'ഹേ ബനാനേ' എന്ന പാട്ടിനേയും സംഗീതസംവിധായകന്‍ ഇലക്ട്രോണിക് കിളിയെന്ന സ്റ്റെഫിന്‍ ജോസിനേയും മലയാളികള്‍ ഏറ്റെടുത്തത് അതിന്റെ വൈബും വ്യത്യസ്തതയും കൊണ്ടാണ്. റിലീസിനൊരുങ്ങുന്ന തലവര എന്ന ചിത്രത്തിലെ 'കണ്ട് കണ്ട്' വീണ്ടും ട്രെന്‍ഡിങ് ടോപ്പില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇലക്ട്രോണിക് കിളി. സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വഴിയാണ് അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന തലവരയിലേക്ക് ഇലക്ട്രോണിക് കിളി എത്തിയത്. തലവരയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് പുതുമയുള്ള അനുഭവമായിരുന്നുവെന്ന് സ്റ്റെഫിന്‍ പറയുന്നു. വളരെ സിമ്പിളായ, ഹമ്പിളായ നല്ലൊരു പടമാണ് തലവരയെന്നും സ്റ്റെഫിന്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഗീതസംവിധാനം മാത്രമല്ല, ബനാനയും കണ്ട് കണ്ടും പാടിയതും സ്റ്റെഫിനും ചേര്‍ന്നാണ്. സര്‍ക്കീട്ട് എന്ന ചിത്രത്തിനുവേണ്ടി ഗോവിന്ദ് വസന്ത ഈണമിട്ട ഗാനമുള്‍പ്പെടെ പാടി ഗായകനെന്ന ലേബലും സ്റ്റെഫിന്‍ സ്വന്തമാക്കി. തലവരയെ കുറിച്ചും തന്റെ സംഗീതപ്രവര്‍ത്തനത്തെ കുറിച്ചും സ്റ്റെഫിന്‍ സംസാരിക്കുന്നു.
തലവരയിലെ ഗാനങ്ങൾ / ബാക്ക്ഗ്രൗണ്ട് സ്കോർ എന്നിവ ഏതുവിധത്തിലാണ് ഒരുക്കിയിരിക്കുന്നത്/ സിനിമയുടെ പശ്ചാത്തലത്തിനനുസരിച്ചുള്ള സംഗീതമൊരുക്കാനായെന്ന സംതൃപ്തിയുണ്ടോ.
സുഷിനാണ് മഹേഷ് നാരായണനെ ചെന്നുകാണാൻ പറഞ്ഞത്. മഹേഷേട്ടൻ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാളാണ്. എനിക്ക് ചെയ്യാനറിയുന്നതും കംഫര്‍ട്ടബിളായതും ഇലക്ട്രോണിക് മ്യൂസിക്കാണ്. പക്ഷേ, തലവരയില്‍ കുറച്ച് നാടന്‍ ശൈലിയിലുള്ള മ്യൂസിക്കാണ് വേണ്ടിയിരുന്നത്. ഒരു ചെറിയ, നല്ല പടമാണ് തലവര. എനിക്ക് മാനേജ് ചെയ്യാന്‍ പറ്റുമെന്ന് തോന്നി. മുഴുവന്‍ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞാണ് ഞാന്‍ ഈ സിനിമയിലേക്കെത്തുന്നത്. ഒന്നുരണ്ട് പാട്ടുകള്‍ ചെയ്തിട്ട് ഇത് വര്‍ക്കാകുമോ എന്ന് നോക്കാമെന്ന് ഞാന്‍ മഹേഷേട്ടനോട് പറഞ്ഞു. തലവരയില്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറും ചെയ്യുന്നുണ്ട്. സംവിധായകന്‍ അഖില്‍ അനില്‍കുമാറിന് കുറേ ആശയങ്ങളുണ്ടായിരുന്നു. അതനുസരിച്ചാണ് ചെയ്തത്. പാലക്കാടിന്റെ തനതായ ഫോക്ക് സംഗീതം കുറച്ച് റഫർ ചെയ്തിരുന്നു. പക്ഷേ, അത് അതേപടി ചെയ്താൽ പഴയ സിനിമപോലെ തോന്നിക്കുമെന്നതിനാൽ കുറച്ചു മാത്രമാണ് ഉപയോഗപ്പെടുത്തിയത്.
