സച്ചിനും കോലിക്കും കഴിയാത്തത് ആര് നേടും; ബാസ്‌ബോളോ പേസ് പവറോ, ലോര്‍ഡ്‌സ് പരീക്ഷയ്ക്ക് ഇന്ത്യ

6 months ago 6

ലണ്ടന്‍: ക്രിക്കറ്റിന്‍റെ തറവാടായ ലോഡ്സ് ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗ്രൗണ്ടായത്‌ വിജയങ്ങളുടെ നീണ്ട പരമ്പരയുടെ വീരഗാഥകള്‍ അവിടെ രചിക്കപ്പെട്ടതുകൊണ്ടല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ജാതകം തിരുത്തിയെഴുതിയ ഇതിഹാസ സമാനമായ വിജയം രചിക്കപ്പെട്ടത് 42 വര്‍ഷം മുന്‍പ് ഒരു ജൂണ്‍ 25-ന് ഇതേ ഗ്രൗണ്ടില്‍ വച്ചായതു കൊണ്ടാണ്.

അപരാജിതര്‍ എന്ന് ലോകം മുഴുവന്‍ വാഴ്ത്തിയ വെസ്റ്റ് ഇന്‍ഡീസിന്‍റെ പടയോട്ടം അവസാനിപ്പിച്ച് ‘കപിലിന്‍റെ ചെകുത്താന്‍മാര്‍‘ ലോഡ്സിലെ വിഖ്യാതമായ ബാല്‍ക്കണിയില്‍ നിന്ന് പ്രുഡന്‍ഷ്യല്‍ കപ്പ് ലോകത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കു നേരെ ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഗതി മാറിയൊഴുകിയത് കളിയുടെ ചരിത്രം കൂടിയായിരുന്നു. ക്രിക്കറ്റിലെ വല്യേട്ടന്‍മാരുടെ മുന്നില്‍ മുട്ടു വിറച്ചിരുന്ന ഇന്ത്യ ലോക ക്രിക്കറ്റിന്‍റെ നിറുകയില്‍ കയറിയ നാള്‍. ലോഡ്സ് എന്ന ക്രിക്കറ്റിലെ മനോഹരമായ പുല്‍ത്തകിടിയെ സ്വന്തം ഗ്രൗണ്ടായി ഇന്ത്യക്കാര്‍ ഹൃദയത്തിലേറ്റിയ ദിവസം.

1932 മുതല്‍ നാളിതുവരെയുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ചുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യ മൂന്നു തവണ മാത്രമേ ലോര്‍ഡ്‌സില്‍ ജയിച്ചിട്ടുള്ളൂ. ഇതുവരെ നടന്ന 19 ടെസ്റ്റുകളില്‍ 12ലും ജയിച്ചത് ആതിഥേയരായ ഇംഗ്ളണ്ട് തന്നെയാണ്. നാലു ടെസ്റ്റുകള്‍ സമനിലയിലും അവസാനിച്ചു. ഇന്ത്യയും ഇംഗ്ളണ്ടും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയുടെ മൂന്നാം ടെസ്റ്റ് ജൂലൈ 10ന് തുടങ്ങാനിരിക്കെ, ബര്‍മ്മിങ്ങാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നേടിയ ആധികാരികമായ ജയത്തിന്‍റെ മാനസികമായ മുന്‍തൂക്കം ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നുണ്ട്. അവസാനം ലോഡ്സില്‍ നടന്ന മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യക്കായിരുന്നു ജയം എന്ന കണക്കിലെ മുന്‍തൂക്കവും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

പരമ്പരയ്ക്ക് മുന്‍പ് നടന്ന കളി വിദഗ്ധരുടെ ചര്‍ച്ചകളിലെല്ലാം നിറഞ്ഞിരുന്നത് ഇന്ത്യയുടെ അനുഭവ പരിചയമില്ലാത്ത ചെറുപ്പക്കാരുടെ ടീമിനെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ലീഡ്സിലെ ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര ഒഴിച്ചുള്ള ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ശരാശരിക്കും താഴെ പോയപ്പോള്‍ ‘ബാസ്ബോളി’നു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പപ്പടം പോലെ പൊടിയുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു ബര്‍മ്മിങ്ങാമില്‍ കണ്ടത്. ക്യാപ്റ്റന്‍ ഗില്‍ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ബുമ്രയുടെ അഭാവത്തില്‍ ആകാശ് ദീപും മുഹമ്മദ് സിറാജും ഇംഗ്ളണ്ടിന്‍റെ ബാസ്ബോള്‍ അഹങ്കാരത്തെ നിര്‍ദയം എറിഞ്ഞു വീഴ്ത്തി.

