സംഘടനകളുടെ തലപ്പത്തേക്ക് മത്സരത്തിനുറച്ച് വനിതകള്‍; ചരിത്രം തിരുത്താന്‍ മലയാള സിനിമ

5 months ago 6

amma kfpa

പ്രതീകാത്മക ചിത്രം | ഫോട്ടോ: പിടിഐ, മാതൃഭൂമി

കൊച്ചി: മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14-ന്. അതിനടുത്ത ദിവസമായ ഓഗസ്റ്റ് 15-ന് താരസംഘടനയായ ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് നടക്കും. അടുത്തടുത്ത ദിവസങ്ങളിൽ നടക്കുന്ന ഈ രണ്ട് തിരഞ്ഞെടുപ്പുകൾ മലയാള സിനിമയുടെ ചരിത്രം തിരുത്തുന്നതാകുമെന്ന സൂചനകൾ ശക്തിപ്പെടുത്തിയാണ് നാമനിർദേശ പത്രികകളുടെ സമർപ്പണം നടന്നത്. ഇതിനുപിന്നാലെ പത്രിക പിൻവലിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ നടൻ ജഗദീഷും രംഗത്തുവന്നതോടെ ചരിത്രത്തിലാദ്യമായി ‘അമ്മ’യുടെ അധ്യക്ഷപദവിയിൽ ഒരു വനിത എത്താനുള്ള സാധ്യതയേറി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത മത്സരിക്കുമ്പോൾ ‘അമ്മ’യിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും അടക്കമുള്ള പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകൾ മത്സരിക്കാനൊരുങ്ങുകയാണ്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്രാ തോമസ് പത്രിക പിൻവലിക്കില്ലെന്നും ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നുമാണ് അറിയിച്ചത്. തന്റെ പത്രിക തള്ളാനും പിൻവലിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിനെയെല്ലാം അതിജീവിക്കാനാണ് ശ്രമിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു. ‘അമ്മ’യിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ കുക്കു പരമേശ്വരനും ജോ. സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നൽകിയ അൻസിബ ഹസനും സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്നും മത്സരിക്കാൻ തയ്യാറെടുക്കുകയാണെന്നുമാണ് പറഞ്ഞത്.

‘അമ്മ’യിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയ ശ്വേതാ മേനോന്റെ വിജയസാധ്യത ഇരട്ടിയാക്കുന്നതാണ് ജഗദീഷിന്റെ നീക്കം. എന്നാൽ, ജഗദീഷ് പത്രിക പിൻവലിക്കുമോയെന്ന കാര്യത്തിൽ ഉറപ്പായശേഷം മാത്രം അടുത്ത നീക്കങ്ങളിലേക്ക് കടക്കാനാണ് ശ്വേതയുടെ ശ്രമമെന്നാണ് സൂചന. അമ്മയിൽ നവ്യാ നായരും അൻസിബ ഹസനും കുക്കു പരമേശ്വരനും ഉൾപ്പെടെ അഞ്ചുവീതം വനിതകളാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ജോ. സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നൽകിയിട്ടുള്ളത്. ജൂലായ് 31 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ഷീലാ കുര്യൻ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പത്രിക നൽകിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടുവരെയാണ് ഇവിടെ നാമനിർദേശ പത്രിക നൽകാനുള്ള സമയം.

വനിതയ്ക്കെന്താ പ്രശ്‌നം

ഒരു അസോസിയേഷനെ നയിക്കുന്നതിൽ ലിംഗ വ്യത്യാസം പ്രധാന ഘടകമാകുമെന്ന് ആരാണ് പറഞ്ഞത്. ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്കോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കോ വന്നാൽ എന്താണ് പ്രശ്‌നം. പുരുഷനു മാത്രം സാധിക്കുമെന്നും സ്ത്രീക്ക് സാധിക്കില്ലെന്നുമുള്ള തെറ്റായ വിശ്വാസങ്ങൾ കാലങ്ങളായി നമ്മളിൽ പലരും പിന്തുടരുകയായിരുന്നു. ഇത്തവണ അമ്മയിൽ കുറേ സ്ത്രീകൾ മത്സരിക്കാൻ തയ്യാറായി മുന്നോട്ടുവന്നത് വലിയ കാര്യമാണ്. ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി തന്നെയാണ് ഞാൻ സ്ഥാനാർഥിത്വത്തിൽ ഉറച്ചുനിൽക്കുന്നത്.

- കുക്കു പരമേശ്വരൻ

സ്ത്രീവിരുദ്ധർ മാറട്ടെ

അസോസിയേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഇപ്പോഴത്തെ ഭാരവാഹികളിൽ പലരും സ്ത്രീവിരുദ്ധ നിലപാടുകാരാണ്. അവരെക്കാൾ ഭംഗിയായി അസോസിയേഷനെ മുന്നോട്ടു നയിക്കാനാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയത്. വോട്ട് ചോദിച്ച് ഞാൻ വിളിച്ചപ്പോൾ അസോസിയേഷൻ അംഗങ്ങളിൽ പലരും നല്ല പിന്തുണ പ്രഖ്യാപിച്ചതും ആത്മവിശ്വാസമേറ്റിയിട്ടുണ്ട്.

- സാന്ദ്രാ തോമസ്

നിലപാടുകളാണ് പ്രധാനം

കൃത്യമായ നിലപാടുകളോടെയാണ് ഇത്തവണ സംഘടനയിൽ മത്സരിക്കാനിറങ്ങിയത്. ആരോപണ വിധേയരായവർ മാറി നിൽക്കണമെന്ന് ചിലർ പറഞ്ഞപ്പോൾ അതിലെ മനുഷ്യാവകാശത്തെപ്പറ്റിയാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. ആൺ- പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സംഘടനയിലെ മിക്കവരും ആഗ്രഹിക്കുന്നത്. നല്ല വോട്ട് കിട്ടുമെന്നും വിജയിക്കുമെന്നും ഉറപ്പുനൽകുന്ന രീതിയിലാണ് സംഘടനയിലെ അംഗങ്ങളിൽനിന്നുള്ള പ്രതികരണം.

- അൻസിബ ഹസൻ

Content Highlights: AMMA & Producers Association elections connected Aug 14 & 15 spot a historical surge successful women candidates

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article