
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ | ഫോട്ടോ: X
രംഗരായ ശക്തിവേൽ നായ്ക്കറായി അഭിനയജീവിതത്തിലെ പുതിയ മെയ്‌ക്ക് ഓവറിനാണ് കമൽഹാസൻ പുതിയ സിനിമയായ തഗ് ലൈഫിൽ ലക്ഷ്യമിട്ടത്. പതിറ്റാണ്ടുകൾക്കുശേഷം മണിരത്നത്തിന്റെ സംവിധാനത്തിൽ അഭിനയിക്കുന്ന സിനിമ കമലിനെ സംബന്ധിച്ച് പുതിയ അരങ്ങേറ്റമായിരുന്നു. ഉലകനായകന്റെ റീ എൻട്രി. തമിഴ്‌നാടിനുപുറമേ കേരളത്തിലും കർണാടകയിലും ഉൾപ്പെടെയുള്ള ആരാധകരുടെ നീണ്ടനിര സിനിമയ്ക്ക് പ്രതീക്ഷിക്കുകയും ചെയ്തു. അങ്ങനെയാണ് കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ശിവരാജ് കുമാറിനെ ചെന്നൈയിൽ തഗ് ലൈഫിന്റെ പ്രമോഷന് കമൽഹാസൻ ഒപ്പമിരുത്തിയത്. ഇതുപക്ഷേ, കർണാടകത്തിൽ യഥാർഥസിനിമയ്ക്ക് പുറത്തുള്ള മറ്റൊരു തട്ടുപൊളിപ്പൻ സിനിമയുടെ അരങ്ങേറ്റമായി മാറി. അത്തരം സിനിമകളിൽ സ്ഥിരം കാണുന്ന തെരുവിലെ ഗുണ്ടായിസവും ഇതിനെ എതിർക്കുന്ന നായകന്റെ വീറും വാശിയുമെല്ലാം അഭ്രപാളിക്കുപുറത്ത് തെളിഞ്ഞു.
കന്നഡ സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാറായ ഡോ. രാജ്കുമാറിന്റെ മകനാണ് ശിവരാജ് കുമാർ. അദ്ദേഹത്തിലൂടെ കന്നഡ സിനിമാ ആസ്വാദകരെ മുഴുവൻ കൈയിലെടുക്കാമെന്ന് കമൽ കണക്കുകൂട്ടിയിരിക്കണം. തമിഴരും കന്നഡിഗരും തമ്മിൽ പരമ്പരാഗതമായുള്ള ബന്ധം വിവരിച്ച് ശിവരാജ്കുമാറുമായുള്ള അടുപ്പം വിവരിച്ച് കമൽ നടത്തിയ മാസ് ഡയലോഗാണ് സിനിമയ്ക്കുപുറത്ത് അരങ്ങേറിയ സംഘർഷരംഗങ്ങൾക്ക് അടിസ്ഥാനമായത്. കന്നഡ ഭാഷയുണ്ടായത് തമിഴിൽനിന്നാണെന്ന പ്രസ്താവന കമൽ വിചാരിക്കാത്ത അർഥതലങ്ങളിലേക്ക് വളർന്നു. ഇത് കേട്ടിരുന്ന ശിവരാജ് കുമാറിന് അരുതാത്തത് കേട്ടതായി തോന്നിയില്ലെങ്കിലും തമിഴ്‌നാടിന്റെ അതിർത്തി കടന്ന് കന്നഡ മണ്ണിൽ ഈ ഡയലോഗ് എത്തിയപ്പോൾ കഥ മാറി. കന്നഡ വികാരം വ്രണപ്പെടുന്നതിനെ എതിർക്കാൻ നോക്കിയിരുന്ന ഭാഷാപ്രണയികൾക്ക് നല്ലൊരു വിഷയമായി. കന്നഡയെ കമൽ താഴ്ത്തിക്കെട്ടിയെന്ന് അവർക്കു തോന്നി. അന്യഭാഷക്കാരുമായി കൊമ്പുകോർത്തുനിൽക്കുന്നത് പതിവാക്കിയ കർണാടക രക്ഷണവേദികെ ഉൾപ്പെടെയുള്ള കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കർണാടകത്തിലെ വിവിധയിടങ്ങളിൽ തഗ് ലൈഫിന്റെ പോസ്റ്ററുകൾ പ്രതിഷേധക്കാർ കീറിക്കളഞ്ഞു. സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കമൽഹാസന്റെ കോലം കത്തിച്ചു.
സിനിമയുടെ റിലീസിങ് തടയണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ സമ്മർദംചെലുത്തി. തുടർന്ന് കമൽ കന്നഡിഗരോട് മാപ്പുപറയണമെന്നും അല്ലെങ്കിൽ തഗ് ലൈഫിന്റെ പ്രദർശനം അനുവദിക്കില്ലെന്നും ഫിലിം ചേംബർ തീരുമാനമെടുത്തു. പക്ഷേ, കമൽ സ്ഥിരം നായകകഥാപാത്രത്തിന്റെ മട്ടിൽത്തന്നെ നിന്നു. മാപ്പുപറയാൻ കൂട്ടാക്കിയില്ല. ജൂൺ അഞ്ചിന് ലോകത്തിന്റെ വിവിധയിടങ്ങളിൽ തഗ് ലൈഫ് സിനിമ റിലീസ് ചെയ്തപ്പോൾ കർണാടകത്തിൽമാത്രം സിനിമയെത്തിയില്ല. കർണാടകത്തിലെ പ്രദർശനം നടക്കാതെവന്നതോടെ 35 കോടിയോളം രൂപയുടെ നഷ്ടം സിനിമയുടെ അണിയറ പ്രവർത്തകർക്ക് സഹിക്കേണ്ടിവന്നു.
