സ‍ഞ്ജുവിന് അടുത്ത ഭീഷണി? വിക്കറ്റ് കീപ്പറായി ഇറങ്ങി ഓപ്പണിങ് താരം; ഇന്ത്യൻ ടീം സമവാക്യങ്ങൾ മാറും?

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 09, 2026 08:13 AM IST

2 minute Read

 X/@CricCrazyJohns
രഞ്ജി ‍ട്രോഫി സീസണിനു മുന്നോടിയായുള്ള മുംബൈയുടെ പരിശീലന മത്സരത്തിൽ വിക്കറ്റ് കീപ്പിങ് ചെയ്യുന്ന ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൾ. ചിത്രം: X/@CricCrazyJohns

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദീർഘകാലം നിലനിൽക്കണമെങ്കിൽ ഒന്നിലധികം മേഖലകളിൽ തിളങ്ങാനുള്ള കഴിവ് അത്യാവശ്യമായി മാറിയിരിക്കുന്നെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ–ബാറ്റർ നയൻ മോംഗിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ട്വന്റി20 ക്രിക്കറ്റിന്റെ വളർച്ച താരങ്ങളുടെ മനോഭാവം തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു.

What you should work next

‘‘10 വർഷത്തിനുള്ളിൽ ഇത്രയധികം ഓപ്ഷനുകൾ ലഭിക്കുമെന്ന് ആരാണ് കരുതിയത്? ഇന്ന് ധ്രുവ് ജുറേലിനെപ്പോലെയുള്ള ഒരു വിക്കറ്റ് കീപ്പർ, ഒരു ബാറ്ററായി മാത്രമാണ് കളിക്കുന്നത്. ഇഷാൻ കിഷനും സഞ്ജു സാംസണും വെറും ബാറ്റർമാരായി മാത്രം കളിക്കാൻ കഴിയും. ഒരു പതിറ്റാണ്ടിനിടെ ഇങ്ങനെയൊരു വിപ്ലവം ഉണ്ടാകുമെന്ന് ആരാണ് കരുതിയത്? ഇത് ട്വന്റി20 ക്രിക്കറ്റിന്റെ സമ്മാനമാണ്, കാരണം എല്ലാവർക്കും കീപ്പ് ചെയ്യാനും ബാറ്റ് ചെയ്യാനും ഒരു ഓൾറൗണ്ടർ ആകാനും താൽപര്യമുണ്ട്.’’– മോംഗിയ പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി 140 ഏകദിനങ്ങളും 44 ടെസ്റ്റുകളും കളിച്ചിട്ടുള്ള നയൻ മോംഗിയ, ദൂരദർശനിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

നയൻ മോംഗിയ പറഞ്ഞകാര്യം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന ‘കാഴ്ച’യാണ് മുംബൈയിൽനിന്നു വരുന്നത്. ബാറ്റിങ്ങിനും ലെഗ് സ്പിന്നിനും ഒപ്പം ബാക്-അപ് സ്കിൽ എന്ന നിലയിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ വിക്കറ്റ് കീപ്പിങ്ങിലും പരിശീലനം നടത്തുന്നുണ്ടെന്ന് മുംബൈ ക്യാപ്റ്റൻ സിദ്ധേഷ് ലാഡ് കഴിഞ്ഞദിവസം വെളിപ്പെടുത്തി. 2026-27 രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി, ജയ്‌സ്വാൾ വിക്കറ്റിനു പിന്നിൽ പരിശീലനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ചണ്ഡീഗഢിനെതിരെയുള്ള മുംബൈയുടെ രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിൽ ജയ്‌സ്വാൾ കളിക്കും. എന്നാൽ, ദേശീയ ടീമിനായുള്ള മത്സരങ്ങൾ ഉള്ളതിനാൽ രണ്ടാം മത്സരം മുതൽ താരം കളിക്കില്ല.

