Published: October 31, 2025 11:57 AM IST
1 minute Read
-
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ട്വന്റി20 ഇന്ന് ഉച്ചയ്ക്ക് 1.45 മുതൽ
മെൽബൺ ∙ വീരോചിത പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് മലയാളി താരം സഞ്ജു സാംസന്റെ കരിയറിലെ നിർണായക നേട്ടത്തിനു വേദിയാകുമോ? ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്നു മെൽബണിൽ നടക്കുമ്പോൾ, രാജ്യാന്തര ട്വന്റി20യിൽ 1000 റൺസെന്ന നാഴികക്കല്ലിന് തൊട്ടരികിൽ നിൽക്കുകയാണ് സഞ്ജു. ഇന്ന് 7 റൺസ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 12–ാമത്തെ ഇന്ത്യക്കാരനെന്ന നേട്ടം സഞ്ജുവിന് സ്വന്തമാകും.
4 വിക്കറ്റ് കൂടി നേടിയാൽ രാജ്യാന്തര ട്വന്റി20 വിക്കറ്റുകളിൽ ജസ്പ്രീത് ബുമ്രയും ‘സെഞ്ചറി’ തികയ്ക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചതിനാൽ മഴയെപ്പേടിച്ചാകും ആരാധകർ ഇന്നത്തെ മത്സരത്തിനായി കാത്തിരിക്കുന്നത്. ബുധനാഴ്ച കാൻബറയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടിയപ്പോഴാണ് മഴയെത്തുടർന്ന് മത്സരം പൂർണമായി ഉപേക്ഷിച്ചത്.
കുറച്ചുനാളുകൾക്കുശേഷം ഫോമിലേക്കു തിരിച്ചെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (24 പന്തിൽ 39 നോട്ടൗട്ട്) മികച്ച സ്കോർ എന്ന സ്വപ്നവും മഴയിൽ കുതിർന്നു. ആദ്യ മത്സരം കളിച്ച അതേ ടീമിനെ ഇന്ത്യ ഇന്നും നിലനിർത്തിയേക്കും. പരിശീലനത്തിനിടെ പരുക്കേറ്റ ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡിക്ക് പരമ്പരയിലെ ആദ്യ 3 മത്സരങ്ങൾ നഷ്ടമാകും.
English Summary:








English (US) ·