അഹമ്മദാബാദ് ∙ ഓസ്ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ചർച്ചയായത് ക്യാപ്റ്റൻസി മാറ്റം തന്നെയാണ്. രോഹിത് ശർമയുടെ പിൻഗാമിയായി ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ഏകദിന ക്യാപറ്റനാകുന്നത്. കഴിഞ്ഞ മേയിലാണ് രോഹിത്തിൽനിന്ന് ഗിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ച് മാസത്തിനിപ്പുറം ഏകദിന ക്യാപ്റ്റൻസിയും. ഏഷ്യാ കപ്പിനു മുന്നോടിയായി ട്വന്റി20യിൽ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ഇതോടെ മൂന്നു ഫോർമാറ്റുകളിലും ഗില്ലിനൊപ്പം ‘ക്യാപ്റ്റൻ’ എന്ന വിശേഷണമായി. 2026 ട്വന്റി20 ലോകകപ്പ് കഴിയുന്നതോടെ സൂര്യകുമാർ യാദവിൽനിന്ന് ട്വന്റി20 നായകസ്ഥാനവും ഗില്ലിനു ലഭിച്ചേക്കും.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, ട്വന്റി20 ടീമിൽ ഏഷ്യാ കപ്പ് നേടിയ അതേ ടീമിനെ ഏറെക്കുറെ നിലനിർത്തിയപ്പോൾ ഏകദിന ടീമിൽ ചില പ്രധാനപേരുകൾ ഇല്ലാതിരുന്നത് ആരാധകരെയും ഞെട്ടിച്ചു. ഏറ്റവും പ്രധാനപേര് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടേതാണ്. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിർണായക പങ്കുവഹിച്ച ജഡേജയെ ഒഴിവാക്കിയത് ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ന്യായീകരിച്ചു.
ഏകദിന ടീമിൽ ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ടായിരുന്ന അഭിഷേക് ശർമ, തിലക് വർമ എന്നിവരെ ഒഴിവാക്കിയപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി പറഞ്ഞുകേട്ടിരുന്ന സഞ്ജു സാംസണും ടീമിലിടമില്ല. പകരം ധ്രുവ് ജുറേലാണ് രണ്ടാം വിക്കറ്റ് കീപ്പർ. ഓൾഔർണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതോടെ നിതീഷ് കുമാർ റെഡ്ഡിക്കും ഏകദിനത്തിലേക്കു വിളിയെത്തി. ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചപ്പോൾ ട്വന്റി20 ടീമിൽ താരം കളിക്കും.
∙ എന്തുകൊണ്ട് ജഡേജ ഔട്ട്?
ഈ വർഷം ആദ്യം നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ വിജയറൺ കുറിച്ച രവീന്ദ്ര ജഡേജയെ, മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽനിന്ന് ഒഴിവാക്കിയത് ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണെന്ന് അജിത് അഗാർക്കർ പറഞ്ഞു. ‘‘ഓസ്‌ട്രേലിയയിലേക്ക് രണ്ട് ഇടംകയ്യൻ സ്പിന്നർമാരെ കൊണ്ടുപോകുക സാധ്യമല്ല. പക്ഷേ തീർച്ചയായും ജഡേജ ഏകദിന ഫോർമാറ്റിൽ പരിഗണിക്കപ്പെടും. എന്നാൽ സ്ഥാനങ്ങൾക്കായി ചില മത്സരങ്ങളും ഉണ്ടാകും.’’– ടീം പ്രഖ്യാപനത്തിനുശേഷം അഗാർക്കർ മാധ്യമങ്ങളോട് പറഞ്ഞു.
"ചാംപ്യൻസ് ട്രോഫി ടീമിൽ അദ്ദേഹം ഉണ്ടായിരുന്നു. കാരണം യുഎഇയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഞങ്ങൾ അധിക സ്പിന്നർമാരെ എടുത്തിരുന്നു. പക്ഷേ ഓസ്ട്രേലിയയിലേക്ക് ഒരു ഇടംകൈയ്യൻ സ്പിന്നറെ മാത്രമേ ഉൾപ്പെടുത്താൻ സാധിക്കൂ. എങ്കിൽ മാത്രമേ ടീമിന്റെ ബാലൻസ് നിലനിർത്താൻ സാധിക്കൂ. വാഷിങ്ടൻ സുന്ദറും കുൽദീപ് യാദവും ടീമിലുള്ളതിനാൽ ഓസ്‌ട്രേലിയയിൽ അതിൽ കൂടുതൽ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, ജഡേജ തീർച്ചയായും ടീമിന്റെ അവിഭാജ്യഘടകമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല, ഫീൽഡിങ്ങിലും അദ്ദേഹം മികച്ച താരമാണ്.’’– അഗാർക്കർ കൂട്ടിച്ചേർത്തു.
