27 April 2025, 11:35 AM IST

ടി.എം. മജു, അഷ്റഫ് ഹംസ, ഖാലിദ് റഹ്മാൻ | Photo: Screengrab, facebook:Khalid Rahman, Ashraf Hamza
കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ പ്രതികരിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം മജു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ് ചെയ്യാനുള്ള ഉപകരണവും ഇവരിൽ നിന്ന് പിടികൂടിയിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കൊച്ചിയിലെ ഫ്ലാറ്റിൽ സിനിമാ മേഖലയില്‍ നിന്നുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് ടി.എം. മജു പറഞ്ഞു. ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് ഇവരെ പിടികൂടുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, ക്രഷ് ചെയ്യാനുള്ള ഉപകരണവും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിന്റെ ഫ്ലാറ്റിലായിരുന്നു ഇവരുണ്ടായിരുന്നത്. സമീറിനെ നോട്ടീസയച്ച് വിളിച്ചുവരുത്തും. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം ലഹരി ഉത്പ്പന്നങ്ങൾ ഉപോയഗിക്കുകയോ അതിന് സൗകര്യം ചെയ്ത് കൊടുക്കുകയോ ചെയ്താല്‍ അത് കുറ്റകരമാണ്.
എവിടെ നിന്നാണ് ഇവർക്ക് ലഹരി ലഭിച്ചത് എന്നതിനെക്കുറിച്ച് ലീഡുണ്ട്. അത് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈബ്രിഡ് കഞ്ചാവിനകത്ത് ടി.എച്ച്.സി എന്ന് പറയുന്ന ഘടകം കൂടുതലാണ്. അതിനാലാണ് ചിലർ ഇത് കൂടുതലായി ഉപയോഗിക്കുന്നത്. സാധാരണ കഞ്ചാവിനേക്കാള്‍ ഇരട്ടിവിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് വില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്ലാ സിനിമാ സെറ്റുകളിലും കണ്ണടച്ച് പരിശോധിക്കാനാവില്ലെന്നും എല്ലാ ആളുകളും ഇത് ഉപയോഗിക്കുന്നവരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ കൃത്യമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kochi Filmmakers Arrested for Hybrid Cannabis





English (US) ·