സംസാരിക്കില്ല, എന്റെ അച്ഛനെ അടിച്ചില്ലേ? ശ്രീശാന്തിന്റെ മകളുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്ന് ഹര്‍ഭജന്‍

6 months ago 6

മുംബൈ: 2008-ല്‍ ഐപിഎലിന്റെ കന്നി സീസണ്‍ വ്യത്യസ്തമായ ആശയം കൊണ്ട് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ആ സീസണില്‍ അതിലേറെ പ്രസിദ്ധിയാര്‍ജിച്ചത് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ സിങ് അന്നത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവമായിരുന്നു. ഇത് വിവാദമായതോടെ ഹര്‍ഭജനെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തു. എങ്കിലും ഇന്നും ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ സംഭവങ്ങളില്‍ ഒന്നായി ആ അടി തുടരുകയാണ്.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് ശ്രീശാന്തുമായുള്ള ആ സംഭവമാണെന്ന് പറയുകയാണ് ഹര്‍ഭജന്‍. സംഭവിച്ചത് തെറ്റായിരുന്നുവെന്നും ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ആര്‍. അശ്വിന്റെ യുട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ ഹര്‍ഭജന്‍ വ്യക്തമാക്കി. ഇക്കാര്യത്തിന് ശ്രീശാന്തിനോട് 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ ഭാജി, ശ്രീശാന്തിന്റെ മകളോട് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ താന്‍ തകര്‍ന്നുപോയെന്നും കൂട്ടിച്ചേര്‍ത്തു.

''എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. ആ സംഭവം എന്റെ കരിയറില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പട്ടികയില്‍ നിന്ന് ഞാന്‍ മാറ്റുന്ന സംഭവമാണിത്. സംഭവിച്ചത് തെറ്റായിരുന്നു, ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. 200 തവണയെങ്കിലും ഞാന്‍ അതിന് ക്ഷമാപണം നടത്തിയിട്ടുണ്ട്. ആ സംഭവത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും എനിക്ക് അതില്‍ കുറ്റബോധമുണ്ട്. ഇപ്പോഴും ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഞാന്‍ ക്ഷമാപണം നടത്താറുണ്ട്. അത് തെറ്റായിരുന്നു. എല്ലാവര്‍ക്കും തെറ്റു പറ്റാറുണ്ട്. പിന്നീട് അത് ആവര്‍ത്തിക്കാതിരിക്കാനാണു ശ്രമിക്കേണ്ടത്. അന്ന് ഞങ്ങള്‍ എതിരാളികളായിരുന്നു. പക്ഷേ പ്രശ്‌നം അത്രയും വഷളാക്കേണ്ടിയിരുന്നില്ല.'' - ഹര്‍ഭജന്‍ പറഞ്ഞു.

''വര്‍ഷങ്ങള്‍ക്ക് ശേഷവും എന്നെ വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ (ശ്രീശാന്തിന്റെ) മകളെ കണ്ടുമുട്ടിയപ്പോഴാണ്. ഞാന്‍ അവളോട് ഒരുപാട് സ്‌നേഹത്തോടെ സംസാരിച്ചപ്പോള്‍, നിങ്ങള്‍ എന്റെ അച്ഛനെ അടിച്ചില്ലേ, എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു, ഞാന്‍ കരച്ചിലിന്റെ വക്കിലെത്തി. ആ കുഞ്ഞിന്റെ മനസില്‍ ഞാന്‍ അവശേഷിപ്പിച്ച ധാരണ എന്താണെന്നു സ്വയം ചോദിച്ചു. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി.'' - ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Harbhajan Singh expresses regret implicit slapping Sreesanth successful IPL 2008

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article