ആറ് പാട്ടുകളും ഒരു ബിറ്റ് സോങ്ങുമാണ് സിനിമയിലുള്ളത്. ഫ്ളൂട്ടും തബലയുമൊക്കെ ഉപയോഗിച്ചുള്ള പാട്ടുകളുണ്ട് സിനിമയില്‍. എങ്കിലും അത്ര പ്രയാസം തോന്നിയില്ല. എന്റെ സ്ഥിരം രീതിയിലല്ലാതെയുള്ള പാട്ടുകളാണ്. ഇന്‍ഡിപെന്‍ഡന്റായി ആദ്യമായി സ്‌കോര്‍ ചെയ്യുന്നതും ഈ സിനിമയിലാണ്. സംവിധായകന്റെ അഭിപ്രായങ്ങള്‍ ചോദിച്ചുതന്നെയാണ് വര്‍ക്ക് ചെയ്തത്. സിനിമ വരുന്നതിന് മുന്‍പ് കണ്ട് കണ്ട് ഉള്‍പ്പെടെ മൂന്ന് പാട്ടുകളുടെ റിലീസാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മുത്തുവാണ്. എക്‌സ്ട്രാ ഡീസന്റ് എന്ന പടത്തിലാണ് ഞാന്‍ മുത്തുവിനെ മീറ്റ് ചെയ്തത്. നല്ല ഫ്രഷായിട്ടുള്ള കുറേ വാക്കുകള്‍ പുള്ളിയുടെ പക്കലുണ്ട്. മുത്തു ഒരു കമ്പോസർ കൂടിയാണ്. നമുക്ക് വേണ്ട രീതിയില്‍ പുള്ളി എഴുതിത്തരും.
കുട്ടിക്കാലത്തുതന്നെ സംഗീതം അഭ്യസിച്ചിരുന്നോ, സംഗീതമാണ് മേഖല എന്നുള്ള തീരുമാനത്തിലെത്തിയതെങ്ങനെയാണ്.
വീട്ടില്‍ ചേച്ചിയെ സംഗീതം പഠിപ്പിക്കാന്‍ വന്ന മാഷിന്റെ ശിക്ഷണമായിരുന്നു കീബോര്‍ഡില്‍. പാട്ടുപാടുന്നത് കുറച്ച് പാടായിരിക്കുമെന്ന് മാഷ് ആദ്യമേ തന്നെ പറഞ്ഞിരുന്നു. പള്ളിയില്‍ കുര്‍ബാനയ്ക്കായി കീബോര്‍ഡ് വായിക്കുമായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബി.ടെക്. ചെയ്തു. എന്‍ജിനീയറിങ്ങിന്റെ നാലുകൊല്ലം വീട്ടിലെ മുറിയ്ക്കുള്ളില്‍ മാത്രമായിരുന്നു സംഗീതം. ബി.ടെക്കിന് ശേഷം റഹ്‌മാന്‍ സാറിന്റെ (എ.ആര്‍.റഹ്‌മാന്‍) കെ.എം. കോളേജ് ഓഫ് മ്യൂസിക് & ടെക്‌നോളജിയില്‍ മ്യൂസിക് കംപോസിഷന്‍ കോഴിസിന് ചേര്‍ന്നു.
അവിടെയെത്തിയപ്പോഴാണ് സത്യത്തില്‍ എനിക്കൊന്നും അറിയില്ലെന്ന ബോധ്യമുണ്ടായത്. വളരെ ഇന്റലിജന്റ് ആയ, സംഗീതാഭ്യാസമുള്ളവരായിരുന്നു അവിടെയുള്ള വിദ്യാര്‍ഥികള്‍. സംഗീതത്തില്‍ അടിസ്ഥാനവിവരം പോലുമില്ലാത്ത ഞാന്‍ എന്തിനാണ് അവിടെ ചേര്‍ന്നത് എന്നുപോലും തോന്നിയിരുന്നു. ഒന്നരക്കൊല്ലത്തെ കോഴ്‌സ് കഴിഞ്ഞതിനുശേഷമാണ് മര്യാദയ്ക്ക് എന്തെങ്കിലും ചെയ്തുതുടങ്ങിയത്. അതിനുശേഷം കൂര്‍ഗിലെ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കീബോര്‍ഡ് ടീച്ചറായി ജോലിചെയ്തു. അതിനുശേഷം കൊച്ചിയിലെത്തി. കോവിഡ് കാലത്തായിരുന്നു കൊച്ചിയിലെത്തിയത്. ആ സമയത്ത് ഒരു സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്തു. പക്ഷേ, സിനിമ പാതിവഴിയില്‍ മുടങ്ങി. അതിനുശേഷം ദിവസം ഒരു മ്യൂസിക് സ്‌റ്റോറില്‍ മാനേജരായി. പക്ഷേ, എട്ടുദിവസം മാത്രമായിരുന്നു ജോലി ചെയ്തത്.
