'സച്ചിന്റെ ആ ഉപദേശം സ്വീകരിച്ചതില്‍ ഖേദിക്കുന്നു'; 2011-ലെ തീരുമാനത്തെക്കുറിച്ച് ദ്രാവിഡ്

4 months ago 6

ച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു അവസരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെയായിരുന്നു ദ്രാവിഡിന്റെ വെളിപ്പെടുത്തല്‍.

2011-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തെക്കുറിച്ചായിരുന്നു ദ്രാവിഡിന്റെ വാക്കുകള്‍. 2011ലെ ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിരാശ നിറഞ്ഞതായിരുന്നു. പരമ്പരയില്‍ 4-0ന് ഇന്ത്യ വൈറ്റ്​വാഷ് ചെയ്യപ്പെട്ടു. ഇംഗ്ലണ്ട് സീമര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പതറിയപ്പോള്‍ അതില്‍ വേറിട്ടുനിന്നത് അന്ന് 38-കാരനായ രാഹുല്‍ ദ്രാവിഡായിരുന്നു. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളാണ് താരം നേടിയത്. ഇന്ത്യയുടെ താത്കാലിക ഓപ്പണറെന്ന നിലയില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ കുറിച്ചു.

ഈ പരമ്പരയ്ക്കിടെ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ സച്ചിന്റെ ഉപദേശമനുസരിച്ച് ഡിആര്‍എസ് ഉപയോഗിക്കാതിരുന്നതിലാണ് താന്‍ പിന്നീട് ഖേദിച്ചതെന്ന് ദ്രാവിഡ് വ്യക്തമാക്കി. ആ ടെസ്റ്റ് മത്സരം ദ്രാവിഡിന്റെ വിചിത്രമായ പുറത്താകല്‍ കൊണ്ടാണ് ശ്രദ്ധേയമായത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ ജെയിംസ് ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറിന് ക്യാച്ച് നല്‍കിയാണ് ദ്രാവിഡ് അന്ന് പുറത്താകുന്നത്. എന്നാല്‍ അന്ന് ദ്രാവിഡിന്റെ ബാറ്റില്‍ തട്ടിയത് പന്തായിരുന്നില്ല.

''ഡിആര്‍എസ് ഉപയോഗിക്കാത്തതില്‍ എനിക്ക് ഒരിക്കല്‍ ഖേദമുണ്ടായിരുന്നു. 2011-ല്‍ ഇംഗ്ലണ്ടില്‍ നടന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലായിരുന്നു അത്. ജിമ്മി ആന്‍ഡേഴ്‌സണെതിരേ ഞാന്‍ ഒരു ഡ്രൈവ് കളിച്ചു. ഒരു ടക് ശബ്ദം ഞാന്‍ കേട്ടിരുന്നു. പക്ഷേ ബാറ്റില്‍ ഒന്നും തട്ടിയതായി തോന്നിയില്ല. ചിലപ്പോള്‍ ഒരു ബാറ്റ്സ്മാന്‍ എന്ന നിലയില്‍, പന്ത് കൊള്ളുന്നത് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. നിങ്ങള്‍ക്ക് അത് അനുഭവപ്പെടും. ഒരു വലിയ ശബ്ദം ഉണ്ടായിരുന്നു, പക്ഷേ എനിക്ക് ബാറ്റില്‍ ഒന്നും തോന്നിയില്ല.'' - ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ട് താരങ്ങളുടെ അപ്പീലില്‍ ഓസ്‌ട്രേലിയന്‍ അമ്പയര്‍ സൈമണ്‍ ടോഫലാണ് അന്ന് ദ്രാവിഡ് ഔട്ടാണെന്ന് വിധിച്ചത്. മറുവശത്ത് ഉണ്ടായിരുന്ന സച്ചിനുമായി സംസാരിച്ചശേഷം അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടെന്ന് ദ്രാവിഡ് തീരുമാനിക്കുകയായിരുന്നു. അഞ്ചു തവണ ഐസിസിയുടെ മികച്ച അമ്പയറായ ആളാണ് ടോഫല്‍. എന്നാല്‍ ആ തീരുമാനം തെറ്റായിരുന്നു. പന്ത് ദ്രാവിഡിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല.

''ഒരു ശബ്ദം ഉണ്ടായിരുന്നു. സൈമണ്‍ ടോഫല്‍ മാന്യനും മികച്ച അമ്പയറുമായിരുന്നു. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളില്‍ നിങ്ങള്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാറില്ല. അദ്ദേഹം എന്നെ ഔട്ട് വിധിച്ചു. ഞാന്‍ സച്ചിന്റെ അടുത്തേക്ക് ചെന്ന് എനിക്ക് എഡ്ജ് ഒന്നും തോന്നിയില്ലെന്ന് പറഞ്ഞു. പക്ഷേ ഒരു ശബ്ദം ഉണ്ടായിരുന്നതായി സച്ചിന്‍ പറഞ്ഞു. നീ എഡ്ജ് ചെയ്തിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.'' - ദ്രാവിഡ് പറഞ്ഞു.

എന്നാല്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ റീപ്ലേകള്‍ കണ്ടു. അതില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായി. ദ്രാവിഡിന്റെ ബാറ്റ് അദ്ദേഹത്തിന്റെ ഷൂലേസിലെ ലോഹഭാഗത്ത് തട്ടിയ ശബ്ദമായിരുന്നു കേട്ടത്. ഇതാണ് എല്ലാവരും തെറ്റിദ്ധരിച്ചത്. ഒടുവില്‍ 244 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യ ഇന്നിങ്സിനും 242 റണ്‍സിനുമാണ് മത്സരം തോറ്റത്. പരമ്പരയില്‍ മൂന്ന് സെഞ്ചുറികളടക്കം 461 റണ്‍സ് നേടിയ ദ്രാവിഡായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Content Highlights: Rahul Dravid reveals regret implicit not challenging a dismissal during India`s 2011 England tour

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article