
അലക്‌സ് പോൾ, ചിത്രത്തിന്റെ തിരക്കഥ കൈമാറുന്നു
ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി മനോഹരമായ ഗാനങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകന്‍ അലക്‌സ് പോള്‍ സംവിധായകനാകുന്നു. 'എവേക്' (Awake) എന്നാണ് അലക്‌സ് പോള്‍ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്‌സ് പോള്‍.
കഥയിലും അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകളോടെയാണ് ചിത്രത്തിന്റെ അവതരണം. സംഗീതസംവിധാനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചശേഷം മറ്റൊരു രംഗത്തേക്കു കൂടി കടന്നു വരുമ്പോള്‍ അവിടെയും തന്റേതായ കൈയ്യൊപ്പു പതിപ്പിക്കുവാനുള്ള ശ്രമത്തിലാണ് അലക്‌സ് പോള്‍. പാന്‍ഇന്ത്യന്‍ മൂവിസിന്റെ ബാനറില്‍ അഡ്വ. ബിനു, ജയകുമാര്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഒരുപാന്‍ ഇന്ത്യന്‍ സിനിമയായി വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്.
പാന്‍ ഇന്ത്യന്‍ സിനിമാക്കമ്പനിയുടെ ഒഫീഷ്യല്‍ ലോഞ്ചിംഗ് ഏപ്രില്‍ അഞ്ചിന് കൊച്ചിയില്‍ നടന്നു. നാന്‍സി ലാലാണ് ലോഞ്ചിംഗ് നടത്തിയത്. ലാല്‍, ബാലു വര്‍ഗീസ്, ആല്‍ബി തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. കാംപസ് ഹൊറര്‍ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം. പോപ്പുലര്‍ സിനിമകളായ സലാര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തികേയദേവ് ആണ് ഈ ചിത്രത്തിലെ നായകന്‍. എമ്പുരാനില്‍ പ്രഥ്വിരാജിന്റെ ചെറുപ്പം അവതരിപ്പിച്ചത് കാര്‍ത്തികേയദേവാണ്.
വിന്‍സിറ്റയാണു നായിക. 'പേപ്പട്ടി' എന്ന ചിത്രത്തിലെ നായികയായിരുന്ന വിന്‍സിറ്റ ഇപ്പോള്‍ ചിത്രീകരണം നടന്നു വരുന്ന 'ഉഴവര്‍ മകന്‍' എന്ന തമിഴ്ചിത്രത്തിലെ നായികയാണ്. മികച്ച അഭിപ്രായത്തിലൂടെ ശ്രദ്ധ നേടിയ 'ആംഗ്രി ബഡീസ്', 'പപ്പടവട' എന്നീ വെബ് സീരിസിലും അഭിനയിച്ചു ശ്രദ്ധനേടിയ നടിയാണ് വിന്‍സിറ്റ.
സിദ്ദിഖ്, ലാല്‍, ജോണി ആന്റണി, ജോയ് മാത്യു, പ്രശസ്ത ബോളിവുഡ് നടന്‍ മകരദേഷ് പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, പ്രശസ്ത യൂട്യൂബറും മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഗായികയും ഡാന്‍സറുമായ തെരേസാ എമ്മാ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അശ്വതി അലക്‌സിന്റേതാണ് തിരക്കഥ. ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളില്‍ അസി. പ്രൊഫസറായ അശ്വതി അലക്‌സാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സംഗീത സംവിധാനവും അലക്‌സ് പോള്‍ തന്നെ നിര്‍വ്വഹിക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ്മ, പ്രശസ്ത ആസ്‌ട്രോളജര്‍ ഹരി പത്തനാപുരം എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ രചിക്കുന്നത്.
എഡിറ്റിംഗ്: വി. സാജന്‍, കലാസംവിധാനം: ബോബന്‍, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈന്‍: സമീറാ സനീഷ്, ആക്ഷന്‍: സ്റ്റണ്‍ ശിവ, കോറിയോഗ്രഫി: റംസാന്‍, ശ്രീജിത്ത്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: നിജേഷ് ചെറുവോട്ട്, ഡിസൈന്‍: പാന്‍സ് ചുള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മുരളി വിജയ്.
ജൂണ്‍ ആദ്യവാരത്തില്‍ തെങ്കാശി, കുറ്റാലം ഭാഗങ്ങളിലായി ചിത്രീകരണം ആരംഭിക്കും. സ്‌നേഹം മൂവീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: Music composer Alex Paul directs his archetypal film, `Awake`.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·