സിനിമയിലേക്കുള്ള വരവിനെ കുറിച്ച് / ഇൻഡിപെൻഡന്റ് മ്യൂസിക് മേഖലയിൽ പരീക്ഷണങ്ങളുണ്ടോ? ഏയ് ബനാനയുടെ പിന്നിൽ.
അതിനുശേഷമാണ് വെബ്‌സീരിസുകളിലേക്ക് എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന മ്യൂസിക് കണ്ടന്റുകള്‍ കേട്ടാണ് അവസരങ്ങള്‍ വന്നത്. സബ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനൊക്കെ വേണ്ടി മ്യൂസിക് ചെയ്തിരുന്നു. ഇവര്‍ വഴിയാണ് അങ്കിത് മേനോനിലേക്കെത്തുന്നത്. ജയ ജയ ജയഹേയില്‍ മ്യൂസിക് പ്രൊഡ്യൂസറായി. ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസിന്റെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു സംഗീതം ചെയ്തത്. തുടര്‍ന്ന മൂന്നാല് കൊല്ലം അങ്കിത് മേനോനെ അസിസ്റ്റ് ചെയ്തു. എക്‌സ്ട്രാ ഡീസന്റ്, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തു. വാഴയിലെത്തിയപ്പോള്‍ ഇന്‍ഡിപെന്‍ഡന്റായി ഒരു ട്രാക്ക് ചെയ്യാന്‍ ഒരവസരം കിട്ടിയത്. അങ്ങനെയാണ് ഏയ് ബനാനേ ചെയ്തു. പ്രൊഡ്യൂസേഴ്‌സിനൊന്നും ആ പാട്ട് ആദ്യം അത്രയ്ക്കിഷ്ടപ്പെട്ടിരുന്നില്ല. മാറ്റി ചെയ്യാനും പറഞ്ഞിരുന്നു. പക്ഷേ, അവസാനം അതുതന്നെ ഉള്‍പ്പെടുത്തുകയായിരുന്നു. വാഴയ്ക്ക് ശേഷം കുറച്ചുനാള്‍ വെറുതെയിരുന്നു. പിന്നീടാണ് സുഷിന്‍ ശ്യാം വിളിച്ചതും തലവരയിലേക്കെത്തുന്നതും.
ഇലക്ട്രോണിക് കിളി എന്ന പേരെങ്ങനെ വന്നു? സാമൂഹികമാധ്യമങ്ങളിൽ അധികം ഇടപെടാത്ത പ്രകൃതമാണെന്ന് തോന്നുന്നല്ലോ.
ഒരു ട്രാക്കിനുവേണ്ടി ഇട്ട പേരാണ് ഇലക്ട്രോണിക് കിളി എന്നത്. പിന്നെ ഇന്‍സ്റ്റയില്‍ ആ പേര് ഉപയോഗിച്ചു. അധികമങ്ങനെ ആള്‍ക്കാരുമായി ഇടപഴകുന്നതും അറിയപ്പെടുന്നതും ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ പേരില്‍തന്നെ തുടരാമെന്ന വെച്ചു. പിന്നെയോര്‍ത്തപ്പോള്‍ അത് സേഫായി തോന്നുകയും ചെയ്തു. എന്തിനാണ് ഒരു പേര്, ഒരു പേരിലെന്തിരിക്കുന്നു!