പരമ്പരയ്ക്കു മുന്‍പ് പറഞ്ഞിരുന്നത് മല്‍സരം ഇംഗ്ളണ്ടിന്‍റെ ബാറ്റര്‍മാരും ഇന്ത്യയുടെ ബൗളര്‍മാരും തമ്മിലായിരിക്കും എന്നായിരുന്നെങ്കില്‍, ഇപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി മാറിയ ഇന്ത്യയെയാണ് കാണാന്‍ കഴിയുന്നത്. ബുമ്ര കൂടി വരുന്നതോടെ ഇന്ത്യന്‍ ബൗളിങ്ങിന്‍റെ പ്രഹരശേഷി പലമടങ്ങ് വര്‍ധിക്കുമെന്ന് കളി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബാറ്റര്‍മാരുടെ തലയും നെഞ്ചും എല്ലാം ലക്ഷ്യമിട്ട് കൊടുങ്കാറ്റ് വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന ജോഫ്ര ആര്‍ച്ചറെ ഇംഗ്ലണ്ട് ടീമിലെടുത്തത് ലോഡ്സിലെ ബൗണ്‍സും സ്വിങ്ങും ഇന്ത്യന്‍ ബാറ്റര്‍മാരെ വിഷമിപ്പിക്കും എന്ന കണക്കുകൂട്ടലിലാണ്.

1983-ലെ ചരിത്ര വിജയം കൊണ്ടു മാത്രമല്ല ലോഡ്സ് ഇന്ത്യക്കാര്‍ക്കു പ്രിയതരമാകുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ഗാഥകളിലെ ആവേശഭരിതവും കൗതുതുകം നിറഞ്ഞതുമായ ഒട്ടേറെ കഥകള്‍ ഈ മനോഹരമായ പുല്‍ത്തകിടിക്ക് പറയാനുള്ളതുകൊണ്ടുകൂടിയാണ്. അത്തരം ചില കൗതുകങ്ങളാണ് ഇനി പറയുന്നത്.

ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായ ലോഡ്സ് ക്രിക്കറ്റ് ഗ്രൌണ്ട്

ലോഡ്സിലെ ഒരേയൊരു കേണല്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മൊഹീന്ദര്‍ അമര്‍നാഥിന്‍റെ അച്ഛനുമായ ലാലാ അമര്‍നാഥ് ആണ് ദിലീപ് വെങ്സാര്‍ക്കറെ ആദ്യമായി കേണല്‍ എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റന്‍ ആയിരുന്ന കേണല്‍ സി.കെ. നായിഡുവിന്‍റെ കേളീശൈലിയോട് സാമ്യമുള്ള ബാറ്റിങ് കണ്ടപ്പോള്‍ ആണ് വളര്‍ന്നു വരുന്ന താരത്തെ ലാലാ അമര്‍നാഥ് കേണല്‍ എന്നു വിളിച്ചത്. അത് പിന്നീട് വെങ്സാര്‍ക്കറിന്‍റെ ഓമനപ്പേരായി മാറുകയും ചെയ്തു.

