സഞ്ജീവ് ഗോയങ്കയ്‌ക്ക് മിണ്ടണമെന്നുണ്ടായിരുന്നു, രാഹുലൊന്ന് ഗൗനിക്കണ്ടേ? മത്സരശേഷം ഗോയങ്കയെ അവഗണിച്ച് കെ.എൽ. രാഹുൽ – വിഡിയോ

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: April 23 , 2025 09:39 AM IST

1 minute Read

കെ.എൽ. രാഹുലും സഞ്ജീവ് ഗോയങ്കയും (എക്സിൽ നിന്നുള്ള ദൃശ്യങ്ങൾ)
കെ.എൽ. രാഹുലും സഞ്ജീവ് ഗോയങ്കയും (എക്സിൽ നിന്നുള്ള ദൃശ്യങ്ങൾ)

ലക്നൗ ∙ വിട്ടുകളഞ്ഞവർക്കു മുന്നിൽത്തന്നെ തന്റെ വില തെളിയിച്ച ക്ലാസിക് അർധ സെഞ്ചറിയുടെ (42 പന്തിൽ 57 നോട്ടൗട്ട്) മികവിൽ ഡൽഹി ക്യാപിറ്റൽസിന് സീസണിലെ ആറാം ജയം സമ്മാനിച്ചതിനു പിന്നാലെ, ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയോടുള്ള സൂപ്പർതാരം കെ.എൽ. രാഹുലിന്റെ പ്രതികരണം വൈറലാകുന്നു. മത്സരശേഷം പതിവുള്ള ഹസ്തദാനത്തിനിടെ രാഹുൽ ഗോയങ്കയെ അവഗണിച്ച ദൃശ്യങ്ങളാണ് വൈറലായത്. കഴിഞ്ഞ സീസണിൽ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലക്നൗവിന്റെ നായകനായിരുന്ന രാഹുലിനെ, ഒരു മത്സരത്തിൽ തോറ്റതിനു പിന്നാലെ അദ്ദേഹം ശാസിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ ‘പ്രതികാരം’ ചർച്ചയാകുന്നത്.

ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർധസെഞ്ചറി കുറിച്ച രാഹുൽ, തകർപ്പൻ സിക്സറിലൂടെയാണ് ഡൽഹിക്കായി വിജയറൺ കുറിച്ചത്. ഇതിനു പിന്നാലെ മൈതാനത്ത് എതിർ ടീം താരങ്ങളുമായും അധികൃതരുമായും ഹസ്തദാനം നടത്തുന്നതിനിടെയാണ് രാഹുലും ഗോയങ്കയും നേർക്കുനേർ എത്തിയത്. എതിരേ വന്ന ഗോയങ്കയ്ക്ക് പതിവുപോലെ ഹസ്തദാനം നൽകിയ രാഹുൽ, ഗോയങ്ക എന്തോ പറയാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കാതെ നടന്നുനീങ്ങുകയായിരുന്നു. ഇതുകണ്ട് ഗോയങ്ക മങ്ങിയ ചിരിയോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

മത്സര്ത്തിൽ ലക്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഡൽഹി മറികടന്നത്. രാഹുലിനു പുറമേ അർധ സെ‍ഞ്ചറി നേടിയ യുവതാരം അഭിഷേക് പൊറേലും (36 പന്തിൽ 51) ഡൽഹി വിജയത്തിൽ നിർണായകപങ്കു വഹിച്ചു. കഴിഞ്ഞ സീസണിൽ തങ്ങളുടെ ക്യാപ്റ്റനായിരുന്ന രാഹുലിനെ ഇത്തവണ ലേലത്തിനു മുൻപ് ലക്നൗ റിലീസ് ചെയ്തിരുന്നു. ഈ സീസണിൽ ഇരു ടീമുകളും ആദ്യമായി മുഖാമുഖം വന്ന മത്സരത്തിൽ രാഹുൽ കളിച്ചിരുന്നില്ല. ഫലത്തിൽ, തന്റെ മുൻ ടീമിനെതിരെ രാഹുലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

Can’t basal however Sanjiv Goenka is retired present acting each saint similar with that changeless smile. Like bruh, wherever was this vigor past year? No aggression thing from KL Rahul. Just simply ignored him. Klassy.
pic.twitter.com/IctaDESqys

— Jahazi (@Oye_Jahazi) April 22, 2025

160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിൽ തന്നെ ഫോമിലുള്ള കരുൺ നായരെ (9 പന്തിൽ 15) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഭിഷേക് പൊറേൽ – കെ.എൽ.രാഹുൽ സഖ്യം 49 പന്തിൽ 69 റൺസ് കൂട്ടുകെട്ടുമായി ഡൽഹി ചേസിങ്ങിന് അടിത്തറയിട്ടു. പൊറേലിനെ എയ്ഡൻ മാർക്രം വീഴ്ത്തിയെങ്കിലും പിന്നാലെയെത്തിയ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് രാഹുൽ സ്കോർ ബോർഡ് മുന്നോട്ടുനീക്കി. അക്ഷറും (20 പന്തിൽ 34 നോട്ടൗട്ട്) താളം കണ്ടെത്തിയതോടെ ഡൽഹിക്ക് കാര്യങ്ങൾ എളുപ്പമായി. പിരിയാത്ത മൂന്നാം വിക്കറ്റിൽ രാഹുലും അക്ഷറും ചേർന്ന് 36 പന്തിൽ 56 റൺസ് അടിച്ചുകൂട്ടിയാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.

English Summary:

KL Rahul Ignores Sanjiv Goenka After Leading DC To 8-Wicket Win Over LSG

Read Entire Article