തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളസന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കരാർ ലംഘിച്ചെന്ന എഎഫ്എ മാർക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ ആരോപണം നിഷേധിച്ച് കായികമന്ത്രി വി. വി. അബ്ദുറഹ്‌മാൻ. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്‌പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കരാറിലുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കരാറില്‍ തന്നെയുണ്ട്. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവു വലിയ കരാര്‍ ലംഘനം. കേരളം കരാര്‍ ലംഘിച്ചു എന്ന് എങ്ങനെയാണ് അദ്ദേഹം പറയുകയെന്നും മന്ത്രി ചോദിച്ചു.
'സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ല. സ്‌പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. കേരളം അത്തരത്തിലൊരു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഞാന്‍ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് പണമടച്ചിട്ടില്ലെന്നും പറഞ്ഞു. ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നു കരാര്‍ ലംഘനമുണ്ടായി എന്ന് .അതിനര്‍ഥം കരാറില്‍ ഒപ്പിട്ടു എന്നാണ്. അത് കേരളമല്ല. തെറ്റായി ആണ് പറയുന്നത്. കരാറുള്ളത് സ്‌പോണ്‍സര്‍മാരുമായി ആണ്. '
'ഇപ്പോള്‍ ഏതോ ഒരു വാട്‌സ് ആപ്പ് ചാറ്റുമായിട്ടാണ് വന്നിട്ടുള്ളത്. ലിയാന്‍ഡ്രോ എന്നുപറയുന്ന ആള്‍ അവരുടെ മാര്‍ക്കറ്റിങ് ഹെഡാണ്. അദ്ദേഹമാണ് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഒപ്പുവെച്ചിട്ടുള്ളത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. അവര്‍ തമ്മിലാണ് കരാര്‍. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍മാര്‍ തന്നെ പറഞ്ഞു ഈ ഒക്ടോബര്‍-നവംബര്‍ വിന്‍ഡോയില്‍ വരാനാവില്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന്. 2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും. സംവിധാനങ്ങള്‍ മാറും. അതില്‍ ഈ സ്‌പോര്‍ട്‌സ് മന്ത്രി ഉണ്ടായിരിക്കണമെന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാവും വരുക. എന്നാൽ അതില്‍ സ്‌പോണ്‍സര്‍ക്ക് താത്പര്യക്കുറവുണ്ടായി. അത് അവരെ അറിയിച്ചു. ഇതാണ് അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുപോകന്നത്. - മന്ത്രി പറഞ്ഞു.
'അതേസമയം മെസ്സിയുടെ പേരിൽ നടത്തിയ സ്പെയിൻ യാത്രക്ക് 13 ലക്ഷം ചെലവായതുസംബന്ധിച്ചും മന്ത്രി പ്രതികരണം നടത്തി. സ്‌പെയിനില്‍ മാത്രമല്ല പോയത്. വിവിധ രാജ്യങ്ങളുമായി കായികകരാറുകള്‍ ഒപ്പുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയായും ക്യൂബയുമായും ഒപ്പുവെച്ചിട്ടുണ്ട്. ഓരോ രാജ്യങ്ങളുമായി നിരവധി കരാറുകള്‍ നിലവിലുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സ്‌പോര്‍ട്‌സ് പോളിസി കൊണ്ടുവന്നത്.സ്‌പോര്‍ട്‌സ് പോളിസിയില്‍ സ്‌പോര്‍ട്‌സ് എക്കോണമി കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി പുതിയ ടീമുകള്‍ കളിക്കാന്‍ വരണം.വരുമാനം ഉണ്ടാകണം.അങ്ങനെയാണ് അര്‍ജന്റീനയെ കൊണ്ടുവരുന്നത്. '
'യാത്രയില്‍ മന്ത്രി ഒറ്റയ്ക്ക് പോയതല്ല, മന്ത്രിയുടെ കൂടെ ബന്ധപ്പെട്ട സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ആളുകളും ഉണ്ടായിരുന്നു. പോയി വരുമ്പോള്‍ ചെലവുണ്ടാകും. ഒരു മന്ത്രി മാത്രമാണോ പോകുന്നതെന്നും ഇന്ത്യയിലെ ഏതെല്ലാം സംസ്ഥാനത്ത് ഏതെല്ലാം മന്ത്രിമാര്‍ പോകുന്നു. പ്രധാനമന്ത്രി ഏത്ര കോടി രൂപയുടെ യാത്രാചെലവുണ്ടാക്കി. അതെന്താണ് പറയാത്തത്. അനാവശ്യമായി വാര്‍ത്ത സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആലോചിക്കണം.'- മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: lionel messi kerala sojourn sports curate response








English (US) ·