എണ്‍പതുകളില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നട്ടെല്ലായിരുന്ന വെങ്സാര്‍ക്കര്‍ ലോഡ്സിനെ സ്വന്തം ഗ്രൗണ്ട് പോലെയാണ് കണ്ടിരുന്നത്. ക്രിക്കറ്റിന്‍റെ ഇതിഹാസ തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നു ടെസ്റ്റുകളില്‍ സെഞ്ചുറി നേടിയ ഒരേയൊരു താരമാണ് വെങ്സാര്‍ക്കര്‍. 1979, 1982, 1986 (103, 157, 126 നോട്ടൌട്ട്) പരമ്പരകളിലായിട്ടാണ് കേണല്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 1990ലും വെങ്സാര്‍ക്കര്‍ ലോഡ്സില്‍ കളിച്ചെങ്കിലും സെഞ്ചുറി നേടാനായില്ല. ഇതിഹാസ താരങ്ങള്‍ ഏറെയുണ്ടായിട്ടും ലോഡ്സില്‍ ഈയൊരു നേട്ടം കൈവരിക്കാന്‍ മറ്റൊരു കളിക്കാരനുമായിട്ടില്ല.

തറവാട്ടില്‍ കളി മറന്നവര്‍

റണ്‍മല നടന്നുകയറിയവരാണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സുനില്‍ ഗാവസ്കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി എന്നിവര്‍. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സുകള്‍ അതിദുഷ്കരമായ സാഹചര്യങ്ങളില്‍ കളിച്ച് ബാറ്റ് കൊണ്ട് കവിത രചിച്ചവര്‍. പക്ഷേ, ഏതു കളിക്കാരനും നേടാന്‍ കൊതിക്കുന്ന ലോഡ്സിലെ സെഞ്ചുറി നേട്ടം ഈ മൂന്നു പേര്‍ക്കും കൈവരിക്കാനായില്ല. ഗാവസ്കറും തെണ്ടുല്‍ക്കറും അഞ്ചു ടെസ്റ്റുകള്‍ വീതവും കോലി മൂന്നു ടെസ്റ്റുകളുമാണ് ലോഡ്സില്‍ കളിച്ചത്. ഗാവസ്കര്‍ രണ്ട് അര സെഞ്ചുറി നേടിയെങ്കിലും തെണ്ടുല്‍ക്കറും കോലിയും അതിലും പരാജയപ്പെട്ടു.

1987-ല്‍ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് സ്ഥാപിതമായതിന്‍റെ ഇരുനൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടന്ന അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ ലോക ഇലവനു വേണ്ടി (റെസ്റ്റ് ഓഫ് ഇന്ത്യ) എംസിസിക്കെതിരെ ഗാവസ്കര്‍ 188 റണ്‍സ് നേടി ലോഡ്സില്‍ ഒരു സെഞ്ചുറി എന്ന സ്വപ്നം സഫലമാക്കി.

ലോക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, ജാക്സ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരും ലോഡ്സില്‍ സെഞ്ചുറി നേടാന്‍ കഴിയാതെ കളിയവസാനിപ്പിച്ചവരുടെ കൂട്ടത്തിലുണ്ട്.

ലോഡ് ഓഫ് ലോഡ്സ് - ഒരേയൊരു കപില്‍ദേവ്

1979ല്‍ ഇന്ത്യയുടെ ഇംഗ്ളണ്ട് പര്യടനത്തില്‍ ലോഡ്സില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ കപില്‍ ദേവ് കളിച്ചിരുന്നെങ്കിലും നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. ഇംഗ്ളണ്ട് ബാറ്റ് ചെയ്തപ്പോള്‍ മൂന്നു വിക്കറ്റെടുത്തെങ്കിലും 93 റണ്‍സ് വിട്ടുകൊടുത്തിരുന്നു. പക്ഷേ, പിന്നീടുള്ള രണ്ടു പര്യടനങ്ങളിലും (1982, 1986) ലോഡ്സ് ടെസ്റ്റില്‍ കപില്‍ ദേവിന്‍റെ അഴിഞ്ഞാട്ടമായിരുന്നു. രണ്ടിലും മാന്‍ ഓഫ് ദ മാച്ച്. 1982-ല്‍ ഇംഗ്ളണ്ടിന്‍റെ 433 റണ്‍സിനു മറുപടിയായി 128 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ഇന്ത്യയ്ക്കു വേണ്ടി വെങ്സാര്‍ക്കര്‍ ഉജ്വലമായ സെഞ്ചുറി നേടിയിരുന്നു (157 റണ്‍സ്). പക്ഷേ, ആ ടെസ്റ്റ് ഓര്‍ത്തിരിക്കുന്നത് ലോഡ്സ് ഗ്രൗണ്ട് കണ്ട ഏറ്റവും നിര്‍ദയമായ ബാറ്റിങ് പ്രകടനത്താല്‍ ആയിരുന്നു. വെറും 55 പന്തില്‍ നിന്ന് കപില്‍ദേവ് 89 റണ്‍സ് നേടി. 13 ഫോറുകളും മൂന്നു സിക്സറുകളും. ഒന്നാം ഇന്നിങ്സില്‍ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റുമായി കിടയറ്റ ഓള്‍റൌണ്ട് പ്രകടനം. കളി ഇന്ത്യ തോറ്റെങ്കിലും മാന്‍ ഓഫ് ദ മാച്ച് ആയി കപില്‍ തിരഞ്ഞെടുക്കപ്പെട്ടു.

