ഒപ്പം ഓടിത്തുടങ്ങിയവരെല്ലാം പിന്നിലായിക്കഴിഞ്ഞു. ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോ റൂട്ടിന് ഇനി ഓടിപ്പിടിക്കാനുള്ളത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറെയാണ്! സെഞ്ചറിയടിച്ചും റെക്കോർഡുകൾ തിരുത്തിയും ടെസ്റ്റ് ക്രിക്കറ്റിന്റെ ക്രീസിൽ വേരുറപ്പിക്കുന്ന മുപ്പത്തിനാലുകാരൻ ജോ റൂട്ടിന്, ഓരോ മത്സരം കഴിയുന്തോറും സച്ചിനിലേക്കുള്ള ദൂരം ചുരുങ്ങുകയാണ്. ടെസ്റ്റ് കരിയറിൽ 15,921 റൺസ്, 200 മത്സരങ്ങൾ, 51 സെഞ്ചറികൾ... ഒരു പതിറ്റാണ്ടു മുൻപ് സച്ചിൻ അടയാളക്കല്ല് സ്ഥാപിച്ച ഈ 3 റെക്കോർഡുകളിലേക്കുള്ള റൂട്ടിൽ ഇപ്പോൾ ജോ ഒറ്റയ്ക്കാണ്.
അടുത്ത 2–3 വർഷത്തിനുള്ളിൽ റൂട്ട് സച്ചിന് ഒപ്പമെത്തുമെന്ന് പറയുന്ന ഇംഗ്ലിഷ് ആരാധകർ മുന്നിൽ വയ്ക്കുന്നത് റൂട്ടിന്റെ മത്സരക്കണക്കുകളാണ്. എന്നാൽ 37–38 വയസ്സുവരെ റൂട്ടിന് ഈ ഫോമിൽ തുടരാനാകുമോയെന്ന മറുചോദ്യവും ശക്തം. പരുക്കിന്റെയും ഫോം നഷ്ടത്തിന്റെയും വെല്ലുവിളികൾ വിരാട് കോലിയടക്കമുള്ളവരെ ബാധിച്ചത് കരിയറിന്റെ ഈ ഘട്ടത്തിലാണ്. 16–ാം വയസ്സിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയ സച്ചിൻ തെൻഡുൽക്കറിന്റെ കരിയറിന് 24 വർഷം ദൈർഘ്യമുണ്ടായിരുന്നെങ്കിൽ 2012 ഡിസംബറിലായിരുന്നു ജോ റൂട്ടിന്റെ അരങ്ങേറ്റം; സച്ചിൻ വിരമിച്ചതിന്റെ തലേവർഷം.
കഴിഞ്ഞ 12 വർഷത്തിനിടെ 156 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 13,259 റൺസ് നേടിയ ജോ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഒന്നാമതുള്ള സച്ചിനെ മറികടക്കാൻ ഇനി വേണ്ടത് 2663 റൺസ്കൂടി. മറ്റുള്ള 3 പേരെ പിന്നിടാൻ ഒരു സെഞ്ചറി തന്നെ ധാരാളം. ലോഡ്സിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ 37–ാം സെഞ്ചറി കുറിച്ച ജോ റൂട്ടിന് അവിടെയും ലക്ഷ്യം, 51 സെഞ്ചറികളുള്ള സച്ചിന്റെ റെക്കോർഡാണ്.
കൂടുതൽ ടെസ്റ്റ് മത്സരങ്ങളെന്ന റെക്കോർഡിൽ സച്ചിനൊപ്പമെത്താൻ റൂട്ട് ഇനി 44 മത്സരങ്ങൾക്കൂടി കളിക്കണം. നേരത്തേ 153 ടെസ്റ്റുകളിൽനിന്ന് 13,000 റൺസ് പൂർത്തിയാക്കിയ റൂട്ട്, ഈ നാഴികക്കല്ലിൽ സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു (163 ടെസ്റ്റുകൾ).
