സച്ചിനെ, ബ്രാഡ്മാനെ... റെക്കോഡുകൾ ഒന്നൊന്നായി തിരുത്തി റൂട്ട്, മുന്നിൽ ഇനി സച്ചിന്റെ ആ റെക്കോഡ്

5 months ago 6

joe root

സെഞ്ചുറിയാഘോഷത്തിൽ ജോ റൂട്ട് | PTI

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യക്കെതിരേ സെഞ്ചുറി നേടിയതിനു പിന്നാലെ ഒരു പ്രധാന റെക്കോഡില്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്നിലാക്കി ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ 38-ാം സെഞ്ചുറിയാണിത്. നേരത്തേ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി മാറിയ റൂട്ട് സ്വന്തം മണ്ണിൽ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമായി.

38-ല്‍ 23 സെഞ്ചുറികളും ഇംഗ്ലണ്ടില്‍വെച്ചാണ് നേടിയത്. സച്ചിന്‍, കുമാര്‍ സംഗക്കാര എന്നിവരെയാണ് ഇതോടെ റൂട്ട് പിറകിലാക്കിയത്. മഹേല ജയവര്‍ധനെ, ജാക്ക് കാലിസ്, റിക്കി പോണ്ടിങ് എന്നിവര്‍ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണിപ്പോള്‍ റൂട്ട്. 84 മത്സരങ്ങളില്‍നിന്ന് 23 സെഞ്ചുറികളാണ് റൂട്ടിന്റെ സമ്പാദ്യമെങ്കില്‍ 81 മത്സരങ്ങളില്‍നിന്നാണ് ജയവര്‍ധനയുടെ സ്വന്തം മണ്ണിലെ 23 സെഞ്ചുറികള്‍. കാലിസ് 88 മത്സരങ്ങളില്‍നിന്നും പോണ്ടിങ് 92 മത്സരങ്ങളില്‍നിന്നും സെഞ്ചുറികള്‍ നേടി. സച്ചിന് 94 മത്സരങ്ങളില്‍നിന്ന് 22 സെഞ്ചുറികളാണ് ഇന്ത്യയിൽ നേടിയത്.

ഇന്നിങ്‌സില്‍ റൂട്ട് മറ്റൊരു സുപ്രധാന നേട്ടവുംകൂടി കൈവരിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ലോകതാരമായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ഈ റെക്കോഡ് ബുക്കില്‍ അഞ്ചാമതായിരുന്ന റൂട്ട്, രാഹുല്‍ ദ്രാവിഡ്, ജാക്വസ് കാലിസ്, റിക്കി പോണ്ടിങ് എന്നിവരെ മറികടന്ന് രണ്ടാംസ്ഥാനത്തെത്തുകയായിരുന്നു. 15,921 റണ്‍സുമായി സച്ചിനാണ് ഒന്നാമത്. 13,380 റണ്‍സോടെ റൂട്ട് രണ്ടാമതെത്തി. റിക്കി പോണ്ടിങ്-13,378, ജാക്വസ് കാലിസ്-13,289, ദ്രാവിഡ്-13,288 എന്നിവര്‍ തൊട്ടുപിറകില്‍.

ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സ്റ്റീവ് സ്മിത്തിന്റെ റെക്കോഡും റൂട്ട് മറികടന്നു. ഇന്ത്യക്കെതിരായ 12-ാമത്തെ സെഞ്ചുറിയാണിത്. നാട്ടില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ബ്രാഡ്മാന്റെ റെക്കോഡും റൂട്ട് തകര്‍ത്തു. നാട്ടില്‍ ഇന്ത്യക്കെതിരേ അദ്ദേഹത്തിന്റെ ഒന്‍പതാമത്തെ സെഞ്ചുറിയാണിത്. മത്സരത്തില്‍ 248 പന്തുകളില്‍ 150 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. രവീന്ദ്ര ജഡേജയുടെ പന്തില്‍ ധ്രുവ് ജുറേല്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 120 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 500 എന്ന നിലയിലാണ്.

Content Highlights: Historic Feats: Root Breaks Multiple Records successful Dominant Test Innings

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article