1986-ല്‍ ക്യാപ്റ്റന്‍ ആയാണ് കപില്‍ ലോഡ്സില്‍ എത്തിയത്. ഈ ടെസ്റ്റിലും വെങ്സാര്‍ക്കര്‍ സെഞ്ചുറി നേടി. പക്ഷേ, ചെറിയ സ്കോറുകള്‍ കണ്ട മല്‍സരത്തില്‍ മികച്ച ഓള്‍റൌണ്ട് പ്രകടനത്തിലൂടെ കപില്‍ തന്നെ വീണ്ടും മാന്‍ ഓഫ് ദ് മാച്ച് ആയി. ഇന്ത്യ ആദ്യമായി ലോഡ്സില്‍ ഒരു ടെസ്റ്റ് ജയിച്ച് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.

1990ലെ ലോഡ്സ് ടെസ്റ്റില്‍ റെക്കോര്‍ഡ് തിരുത്തി ചരിത്രത്തില്‍ ഇടം നേടിയത് ഗ്രഹാം ഗൂച്ച് ആണ്. ഒന്നാം ഇന്നിങ്സില്‍ 333 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 123 റണ്‍സും നേടി ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഇതുവരെ ഭേദിക്കപ്പെടാത്ത റെക്കോര്‍ഡ്. ലോഡ്സില്‍ അവസാന ടെസ്റ്റ് കളിക്കുകയായിരുന്ന കപില്‍ദേവ് പക്ഷേ തന്‍റെ സ്വതസിദ്ധമായ കൂസലില്ലായ്മയിലൂടെ എല്ലാവരെയും അമ്പരപ്പിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 24 റണ്‍സ് വേണ്ട ഘട്ടത്തില്‍ എഡ്ഡി ഹെമ്മിങ്സിനെ തുടര്‍ച്ചയായ നാലു പന്തുകളില്‍ സിക്സര്‍ അടിച്ച് ഫോളോ ഓണ്‍ ഒഴിവാക്കിയ നിര്‍ഭയ ബാറ്റിങ്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ പുറത്താവാതെ 77 റണ്‍സ് . ഈ ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു.

മധ്യനിരയുടെ ഉദയം

1996ലെ ലോഡ്സ് ടെസ്റ്റിലാണ് ഇന്ത്യയുടെ മധ്യനിരയുടെ സുവര്‍ണകാലം ഉദയം കൊള്ളുന്നത്. രണ്ടു യുവ മധ്യനിര ബാറ്റര്‍മാരെ ഇന്ത്യ ഒരുമിച്ചു പരീക്ഷിക്കുകയായിരുന്നു ആ ടെസ്ററില്‍. ആദ്യ ടെസ്റ്റ് കളിക്കുന്ന സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും പിന്നീട് ഇന്ത്യന്‍ മധ്യനിരയുടെ കരുത്തായി ഒരു പതിറ്റാണ്ടിലേറെ കളം നിറഞ്ഞു കളിച്ചു. ഗാംഗുലി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടി (136) ചരിത്രപുസ്തകത്തില്‍ ഇടം നേടിയെങ്കിലും ദ്രാവിഡിന് അര്‍ഹമായ സെഞ്ചുറി അഞ്ച് റണ്‍സകലെ നഷ്ടമായി (95). പിന്നീട് രണ്ടു പരമ്പരകള്‍ക്കു ശേഷമാണ് (2002, 2007) 2011ല്‍ ദ്രാവിഡ് ലോഡ്സിലെ സെഞ്ചുറി നേട്ടക്കാരുടെ പട്ടികയില്‍ എട്ടാമത്തെ ഇന്ത്യക്കാരനായി ഇടം നേടുന്നത്.