∙ രണ്ടാമനായും സഞ്ജുവില്ല
ചാംപ്യൻസ് ട്രോഫി ടീമിലിടമുണ്ടായിരുന്നില്ലെങ്കിലും ഋഷഭ് പന്തിന്റെ അസാന്നിധ്യത്തിൽ സഞ്ജു സാംസണെ രണ്ടാം വിക്കറ്റ് കീപ്പറായി ഏകദിന ടീമിലുൾപ്പെടുത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ ധ്രുവ് ജുറേലിനാണ് നറുക്ക് വീണത്. ഏകദിനത്തിൽ ഇതുവരെ അരങ്ങേറിയിട്ടിലാത്ത ധ്രുവ് ജുറേലിന് അവസരം നൽകാനുള്ള തീരുമാനത്തെക്കുറിച്ചും അഗാർക്കർ വിശദീകരിച്ചു. നിർദ്ദിഷ്ട സ്ഥാനങ്ങൾക്ക് അനുയോജ്യമായ ആളെ കണ്ടെത്തുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗാർക്കർ പറഞ്ഞു.
‘‘സഞ്ജു സാംസൺ ടോപ്പ് ഓർഡിലാണ് ബാറ്റ് ചെയ്യുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ, മൂന്നാം പൊസിഷനിൽ ബാറ്റിങ്ങിന് ഇറങ്ങിയാണ് അദ്ദേഹം സെഞ്ചറി നേടിയത്. ജൂറേൽ സാധാരണയായി താഴത്തെ ഓർഡറിൽ ബാറ്റ് ചെയ്യും. കെ.എൽ.രാഹുലും അവിടെ ബാറ്റ് ചെയ്യും. ധ്രുവ് എത്ര നല്ല കളിക്കാരനാണെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. ടോപ്പ് ഓർഡറിൽ സ്ഥാനമില്ലെന്ന് ഞാൻ കരുതുന്നു. അതിനാൽ താഴെയുള്ള സ്ഥാനങ്ങളിൽ അനുയോജ്യമായ ആളുകളെയാണ് ഞങ്ങൾ നോക്കിയത്.’’– അഗാർക്കർ പറഞ്ഞു.
അതേസമയം, അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ, സഞ്ജു സാംസണെ ടീമിൽനിന്ന് ഒഴിവാക്കുന്നതിൽ വ്യാപക വിമർശനമുണ്ട്. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചറി. എന്നാൽ ഇതിനു ശേഷം ഏകദിന ടീമിൽ സഞ്ജുവിന് അവസരം ലഭിച്ചില്ല. ഋഷഭ് പന്ത് തിരിച്ചെത്തിയതോടെ പൂർണമായും വാതിൽ അടഞ്ഞു. ഇപ്പോൾ പന്ത് ഇല്ലാതിരുന്നിട്ടും സഞ്ജുവിനെ ടീമിലുൾപ്പെടുത്താതിരുന്നതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. എന്നാൽ സഞ്ജുവിനെ ടീമിലെടുത്താൽ, പിന്നീട് പന്ത് വരുമ്പോൾ ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
∙ നിതീഷിനും ആദ്യ വിളിയെത്തി
ധ്രുവ് ജുറേലിനു പുറമേ, ഏകദിന ടീമിൽ ആദ്യമായി അവസരം ലഭിക്കുന്നത് നിതീഷ് കുമാർ റെഡ്ഡിക്കാണ്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കു പകരമാണ് നിതീഷ് കുമാർ റെഡ്ഡി ടീമിൽ ഉൾപ്പെട്ടത്. ട്വന്റി20 ടീമിലും ഹാർദിക്കിന് പകരക്കാരൻ നിതീഷ് കുമാർ റെഡ്ഡി തന്നെ. ഏകദിനത്തിൽ താരത്തിന് എത്രത്തോളം സംഭാവന ചെയ്യാനാകുമെന്ന് വിലയിരുത്തുകയാണ് ലക്ഷ്യമെന്ന് അഗാർക്കർ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിനു മുൻപാണ് ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. ഇതോടെയാണ് നിതീഷ് കുമാർ റെഡ്ഡിക്ക് ‘കോളടിച്ചത്’.
‘‘റെഡ്ഡി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിലാണ് കൂടുതലും. വൈറ്റ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് കാണാൻ ഇത് അവസരം നൽകുന്നു. ബാറ്റ് ചെയ്യാനും വേഗത്തിൽ പന്തെറിയാനും കഴിയുന്ന ധാരാളം ആളുകൾ നമുക്കില്ല, കാരണം രണ്ടും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. വൈറ്റ്-ബോൾ ക്രിക്കറ്റിലും ബാറ്റും ബോളും ചെയ്യുമ്പോൾ അദ്ദേഹത്തെ കൂടുതൽ വിലയിരുത്താൻ സാധിക്കും.’’– അഗാർക്കർ പറഞ്ഞു.
