മാഞ്ചസ്റ്റർ∙ രാജ്യാന്തര ക്രിക്കറ്റിൽ തന്റെ റെക്കോർഡുകൾ തകർക്കാൻ സാധ്യതയുള്ള കളിക്കാരെക്കുറിച്ച് ചോദിച്ചപ്പോൾ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും പേരായിരുന്നു ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ പറഞ്ഞത്. രോഹിത്തും വിരാടും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതോടെ സച്ചിന്റെ റെക്കോർഡുകൾ സുരക്ഷിതമാണെന്നു പലരും കരുതി.
എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ഒരു ഇംഗ്ലിഷുകാരൻ തന്റെ 38–ാം ടെസ്റ്റ് സെഞ്ചറിയിൽ ഇന്നലെ മുത്തമിട്ടു;ജോ റൂട്ട്! സെഞ്ചറിക്കു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മുപ്പത്തിനാലുകാരൻ റൂട്ട് ഇന്നലെ സ്വന്തമാക്കി.
ഒന്നാം സ്ഥാനത്തുള്ള സച്ചിനിലേക്ക് റൂട്ടിനുള്ള ദൂരം ഇനി 2520 റൺസ് മാത്രം. റൂട്ടിന്റെ സെഞ്ചറിക്കരുത്തിൽ (150) നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം 120 ഓവർ പിന്നിടുമ്പോൾ 5ന് 500 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒരു റണ്ണുമായി ലിയാം ഡോസണും 2 റൺസുമായി ജെയ്മി സ്മിത്തുമാണ് ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ ആതിഥേയർക്കിപ്പോൾ 142 റൺസിന്റെ ലീഡുണ്ട്.
ഈസി ഇംഗ്ലിഷ്മൂന്നാം ദിനം 2ന് 225 നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് റൂട്ട്– ഒലീ പോപ്പ് (71) സഖ്യത്തിന്റെ കരുത്തിൽ അനായാസം സ്കോർ ചെയ്തു മുന്നേറി. മൂന്നാം വിക്കറ്റിൽ 144 റൺസാണ് ഇരുവരും ചേർന്നു നേടിയത്. ഒടുവിൽ പോപ്പിനെ പുറത്താക്കിയ വാഷിങ്ടൻ സുന്ദറാണ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകിയത്.
പിന്നാലെ, നിലയുറപ്പിക്കും മുൻപേ ഹാരി ബ്രൂക്കിനെ (3) കൂടി വീഴ്ത്തിയ വാഷിങ്ടൻ മത്സരത്തിൽ ഇന്ത്യൻ തിരിച്ചുവരവിന്റെ സൂചന നൽകി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച റൂട്ട്– ബെൻ സ്റ്റോക്സ് സഖ്യം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി. തുടക്കത്തിൽ താളം കണ്ടെത്താൻ സ്റ്റോക്സ് പ്രയാസപ്പെട്ടപ്പോൾ മറുവശത്ത് അനായാസം സ്കോർ ചെയ്ത റൂട്ടാണ് ആതിഥേയരുടെ റൺ നിരക്ക് കുറയാതെ നോക്കിയത്.
രണ്ടാം സെഷനോടെ പിച്ച് ബാറ്റിങ്ങിന് പൂർണമായി അനുകൂലമാകുക കൂടി ചെയ്തതോടെ ഇന്ത്യൻ ബോളർമാർ ചിത്രത്തിലേ ഇല്ലാതായി. 142 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇംഗ്ലണ്ട് ടോട്ടൽ 450 കടത്തി. പിന്നാലെ കാലിനു പരുക്കേറ്റ സ്റ്റോക്സ് റിട്ടയേഡ് ഹർട്ടായി ഗ്രൗണ്ട് വിടുകയും രണ്ട് ഓവർ വ്യത്യാസത്തിൽ റൂട്ടിനെ ജഡേജ വീഴ്ത്തുകയും ചെയ്തതോടെ ഇംഗ്ലണ്ട് അൽപമൊന്നു പരുങ്ങി.
റൂട്ടിന്റെ വഴിബാസ്ബോൾ ശൈലിയിൽ അടിച്ചു തകർത്താണ് ഇംഗ്ലിഷ് ഓപ്പണർമാർ തുടങ്ങിയതെങ്കിൽ ഒരു ക്ലാസിക്കൽ ടെസ്റ്റ് ബാറ്ററുടെ പക്വതയോടെയാണ് റൂട്ട് തന്റെ ഇന്നിങ്സ് പടുത്തുയർത്തിയത്. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകൾ പരമാവധി ഒഴിവാക്കി, വിക്കറ്റ് ടു വിക്കറ്റ് ലൈനിൽ വരുന്ന പന്തുകളിലാണ് റൂട്ട് കൂടുതലായും റൺ കണ്ടെത്തിയത്.
ഇന്ത്യൻ പേസർമാരുടെ ഇൻ സ്വിങ്ങറുകൾ അനായാസം ഫ്ലിക് ചെയ്ത് ബൗണ്ടറി കടത്തിയ റൂട്ട്, ഓഫ് സൈഡിൽ പരമാവധി ബാക്ക് ഫൂട്ട് ഷോട്ടുകൾ കളിച്ച് അപകടം ഒഴിവാക്കി. സ്പിന്നർമാർക്കെതിരെ സ്റ്റെപ് ഔട്ട് ചെയ്തു കളിച്ച റൂട്ട്, സ്ട്രൈക്ക് റൊട്ടേഷൻ ഫലപ്രദമായി നടപ്പാക്കി. ഇതോടെ ഇന്ത്യൻ ബോളർമാർ തീർത്തും അപ്രസക്തരായി.
ടെസ്റ്റ് കരിയറിലെ 38–ാം സെഞ്ചറിയാണ് ജോ റൂട്ട് ഇന്നലെ നേടിയത്. ശ്രീലങ്കയുടെ കുമാർ സംഗക്കാരയ്ക്കൊപ്പം. ടെസ്റ്റിലെ സെഞ്ചറി നേട്ടത്തിൽ ഇനി റൂട്ടിനു മുന്നിലുള്ളത് ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് (41), ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (45), സച്ചിൻ തെൻഡുൽക്കർ (51) എന്നിവർ മാത്രം.
ടോപ് 5 ബാറ്റേഴ്സ് @ ടെസ്റ്റ്
താരം, രാജ്യം, മത്സരം, റൺസ് ക്രമത്തിൽ
സച്ചിൻ തെൻഡുൽക്കർ ഇന്ത്യ 200 15921ജോ റൂട്ട് ഇംഗ്ലണ്ട് 157 13401*
റിക്കി പോണ്ടിങ് ഓസ്ട്രേലിയ 168 13378
ജാക്ക് കാലിസ് ദക്ഷിണാഫ്രിക്ക 166 13289
രാഹുൽ ദ്രാവിഡ് ഇന്ത്യ 164 13288
English Summary:








English (US) ·