
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
അമ്പതാം വാര്‍ഷികമാഘോഷിക്കുന്ന ടൊറോന്റോ രാജ്യാന്തരചലച്ചിത്രമേളയില്‍ കേരളത്തിന് അഭിമാനമായി, കുഞ്ഞില മാസിലാമണി എന്ന യുവസംവിധായികയ്ക്കു ലഭിച്ച അംഗീകാരം. വിവിധരാജ്യങ്ങളില്‍നിന്നു ലഭിച്ച നൂറുകണക്കിന് അപേക്ഷകളില്‍നിന്ന് ടിഐഎഫ്എഫ് 25 യുവസംവിധായകര്‍ക്കുള്ള പരിശീലനക്കളരി (ടിഐഎഫ്എഫ് ഡയറ്കടേഴ്‌സ് ലാബി) യിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ കുഞ്ഞില ഉള്‍പ്പെട്ടത് ഇന്ത്യയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമായി. ടൊറോന്റോ മേളയുടെ വിവിധ നൈപുണ്യവികസന പദ്ധതികളിലൊന്നായ ഡയറക്ടേഴ്‌സ് ലാബ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചലച്ചിത്രലോകത്ത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ടുകഴിഞ്ഞു.
ലോകപ്രശസ്തരായിട്ടുള്ള സംവിധായകരുള്‍പ്പെടുന്ന വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ചലച്ചിത്രമേളക്കാലത്ത്, ഇതിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഞ്ചുദിവസത്തെ പരിശീലനം ലഭ്യമാക്കും. പരിശീലനകാലയളവില്‍ മികച്ച വൈദഗ്ദ്ധ്യം നേടുന്നവര്‍ക്ക് ഫെലോഷിപ്പുകളുള്‍പ്പെടുന്ന നിര്‍മാണസഹായങ്ങള്‍ ലഭ്യമാകാറുണ്ട്. മിക്കി മോര്‍, വിയോള ഡെസ്മണ്ട്, ജെനിഫര്‍ എ ടോറി എന്നീ വിഖ്യാതവ്യക്തികളുടെ പേരിലുള്ള ഫെലോഷിപ്പുകളും വനിതാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള ഷെയര്‍ ഹേര്‍ ജേര്‍ണി എന്ന പദ്ധതിയിലൂടെയുള്ള ധനസഹായത്തിനും ഇവര്‍ക്ക് അര്‍ഹതയുണ്ട്.
സംവിധാനത്തിലും തിരക്കഥാരചനയിലും കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍നിന്ന് ഉപരിപഠനം നേടിയ കുഞ്ഞിലയുടെ ആദ്യചിത്രം 'ഗുപ്തം' ആണ്. പ്രശസ്തസംവിധായകരായ പായല്‍ കപാഡിയ, ജിയോ ബേബി എന്നിവരോടൊപ്പം റിച്ചാ ഛദ്ദ- അലി ഫസല്‍ ദമ്പതിമാരും കനി കുസൃതിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കുഞ്ഞിലയുടെ 'അസംഘടിതര്‍' എന്ന ഹ്രസ്വചിത്രം ഉള്‍പ്പെടുന്ന 'ഫ്രീഡം ഫൈറ്റ്' എന്ന സമാഹാരചിത്രത്തിന് 2023-ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണ്ണയത്തില്‍ ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ചിരുന്നു. ചിത്രത്തിന്റെ തിരക്കഥ കോഴിക്കോട് സര്‍വകലാശാലയുടെ ബിരുദപാഠ്യ പദ്ധതിയിലുണ്ട്.
ദി ലാസ്റ്റ് ഓഫ് ദം പ്ലാഗ്‌സ് എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയ്ക്കാണ്, കുഞ്ഞിലയ്ക്ക് ടിഐഎഫ്എഫ് 2025- നോട് അനുബന്ധിച്ചു നടക്കുന്ന ഡയറക്ടേഴ്സ് ലാബിലേയ്ക്ക് പ്രവേശനം സാധ്യമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യന്‍ ചിത്രങ്ങളായ 'ഹോം ബൗണ്ട്', 'ബയാന്‍', 'ബന്ദര്‍', 'ജേഴ്സി ബോയ്' എന്നിവയോടൊപ്പം 'ഷോലെ', 'ആരണ്യേര്‍ ദിന്‍ രാത്രി' എന്നീ മുന്‍കാലചിത്രങ്ങളും 'ഗാന്ധി' പരമ്പരയുടെ ഏതാനും എപ്പിസോഡുകളും സെപ്റ്റംബര്‍ നാലുമുതല്‍ 14 വരെയുള്ള ഫെസ്റ്റിവല്‍കാലത്ത് പ്രേക്ഷകര്‍ക്ക് ലഭ്യമാകും.
Content Highlights: Kunjila Mascillamani selected for TIFF`s prestigious Directors Lab
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·