ്. മലയാളത്തിലും പണ്ട് കഥയുടെ മെയിൻ പ്ലോട്ട് മുറുകുമ്പോൾ, റിലാക്സാക്കാനായി തിരക്കഥാകൃത്ത് ഇങ്ങനെ എഴുതിവെക്കുമായിരുന്നു-"സീൻ-ഹാസ്യം: അടൂർ ഭാസി, ബഹ ദൂർ". ഡയലോഗുകൾ ഒഴിഞ്ഞ ഈ കടലാസിൽനിന്നാണ് ഭാസിയും ബഹദൂറുമൊക്കെ നമ്മെ പലതും പറഞ്ഞു ചിരിപ്പിച്ചത്.
Content Highlights: Improvisation successful Malayalam Cinema: When Unscripted Humor Became Legendary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·