ഇതോടെ സിനിമയുടെ നിർമാതാക്കൾ കോടതികയറേണ്ട സ്ഥിതിയിലെത്തി. തഗ് ലൈഫ് റിലീസ്ചെയ്യാൻ സൗകര്യമൊരുക്കണമെന്ന ആവശ്യവുമായി കമലിന്റെ നിർമാണക്കമ്പനിയായ രാജ്കമൽ ഫിലിംസ് ഹൈക്കോടതിയിൽ ഹർജി നൽകി. പക്ഷേ, കോടതി കമലിനെ വിമർശിക്കുകയാണ് ചെയ്തത്. വൈകാരികമായ വിഷയത്തിൽ പരാമർശം നടത്തുമ്പോൾ ജാഗ്രത പുലർത്തേണ്ടിയിരുന്നെന്ന് അഭിപ്രായപ്പെട്ടു. ക്ഷമാപണം നടത്തി പരിഹരിക്കേണ്ട വിഷയം കമൽ അതു ചെയ്യാതെ സങ്കീർണമാക്കിയെന്നും വിമർശിച്ചു. എന്നാൽ, ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെന്ന് കമൽ നിലപാടെടുത്തു. ഇതോടെ പ്രശ്നപരിഹാരം നീണ്ടു.
രാഷ്ട്രീയനേതൃത്വവും കമലിനെതിരായി
ഭാഷാവികാരം രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടുന്ന നാടാണ് കർണാടക. അതുകൊണ്ടുതന്നെ പ്രശ്നത്തിൽ കർണാടകത്തിലെ രാഷ്ട്രീയനേതൃത്വവും കമൽഹാസന് എതിരായാണ് നിലപാടെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ കമൽഹാസന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. കമലിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായിരിക്കേയാണ് സിദ്ധരാമയ്യ അദ്ദേഹത്തെ തള്ളിയത്. കന്നഡയ്ക്ക് അതിദീർഘമായ ചരിത്രമുണ്ടെന്നും കമലിന് അതറിയില്ലെന്നുമാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. കർണാടക സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തെംഗഡഗി, കമൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. കമൽഹാസൻ മാനസികരോഗിയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. കന്നഡയെ കമൽ അപമാനിച്ചെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞത്. പ്രതിപക്ഷ കക്ഷിയായ ജെഡിഎസും കമലിനെ തള്ളിപ്പറഞ്ഞു. അതേസമയം, നടൻ ശിവരാജ് കുമാർ കമലിനെ അനുകൂലിക്കുകയാണ് ചെയ്തത്. കമൽ കന്നഡയെ സ്നേഹിക്കുന്നയാളാണെന്നും വിവാദം അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശിവരാജ്കുമാറിനെതിരേ കന്നഡ സിനിമാപ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു.
സംഘർഷാത്മകം കന്നഡ വികാരം
കന്നഡ ഭാഷയ്ക്കുവേണ്ടി ശബ്ദമുയർത്തുന്നതും മറ്റുഭാഷകളോടുള്ള സംഘർഷവും കുറച്ചുകാലമായി കർണാടകത്തിൽ പതിവാണ്. സാധാരണക്കാർ ബന്ധപ്പെടുന്ന സ്ഥലങ്ങളിൽ കന്നഡയ്ക്കുപകരം ഹിന്ദി, മറാഠി, ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കുന്നതിനെതിരേ ശബ്ദമുയർത്തുന്നത് സ്ഥിരം സംഭവമാണ്. ബസുകൾ, ഓട്ടോറിക്ഷകൾ, ബാങ്കുകൾ തുടങ്ങിയയിടങ്ങൾ പലതവണ ഭാഷാസംഘർഷത്തിന് വേദിയായി. കാവേരീ നദീജലപ്രശ്നംപോലുള്ള വിഷയങ്ങളിലും കന്നഡ അനുകൂല സംഘടനകൾ രംഗത്തുവരുന്നത് പതിവാണ്.
സുപ്രീംകോടതിയുടെ പ്രഹരം
തഗ് ലൈഫ് സിനിമയുടെ പ്രദർശനം തടഞ്ഞതിനെപ്പറ്റി സുപ്രീംകോടതി നടത്തിയ പരാമർശം പ്രതിഷേധക്കാർക്കും സർക്കാരിനും ഒരുപോലെ പ്രഹരമേൽപ്പിച്ചു. സുപ്രീംകോടതിയുടെ താക്കീത് വന്നതോടെ നിലപാട് മയപ്പെടുത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തിയത് ശ്രദ്ധേയമായി. സുപ്രീംകോടതി പറഞ്ഞത് അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും നിയമം കൈയിലെടുക്കാൻ ആർക്കുമാകില്ലെന്നും ശിവകുമാർ വ്യക്തമാക്കി.
Content Highlights: Kamal Haasan's Thug Life: Karnataka Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·