
ബ്രൂസ് വിലസ് | ഫോട്ടോ: AFP
ഹോളിവുഡിലെ ഇതിഹാസതാരം ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളാവുന്നതായി റിപ്പോർട്ട്. ദ എക്സ്പ്രസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഡൈ ഹാർഡ്, പൾപ്പ് ഫിക്ഷൻ, ദി സിക്സ്ത് സെൻസ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ അമേരിക്കൻ നടൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന, ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ എന്ന രോഗമാണ് അദ്ദേഹത്തിന്.
70 വയസുകാരനായ ബ്രൂസിന് ഇപ്പോൾ സംസാരശേഷി ഏതാണ്ട് പൂർണമായി നഷ്ടപ്പെട്ടുവെന്നും ശരീരം അനക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നുമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ആശയവിനിമയത്തിനുള്ള കഴിവിനെ ബാധിക്കുന്ന അഫേസിയ എന്ന നാഡീസംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്, 2022 മാർച്ചിൽ ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. കുടുംബംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2023-ൽ അദ്ദേഹത്തിന് ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ സ്ഥിരീകരിച്ചു.
താരത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുൻഭാര്യ ഡെമി മൂർ, അവരുടെ മക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബം അദ്ദേഹത്തെ പരിചരിക്കാനും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നടത്താനും ഒന്നിച്ചുനിൽക്കുകയാണ്. ബ്രൂസ് വില്ലിസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ഈ രോഗനിർണയം കുടുംബത്തിലുണ്ടാക്കിയ വൈകാരികമായ ആഘാതത്തെക്കുറിച്ചും അവർ നിരന്തരം പങ്കുവെക്കുന്നുണ്ട്.
എന്താണ് ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ?
ഡിമെൻഷ്യയുടെ അത്ര സാധാരണമല്ലാത്ത ഒരു രൂപമാണ് ഇത്. ചെറുപ്പക്കാരെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. തീരുമാനമെടുക്കൽ, വൈകാരിക പ്രകടനങ്ങൾ, ഭാഷ എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിന്റെ ഫ്രോണ്ടൽ, ടെംപോറൽ ലോബുകൾക്ക് സംഭവിക്കുന്ന നാശം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, സംസാരിക്കാനോ സംസാരം മനസ്സിലാക്കാനോ ഉള്ള ബുദ്ധിമുട്ട്, വ്യക്തിത്വത്തിലെ മാറ്റങ്ങൾ, വിവേചനബുദ്ധി നഷ്ടപ്പെടൽ എന്നിവ ഉൾപ്പെടെ പലതരം ലക്ഷണങ്ങളിലേക്ക് ഫ്രോണ്ടോടെമ്പറൽ ഡിമെൻഷ്യ നയിച്ചേക്കാം. ഇതിന് നിലവിൽ മരുന്നുകളൊന്നുമില്ല. രോഗലക്ഷണങ്ങൾ നിയന്ത്രിച്ച് രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്.
എന്താണ് അഫേസിയ?
ആശയവിനിമയത്തിന് സഹായിക്കുന്ന തലച്ചോറിന്റെ വിവിധ ഭാഗങ്ങൾക്ക് തകരാറുണ്ടാകുമ്പോൾ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് അഫേസിയ. പ്രധാനമായും തലച്ചോറിന്റെ ഇടതുവശത്തെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇത് ഭാഷ പ്രകടിപ്പിക്കാനും മനസ്സിലാക്കാനുമുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡെഫ്നസ് ആൻഡ് അതർ കമ്മ്യൂണിക്കേഷൻ ഡിസോർഡേഴ്സ് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, അഫേസിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് പക്ഷാഘാതമാണ് (സ്ട്രോക്ക്).
Content Highlights: Bruce Willis`s information deteriorates arsenic frontotemporal dementia progresses
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·