സിനിമാസംഗീതത്തിൽ കോപ്പിയടി എന്നൊരു പരാതി ചില സാഹചര്യങ്ങളിൽ ഉയരാറുണ്ടല്ലോ, ശ്രോതാക്കൾ പലപ്പോഴും അതു കൃത്യമായി ചൂണ്ടിക്കാണിക്കാറുമുണ്ട്. സ്റ്റെഫിന് എന്താണഭിപ്രായം
ഒറിജിനലായിട്ട് എന്റെ കയ്യില്‍ പാട്ടുകളൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എല്ലാവരില്‍ നിന്നും എന്തെങ്കിലുമൊക്കെ ഡിറൈവ് ചെയ്യുന്നുണ്ട്. അതേപടി കോപ്പിയടിക്കാനുള്ള സ്‌കില്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ചെയ്തുവരുമ്പോള്‍ പാട്ട് വേറെ രീതിയിലാകും. കോപ്പിയടിച്ചതാണെന്ന് എനിക്ക് മാത്രമേ മനസ്സിലാകൂ. ഇഷ്ടപ്പെടുന്ന ചില സംഗതികള്‍ കേട്ടാല്‍ അതെന്റെ പാട്ടുകളില്‍ കൊണ്ടുവരാറുണ്ട്. അതേപടിയല്ലെന്ന് മാത്രം. ചിലപ്പോള്‍ ഒരു സൗണ്ടാകാം, ട്യൂണിലെ ഒരു നോട്ടാകാം.
സംഗീതസംവിധാനത്തിൽ തുടരാൻ തന്നെയാണോ പദ്ധതി? വീട്ടിൽ നിന്ന് അത്യാവശ്യം പിന്തുണ ലഭിക്കുന്നുണ്ട് എന്ന് കരുതട്ടെ
ഓണ്‍ലൈനില്‍ സൗണ്ട് ഡിസൈനിങ് പഠിക്കുന്നുണ്ട്. പിയാനോ തേഡ് ഗ്രേഡ് വരെ പഠിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിനാൽ കുറച്ചു പഠിക്കണമെന്നുണ്ട്. ഓൺലൈൻ പഠനം എന്റെ കാര്യത്തിൽ പ്രായോഗികമായി തോന്നാത്തതിനാൽ അതിന് മുതിരുന്നില്ല. നേരിട്ട് അധ്യാപകന്റെ അരികിൽ പോയി പഠിക്കാനുള്ള സമയവും സൗകര്യവും ഇല്ലാത്തതിനാൽ തത്ക്കാലം അത് വേണ്ടെന്നുവെച്ചിരിക്കുകയാണ്. അവസരം വരികയാണെങ്കിൽ തീർച്ചയായും നോക്കണം. ഇപ്പോള്‍ കുറച്ചു പാട്ടുകള്‍ ചെയ്യുന്നുണ്ട്. പുതിയ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്. വരുന്ന സിനിമകള്‍ ചെയ്യാമെന്ന് കരുതുന്നു. വേറെ കൂടുതലായി ഭാവിയെ കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ല. പാട്ടുകള്‍ സ്‌പോട്ടിഫൈയില്‍ ഇട്ട് ജീവിക്കാന്‍ പറ്റുമെന്ന് കരുതുന്നു. അറിയില്ല.
വീട്ടില്‍നിന്ന് നല്ല സപ്പോര്‍ട്ടുണ്ട്. നേരത്തെ പാട്ട് കൊണ്ട് മകന്‍ എങ്ങനെ ജീവിക്കുമെന്നുള്ള ആശങ്ക അവര്‍ക്കുണ്ടായിരുന്നു. ബനാന ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അതുമാറിയെന്നു തോന്നുന്നു. ഇപ്പോൾ എന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക അവർ പ്രകടിപ്പിച്ചു കാണാറില്ല.
ഇടുക്കി തൊടുപുഴയിലാണ് സ്റ്റെഫിന്റെ വീട്. ജോസ്, ഷാന്റി എന്നിവരാണ് മാതാപിതാക്കൾ. സഹോദരി റോസ് മേരി വിദേശത്താണ്. സിനിമാപ്രവർത്തനവുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് സ്റ്റെഫിൻ ഇപ്പോൾ താമസിക്കുന്നത്.
Content Highlights: physics kili
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·