Published: October 10, 2025 04:15 PM IST Updated: October 10, 2025 04:49 PM IST
1 minute Read
തിരുവനന്തപുരം∙ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. അതിഥി താരമായ തമിഴ്നാട് ബാറ്റർ ബാബ അപരാജിതാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ താരം സഞ്ജു സാംസണും കേരള ടീമിൽ ഇടം പിടിച്ചു. ഒക്ടോബർ 15ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളികൾ.
കഴിഞ്ഞ സീസൺ വരെ കേരളത്തെ നയിച്ച സച്ചിൻ ബേബിക്കു പകരമാണ് മുഹമ്മദ് അസ്‌ഹറുദ്ദീൻ സംസ്ഥാന ടീമിന്റെ ക്യാപ്റ്റനാകുന്നത്. ഭാവി കണക്കിലെടുത്തുള്ള തീരുമാനമാണ് കൈക്കൊണ്ടതെന്ന് കെസിഎ വൃത്തങ്ങൾ അറിയിച്ചു. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ചതും അസ്ഹറുദ്ദീനായിരുന്നു. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അസ്ഹറുദ്ദീൻ, ടീമിന്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിലും നിർണായക പങ്കുവഹിച്ചു.
ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മിക്ക അംഗങ്ങളെയും ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്ഹറുദ്ദീനൊപ്പം സഞ്ജു സാംസണും രോഹൻ കുന്നുമ്മലും സൽമാൻ നിസാറും അഹ്മദ് ഇമ്രാനും ബാബ അപരാജിത്തും വത്സൽ ഗോവിന്ദും ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇത്തവണത്തേത്. നിധീഷ് എം.ഡി, ബേസിൽ എൻ.പി, അങ്കിത് ശർമ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബോളിങ് നിരയും കരുത്തുറ്റതാണ്.
രഞ്ജി ട്രോഫിയിൽ, എലൈറ്റ് ബി ഗ്രൂപ്പിൽ കർണാടക, മധ്യപ്രദേശ്, ചണ്ഡീഗഡ്, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, സൗരാഷ്ട്ര ടീമുകൾക്കൊപ്പമാണ് കേരളം. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ കേരളം കലാശപ്പോരിൽ മത്സരം സമനിലയിലാക്കിയെങ്കിലും, ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ വിദർഭ കിരീടം നേടുകയായിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം– മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസണ്‍, രോഹൻ കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ, എം.ഡി. നിധീഷ്, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി. നായർ.
English Summary:








English (US) ·