സച്ചിൻ ബേബി, അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ എന്നിവരെ 7.5 ലക്ഷത്തിന് നിലനിർത്തി ടീമുകൾ; എല്ലാവരെയും ‘കൈവിട്ട്’ തൃശൂർ, കൊച്ചി

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 01 , 2025 07:26 PM IST

1 minute Read

rohan-sachin-baby-azharuddhin
രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹ‌റുദ്ദീൻ (കെസിഎ, ഏരീസ് കൊല്ലം സെയ്‌ലേഴ്സ് എന്നിവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം)

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം ജൂലൈ അഞ്ചിന്‌ നടക്കാനിരിക്കെ, ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും നാലു താരങ്ങളെ വീതം നിലനിർത്തിയപ്പോൾ, ട്രിവാൺഡ്രം റോയൽസ് മൂന്നു താരങ്ങളെ നിലനിർത്തി. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകൾ ഒരു താരത്തെയും നിലനിർത്തിയില്ല. പരമാവധി നാല് താരങ്ങളെ വീതമാണ് ഓരോ ടീമിനും നിലനിർത്താനാവുക.

ജൂലൈ അഞ്ചിനാണ് താരലേലം. ഐപിഎല്‍ താരലേലം ഉള്‍പ്പെടെ നിയന്ത്രിച്ച ചാരു ശര്‍മയുടെ നേതൃത്വത്തിലാകും ലേലം നടക്കുക. ആകെ 50 ലക്ഷം രൂപയാണ് ഓരോ ടീമിനും ലേലത്തിൽ ചെലവഴിക്കാനാവുക. മൂന്ന് വിഭാഗങ്ങളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറു വരെയാണ് രണ്ടാം സീസൺ. ഫാന്‍കോഡ്, സ്റ്റാര്‍ സ്പോര്‍ട്സ് 3 എന്നീ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ തൽസമയം പ്രേക്ഷകര്‍ക്ക് കാണാന്‍ അവസരമുണ്ട്.

എ വിഭാഗത്തിൽപ്പെട്ട സച്ചിൻ ബേബി, എൻ.എം. ഷറഫുദ്ദീൻ, ബി വിഭാഗത്തിൽപ്പെട്ട അഭിഷേക് ജെ.നായർ, സി വിഭാഗത്തിൽപ്പെട്ട ബിജു നാരായണൻ എന്നിവരെയാണ് നിലവിലെ‍ ചാംപ്യൻമാർ കൂടിയായ ഏരീസ് കൊല്ലം സെയിലേഴ്സ് നിലനിർത്തിയത്. ആദ്യ സീസണിൽ ടീമിന്റെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചവരാണ് ഇവർ. സച്ചിൻ ബേബിയെ 7.5 ലക്ഷത്തിനും ഷറഫുദ്ദീനെ 5 ലക്ഷത്തിനും മറ്റു രണ്ടു പേരെയും 1.5 ലക്ഷം രൂപയ്‌ക്കുമാണ് നിലനിർത്തിയത്.

എ വിഭാഗത്തിൽപ്പെട്ട മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ, ബി വിഭാഗത്തിൽപ്പെട്ട ടി.കെ. അക്ഷയ് എന്നിവരെയാണ് ആലപ്പി റിപ്പിൾസ് നിലനിർത്തിയത്. ഇതിൽ മുഹമ്മദ് അസ്ഹറുദ്ദീന് 7.5 ലക്ഷം രൂപ ലഭിക്കും. മുംബൈ ഇന്ത്യൻസിലൂടെ ഐപിഎലിലും ശ്രദ്ധനേടിയ വിഘ്നേഷ് പുത്തൂരിനെ 3.75 ലക്ഷം രൂപയ്ക്കാണ് ടീം നിലനിർത്തിയത്. അക്ഷയ് ചന്ദ്രന് 5 ലക്ഷം രൂപയും അക്ഷയ്‌ക്ക് 1.5 ലക്ഷം രൂപയും ലഭിക്കും. 

എ വിഭാഗത്തിൽപ്പെട്ട രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ എന്നിവരെയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിലനിർത്തിയത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് 7.5 ലക്ഷം രൂപ, സൽമാൻ നിസാറിന് 5 ലക്ഷം, അഖിൽ സ്കറിയയ്ക്ക് 3.75 ലക്ഷം എന്നിങ്ങനെയാണ് ലഭിക്കുക. അൻഫലിനെ 1.5 ലക്ഷം രൂപയ്ക്കും നിലനിർത്തി.

ബി വിഭാഗത്തിൽപ്പെട്ട ഗോവിന്ദ് ദേവ് പൈയെയും സി വിഭാഗത്തിൽപ്പെട്ട എസ്.സുബിൻ, ടി.എസ്. വിനിൽ എന്നിവരെയുമാണ് ട്രിവാൺഡ്രം റോയൽസ് നിലനിർത്തിയത്. മൂവർക്കും 1.5 ലക്ഷം രൂപ വീതമാണ് ലഭിക്കുക. 

English Summary:

Kerala Cricket League Season 2 Player Auction: Retained Players Announced

Read Entire Article