Be scared, Indian WK batters. 😭 Yashasvi Jaiswal has entered the keeping section conscionable to unafraid his white-ball spot. 🧤💀 https://t.co/3MiiCOihAE

— Pratika's Poetry (@_RRoyalism) October 8, 2026

‘‘യശസ്വി കഠിനമായി വിക്കറ്റ് കീപ്പിങ് പരിശീലിക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു. ഞാൻ അവനിൽനിന്നു കേട്ടത് അതാണ്. മുംബൈയ്‌ക്കോ ഇന്ത്യൻ ടീമിനോ വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനാണ് അവൻ ആഗ്രഹിക്കുന്നത്. അതാണ് അവൻ ലക്ഷ്യമിടുന്നത്, അതാണ് എനിക്ക് തോന്നുന്നത്, പക്ഷേ എനിക്ക് അതിൽ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.’’– മുംബൈയുടെ പ്രീ-സീസൺ വാർത്താസമ്മേളനത്തിൽ ലാഡ് പറഞ്ഞു. മുൻകാലങ്ങളിൽ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഒരു സ്പെഷലിസ്റ്റ് ബാറ്ററായിട്ടാണ് തുടങ്ങിയതെങ്കിലും, പിന്നീട് ഇന്ത്യൻ ഏകദിന ടീമിൽ തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിനായി വിക്കറ്റ് കീപ്പിങ് ചുമതല കൂടി ഏറ്റെടുത്തിരുന്നു. ജയ്‌സ്വാൾ വിക്കറ്റ് കീപ്പിങ്ങിൽ സ്ഥിരതയാർന്ന പുരോഗതി കൈവരിക്കുകയാണെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സമവാക്യങ്ങൾ തന്നെ മാറിയേക്കാം.

ഇന്ത്യൻ ടീമിന്റെ നെറ്റ്സിൽ ലെഗ് സ്പിൻ പരിശീലിക്കുകയും ഒന്നോ രണ്ടോ മത്സരങ്ങളിൽ പന്തെറിയുകയും ചെയ്തിട്ടുള്ള 24 വയസ്സുകാരനായ ജയ്‌സ്വാൾ, തന്റെ കളിയിൽ കൂടുതൽ വൈവിധ്യങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സിദ്ധേഷ് ലാഡ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘‘തന്റെ കളിയിൽ മറ്റെന്തെങ്കിലും കൂടി കൂട്ടിച്ചേർക്കണമെന്ന് തോന്നിയതിനാലാണ് അവൻ വിക്കറ്റ് കീപ്പിങ് പരിശീലിക്കാൻ തുടങ്ങിയത്. അവന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ നിലവിൽ അവൻ വിക്കറ്റ് കീപ്പിങ് പരിശീലിക്കുന്നുണ്ട്, ഇത് തുടരുകയാണെങ്കിൽ അവൻ അതുമായി പൊരുത്തപ്പെടും.’’– ലാഡ് പറഞ്ഞു.

രഞ്ജി ട്രോഫിക്ക് മുന്നോടിയായി നടന്ന മുംബൈയുടെ ഒരു പരിശീലന മത്സരത്തിൽ ജയ്‌സ്വാൾ ഏകദേശം 10 ഓവറോളം വിക്കറ്റ് കീപ്പ് ചെയ്തതായാണ് റിപ്പോർട്ട്. മുൻ ക്യാപ്റ്റൻ ഷാർദുൽ ഠാക്കൂർ ഇല്ലാതെ കളിക്കുന്ന മുംബൈ ടീമിന് ജയ്‌സ്വാളിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ലാഡ് പറഞ്ഞു. മുൻ നായകൻ അജിങ്ക്യ രഹാനെയും സീസൺ ആരംഭിക്കുന്നതിന് മുൻപ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ‘‘ആദ്യ മത്സരത്തിൽ മാത്രമാണ് അവൻ കളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ യശസ്വിയെപ്പോലെയുള്ള ഒരാൾ മികച്ച പ്രകടനങ്ങൾ മാത്രമല്ല നൽകുന്നത്, മറിച്ച് തന്റെ പരിചയസമ്പന്നതയിലൂടെ ടീമിന് വലിയൊരു മൂല്യം കൂടിയാണ് പകരുന്നത്. ഉയർന്ന തലത്തിൽ വളരെ നന്നായി തിളങ്ങിയ ഒരാളാണ് അവൻ. യശസ്വിയെപ്പോലെയുള്ള ഒരാളുമായി ഡ്രസ്സിങ് റൂം പങ്കിടുന്നത് യുവതാരങ്ങളെയും സഹായിക്കും, ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്.’’– ലാഡ് കൂട്ടിച്ചേർത്തു.

English Summary:

Yashasvi Jaiswal: Indian opening batter Yashasvi Jaiswal has started practicing wicketkeeping up of Mumbai's Ranji Trophy lucifer against Chandigarh astatine the Wankhede Stadium. Mumbai skipper Siddhesh Lad revealed that Jaiswal kept wickets during signifier games to adhd versatility to his skillset. This improvement aligns with erstwhile wicketkeeper Nayan Mongia's observations astir the modern request for multi-skilled players successful Indian cricket.

Read Entire Article