
ലാൽ ജോസ്, സച്ചി | Photo: Screen grab/ YouTube: Lal Jose, Mathrubhumi
കൊള്ളിയാൻ പോലെ മിന്നിമറഞ്ഞുപോയ വ്യക്തിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെന്ന് സംവിധായകൻ ലാൽ ജോസ്. ഏതൊരു സംവിധായകനും കൊതിക്കുന്ന മരണം കിട്ടിയ ആളാണ് സച്ചി. അത് വളരേ നേരത്തെയായിപ്പോയി എന്നേ പരാതിയുള്ളൂവെന്നും ലാൽ ജോസ് പറഞ്ഞു. സച്ചിയുടെ പേര് ആദ്യമായി സിനിമാ സ്‌ക്രീനിൽ എഴുതിക്കാണിക്കുന്നത്, താൻ സംവിധാനംചെയ്ത 'മീശമാധവ'നിലാണെന്നും ലാൽ ജോസ് ഓർത്തെടുത്തു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്‌ളോഗിലാണ് ലാൽ ജോസ് സച്ചിയെ അനുസ്മരിച്ചത്.
'മീശമാധവ'ന്റെ ചിത്രീകരണത്തിനിടെയാണ് താൻ സച്ചിയെ പരിചയപ്പെട്ടതെന്ന് ലാൽ ജോസ് ഓർത്തെടുത്തു. അന്ന് സേതുവിനൊപ്പം കഥപറയാനെത്തിയ യുവ അഭിഭാഷകരിൽ ഒരാളായാണ് സച്ചിയെ പരിചയപ്പെട്ടതെന്നും ലാൽ ജോസ് പറഞ്ഞു. 'ആധികാരികമായി കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന ആളാണ് സച്ചി. സിനിമയ്ക്ക് പുറമേയുള്ള കാര്യങ്ങളെക്കുറിച്ച് നല്ല അവഗാഹമുണ്ട്. രാഷ്ട്രീയം, സാഹിത്യം എന്നിവയിലൊക്കെ നല്ല അറിവാണ്. നന്നായി കവിത ചൊല്ലും. മീശമാധവന്റെ നിർമാണവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ നിർമാതാവ് സുബൈർ സച്ചിയുമായാണ് ചർച്ച ചെയ്തത്. മീശമാധവന്റെ ടൈറ്റിൽ ലിസ്റ്റിൽ നിർമാതാവിന്റെ ഭാഗത്തുനിന്ന് കൊണ്ടുവന്ന കാർഡുകളിൽ ലീഗൽ അഡ്വവൈസര്‍ സച്ചിദാനന്ദൻ എന്ന് എഴുതി കൊണ്ടുവന്നു. ആരാണ് ഇയാൾ എന്ന് ഞാൻ ചോദിച്ചു. അന്ന് കഥപറയാൻ വന്ന രണ്ടുവക്കീലന്മാരില്ലേ, അവരിൽ ഒരാളാണ് എന്ന് പറഞ്ഞു'- ലാൽ ജോസ് പറഞ്ഞു.
'പിന്നീട് കഥാകൃത്തും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി പ്രസിദ്ധനായ സച്ചിയുടെ പേര് ആദ്യമായി സിനിമയിൽ എഴുതിക്കാണിക്കുന്നത് മീശമാധവനിലാണ്. ആർക്കും അത് അറിയില്ല. അങ്ങനെ ഒരു നിയോഗമുണ്ടായി ആ സിനിമയ്ക്ക്. പിന്നീട് സിനിമാ സൗഹൃദക്കൂട്ടായ്മകളിൽ കാണുമ്പോഴൊക്കെ സച്ചി നമുക്ക് ഒരുമിച്ചൊരു സിനിമ ചെയ്യേണ്ടേ എന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. സാധാരണ അവസരമില്ലാത്ത ഒരാളുടെ അവസരം ചോദിക്കലല്ല. ഇഷ്ടംപോലെ ഹിറ്റ് സിനിമകൾ കഴിഞ്ഞിരിക്കുന്ന ഒരു തിരക്കഥാകൃത്താണ്. നല്ല ഐഡിയ ഉണ്ടെങ്കിൽ ചെയ്യാം എന്ന് പറഞ്ഞു'- ലാൽ ജോസ് ഓർത്തെടുത്തു.