അസ്ഹറുദ്ദീന്‍ മാജിക്

അത്രയും മനോഹരമായ ഒരിന്നിങ്സ് ലോഡ്സ് അതിനു മുന്‍പോ അതിനു ശേഷമോ കണ്ടിട്ടില്ലെന്നാണ് കളിയെഴുത്തുകാര്‍ പറഞ്ഞത്. ടോസ് കിട്ടിയിട്ടും ഇംഗ്ളണ്ടിനെ ബാറ്റ് ചെയ്യാനയച്ചതിന്‍റെ പഴി മുഴുവന്‍ കേട്ടതിനെത്തുടര്‍ന്ന് അസ്വസ്ഥനും രോഷാകുലനുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍. 1990ലെ പരമ്പരയിലെ ആദ്യ ടെസ്റ്റ്. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് ഗ്രഹാം ഗൂച്ചിന്‍റെ പടുകൂറ്റന്‍ ട്രിപ്പിള്‍ സെഞ്ചുറിയുടെ (333) മികവില്‍ നാലു വിക്കറ്റിന് 653 റണ്‍സ് നേടി ഡിക്ളയര്‍ ചെയ്തു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി രവിശാസ്ത്രിയും സെഞ്ചുറി നേടി. പക്ഷേ, കാണികളെ ത്രസിപ്പിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ആയിരുന്നു. 111 പന്തുകള്‍ നേരിട്ട അസര്‍ 22 ബൗണ്ടറികള്‍ തലങ്ങും വിലങ്ങും പായിച്ച് 121 റണ്‍സ് നേടി പുറത്തായപ്പോള്‍ കാണികള്‍ ആരവത്തോടെയാണ് അദ്ദേഹത്തെ പവലിയനിലേക്ക് യാത്രയാക്കിയത്.

മൂന്നാം ടെസ്റ്റ് നിര്‍ണായകം

പറയുന്നത് ക്രിക്കറ്റിന്‍റെ തറവാടെന്ന കീര്‍ത്തി കേട്ട കളിയിടത്തെക്കുറിച്ചാണ്. ഇനിയുമുണ്ട് പറഞ്ഞാല്‍ തീരാത്ത ലോഡ്സ് വിശേഷങ്ങള്‍. ജൂലൈ 10 ന് ക്യാപ്റ്റന്‍ ശുഭ് മാന്‍ ഗില്ലിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം വര്‍ധിത വീര്യത്തോടെയും അത്യുല്‍സാഹത്തോടെയും കളിക്കാന്‍ ഇറങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം ആവേശത്തോടെ ഉറ്റു നോക്കുകയാണ്. ഇതിനകം തന്നെ ഏഴു സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരും മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം നേടിയ ബൗളര്‍മാരും ടീമിന്‍റെ പ്രഹരശേഷിയെ സംശയലേശമെന്യേ വിളംബരം ചെയ്തു കഴിഞ്ഞിരിക്കുന്നു. ബാസ് ബോളിനെ അവരുടെ തട്ടകത്തില്‍ കരുത്തോടെ നേരിടുകയാണ് യുവ ഇന്ത്യ. പരമ്പരയുടെ ഗതി നിര്‍ണയിക്കുന്ന ടെസ്റ്റ് ആയിരിക്കും ലോഡ്സിലേത് എന്ന് കളി വിദഗ്ധരും വിലയിരുത്തുന്നു.

Content Highlights: India`s cricket travel astatine Lord`s, from Kapil Dev`s heroics to the existent series.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article