∙ റൂട്ടിന്റെ സാധ്യതകൾ
∙ ടെസ്റ്റ് മാത്രം
ഏകദിനവും ട്വന്റി20യും ഉപേക്ഷിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വർക്ക്‌ലോഡിന്റെ പ്രശ്നങ്ങളില്ല. പരുക്കും കരിയറിൽ വലിയ വെല്ലുവിളിയായിട്ടില്ല. പരുക്കുകളിൽ വീഴാതെ നിലവിലെ ഫോമിൽ ഇനിയും തുടരുകയെന്നതാണ് വലിയ കടമ്പ.
∙ ഒരു വർഷം; 1000 റൺസ് വീതം
കഴിഞ്ഞ 3 വർഷത്തിനിടെ 34 ടെസ്റ്റ് മത്സരങ്ങളാണ് റൂട്ട് കളിച്ചത്. ഒരു വർഷം ശരാശരി 11 ടെസ്റ്റുകൾ, 22 ഇന്നിങ്സുകൾ. നിലവിൽ 50 റൺസിന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള താരം ഒരു വർഷം 1,000 റൺസ് എന്ന തോതിൽ സ്കോർ ചെയ്താൽ 2028ന്റെ തുടക്കത്തിൽ സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്താനാകും.
∙ മത്സരങ്ങൾ ഇഷ്ടം പോലെ !
ഇന്ത്യൻ പരമ്പര ഉൾപ്പെടെ 25 മത്സരങ്ങളുള്ള 2025–27 ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസൺ റെക്കോർഡിലേക്കുള്ള യാത്രയിൽ റൂട്ടിന് നിർണായകമാണ്. റൂട്ടിന് 55ന് മുകളിൽ ബാറ്റിങ് ശരാശരിയുള്ള പാക്കിസ്ഥാൻ, ന്യൂസീലൻഡ് ടീമുകൾക്കെതിരെ ഹോം ടെസ്റ്റും സ്പിന്നിന് വളക്കൂറുള്ള ബംഗ്ലദേശിൽ എവേ ടെസ്റ്റും ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.
∙ സൂപ്പർ ഫോം
30 വയസ്സ് തികഞ്ഞശേഷം, 2021 ജനുവരി മുതലുള്ള ജോ റൂട്ടിന്റെ ടെസ്റ്റ് പ്രകടനങ്ങളാണ് സച്ചിന്റേത് അടക്കമുള്ള പല റെക്കോർഡുകൾക്കും ഭീഷണിയെന്ന് കണക്കുകൾ പറയുന്നു. കരിയറിലെ 37 ടെസ്റ്റ് സെഞ്ചറികളിൽ ഇരുപതും റൂട്ട് കഴിഞ്ഞ 4 വർഷത്തിനിടെ നേടിയതാണ്. 2022 ജൂണിൽ ബ്രണ്ടൻ മക്കല്ലം ഇംഗ്ലിഷ് ടീമിൽ തുടക്കമിട്ട ബാസ്ബോൾ ശൈലിയും റൂട്ടിന്റെ റെക്കോർഡ് ചേസിന്റെ വേഗം വർധിപ്പിച്ചു.
ബാസ്ബോൾ യുഗത്തിൽ 36 ടെസ്റ്റുകളിൽനിന്ന് 3117 റൺസ് നേടിയ റൂട്ടിന്റെ ബാറ്റിങ് ശരാശരി 60ന് മുകളിലേക്ക് ഉയർന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ജോ റൂട്ട് ഇപ്പോൾ. സച്ചിൻ തെൻഡുൽക്കർ അടക്കം മുൻപിലുള്ള 4 പേരും വിരമിച്ചവർ. മുൻഗാമികളെ
∙ മറികടക്കാനുള്ള ദൂരം ഇങ്ങനെ...
1) സച്ചിൻ തെൻഡുൽക്കർ (15,921 റൺസ്): 2663 റൺസ് കൂടി
2) റിക്കി പോണ്ടിങ് (13,378): 120 റൺസ്
3) ജാക്ക് കാലിസ് (13,289): 31 റൺസ്
4) രാഹുൽ ദ്രാവിഡ് (13,288): 30 റൺസ്
English Summary:








English (US) ·