'എറണാകുളത്തെ ബിജു മേനോന്റെ ഫ്‌ളാറ്റിൽവെച്ചാണ് ഏറ്റവും അവസാനം സച്ചിയെ ഞാൻ കണ്ടുമുട്ടുന്നത്. അന്ന് അയ്യപ്പനും കോശിയും വലിയ വിജയമായി നിൽക്കുന്ന സമയമാണ്. സച്ചി പതിവുപോലെ എന്നെ കണ്ടപ്പോൾ, 'ഇനി നിങ്ങളെ വിടില്ല, നമുക്ക് ഒരു സിനിമ ചെയ്‌തേ പറ്റൂ' എന്ന് പറഞ്ഞു. സച്ചിയിപ്പോൾ എന്നേക്കാൾ വലിയ വിജയിച്ച സംവിധായകനാണ്, ഇത്രേയും വലിയ സംവിധായകനായ നിനക്ക് നല്ല തിരക്കഥ കിട്ടിയാൽ നീയല്ലേ ചെയ്യുകയുള്ളൂ, നീ എനിക്ക് തരുമോ എന്ന് ഞാന്‍ ചോദിച്ചു. 'എന്റെ കൈയിലുള്ള കഥകൾ മുഴുവൻ ഞാൻ പറയാം, നിങ്ങൾക്ക് ഇഷ്ടമുള്ള കഥ തിരഞ്ഞെടുത്തോ', എന്ന് സച്ചി പറഞ്ഞു. അപ്പോൾ തന്നെ ഒരു കഥയുടെ രൂപം പറഞ്ഞു. സംവിധായകനും നായകനും തമ്മിൽ ഈഗോ ക്ലാഷൊക്കെയായുള്ള ഒരു കഥയായിരുന്നു. രസമുള്ള കഥയായിരുന്നു. അയ്യപ്പനും കോശിയും, ഡ്രൈവിങ് ലൈസൻസുമൊക്കെ വന്ന് ഉടനേ വരുമ്പോൾ അതേ പാറ്റേൺ ആണെന്ന് വിചാരിക്കും എന്ന് ഞാൻ പറഞ്ഞു. ആ പാറ്റേണേ ആയിരിക്കില്ല എന്നായിരുന്നു മറുപടി. ഈഗോ ക്ലാഷ് എന്ന വാക്കേ വേണ്ട അങ്ങനെ അല്ലാതെ രസകരമായി ചെയ്യാൻ പറ്റും എന്ന് പറഞ്ഞു. 'നിങ്ങളുടെ ഒരു സെമി ബയോ പിക് ആയിരിക്കും അത്', എന്ന് എന്നോട് പറഞ്ഞു. ഒരു രൂപമാവുമ്പോൾ എന്നോട് പറയൂ എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. അതായിരുന്നു ഞങ്ങൾ തമ്മിലെ അവസാന കൂടിക്കാഴ്ച'- ലാൽ ജോസ് പറഞ്ഞു.
'ചിലർ അങ്ങനെയാണ്, ഒരു കൊള്ളിയാൻ വന്ന് മിന്നിപോകുന്നതുപോലെ പോവും. ഏതൊരു സംവിധായകനും കൊതിക്കുന്ന മരണം കിട്ടിയ ആളാണ് സച്ചി. അത് വളരേ നേരത്തെയായിപ്പോയി എന്നേ പരാതിയുള്ളൂ. വലിയ വിജയത്തിന് ശേഷം മരിക്കുക എന്നതാണ് ഞാൻ എപ്പോഴും കാണാറുള്ള സ്വപ്‌നം. പരാജയത്തിന് ശേഷം മരിക്കുന്നത് സങ്കടമാണ്. അവസാനമായി ഒരു വിജയം കിട്ടാതെ മരിച്ചുപോകുന്നത് സങ്കടമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. സച്ചിക്ക് ആ ഭാഗ്യമുണ്ടായി'- ലാൽ ജോസ് കൂട്ടിച്ചേർത്തു.
Content Highlights: Director Lal Jose fondly remembers Sachy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·