∙ അഭിഷേകും തിലകും ഉടൻ
അഭിഷേക് ശർമയും തിലക് വർമയും ഉടൻ ഏകദിന ടീമിലേക്ക് എത്തുമെന്നും എന്നാൽ നിലവിൽ ടോപ്പ് ഓർഡർ സന്തുലിതമാണെന്നും അഗാർക്കർ പറഞ്ഞു.
‘‘രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഓപ്പണർമാരാകാൻ സാധ്യതയുണ്ട്. അതുപോലെ യശസ്വി ജയ്‌സ്വാളുമുണ്ട്. അദ്ദേഹം എത്ര മികച്ചവനാണെന്ന് ആളുകൾ മറക്കുന്നു. തിലകും ഉടൻ ടീമിലെത്തും. മൂന്നു മത്സരങ്ങളുള്ള ചെറിയ പരമ്പരയായതിനാൽ 15 അംഗ ടീമിനെ മാത്രമാണ് തിരഞ്ഞടുത്തത്. ഇതൊരു ടെസ്റ്റ് പരമ്പരയല്ല. പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.’’– അഗാർക്കർ പറഞ്ഞു. ഏകദിനത്തിൽ രോഹിത്തിനും കോലിക്കും പകരക്കാരനായി അഭിഷേകും തിലകും ടീമിലെത്തുമെന്ന സൂചനയാണ് അഗാർക്കർ നൽകുന്നത്.
∙ ബുമ്രയ്ക്ക് വിശ്രമം
വർക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഏകദിനത്തിൽ ജസ്പ്രീത് ബുമ്രയെ ഉൾപ്പെടുത്താതിരുന്നതെന്ന് അജിത് അഗാർക്കർ പറഞ്ഞു. ബുമ്രയുടെ മാത്രമല്ല. ട്വന്റി20 ടീമിൽ ഇടം ലഭിക്കാത്ത മുഹമ്മദ് സിറാജിന്റെ ജോലിഭാരവും കൈകാര്യം ചെയ്യുമെന്ന് അഗാർക്കർ പറഞ്ഞു. ‘‘ബുമ്രയ്ക്കു ഇടവേള നൽകാൻ കഴിയുമ്പോഴെല്ലാം, ഞങ്ങൾ അത് ചെയ്യും, കാരണം അദ്ദേഹം എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ടീമിന്റെ താൽപര്യം എന്താണെന്ന് നമ്മൾ കാണേണ്ടതുണ്ട്. ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ലഭ്യമാണ്.
എന്നാൽ ബുമ്ര മാത്രല്ല, സിറാജും ഒരുപാട് ഓവറുകൾ എറിയുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മറ്റു ചിലരും ഉണ്ട്, അവർക്ക് ധാരാളം ബോൾ ചെയ്യേണ്ടിവരും, അതിനാൽ പരുക്കുകളുടെ സാധ്യത കുറയ്ക്കുന്നതിന് എല്ലാ സീമർമാരുടെയും ജോലിഭാരം കുറയ്ക്കാൻ ഞങ്ങൾ ശ്രമിക്കും.’’– അഗാർക്കർ കൂട്ടിച്ചേർത്തു.
∙ രണ്ടിലും ഇടം
ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ഒക്ടോബർ 19ന് പെർത്തിലാണ് ആദ്യ മത്സരം. 23, 25 തീയതികളാണ് മറ്റ് ഏകദിനങ്ങൾ. 29നാണ് ആദ്യ ട്വന്റി20 മത്സരം. ഒക്ടോബർ 31, നവംബർ 2, നവംബർ 6, നവംബർ 8 തീയതികളിൽ ബാക്കി ട്വന്റി20 മത്സരങ്ങൾ. ഇരു ടീമുകളിലും സ്ഥാനം ലഭിച്ചത് ഏഴു താരങ്ങൾക്കാണ്. ശുഭ്മാൻ ക്യാപ്റ്റനായും വൈസ് ക്യാപ്റ്റനായും ഇരു ടീമുകളിലുമുണ്ട്. എന്നാൽ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ട്വന്റി20 ടീമിലും ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഏകദിന ടീമിലുമില്ല. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അർഷ്‌ദീപ് സിങ്, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഗില്ലിനു പുറമെ രണ്ടു ടീമിലും ഇടം ലഭിച്ചവർ.
English Summary:








English (US) ·