Published: August 26, 2025 03:53 PM IST Updated: August 26, 2025 07:44 PM IST
2 minute Read
തിരുവനന്തപുരം∙ കെസിഎൽ രണ്ടാം സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആദ്യ തോൽവി. അവസാനം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ തൃശൂർ ടൈറ്റൻസ് അഞ്ച് വിക്കറ്റിനാണ് കൊച്ചിയെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന പന്തിൽ ലക്ഷ്യത്തിലെത്തി. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ എ.കെ. അജിനാസാണ് കളിയിലെ താരം.
തുടർച്ചയായ രണ്ടാം മത്സരത്തിലും സൂപ്പർ താരം സഞ്ജു സാംസൺ തന്നെയായിരുന്നു കൊച്ചിയുടെ ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ചത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ വിനൂപ് മനോഹരൻ പുറത്തായെങ്കിലും തുടർന്നെത്തിയ മുഹമ്മദ് ഷാനുവും സഞ്ജുവും ചേർന്ന് കൊച്ചിയ്ക്ക് മികച്ച തുടക്കം നല്‍കി. ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവർ മുതൽ സഞ്ജു ആഞ്ഞടിച്ചു. രണ്ട് സിക്സും ഒരു ഫോറുമടക്കം 18 റൺസാണ് ആ ഓവറിൽ സഞ്ജു നേടിയത്. സഞ്ജുവിന്റെ മികവിൽ കൊച്ചി ആറാം ഓവറിൽ അൻപത് റൺസ് പിന്നിട്ടു. 26 പന്തുകളിൽ നിന്ന് സഞ്ജു അർധ സെഞ്ചറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 76 റൺസ് പിറന്നു. 24 റൺസെടുത്ത ഷാനുവിനെ പുറത്താക്കി അജിനാസാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്.
തുടർന്നെത്തിയ നിഖിൽ തോട്ടത്ത് 18ഉം ക്യാപ്റ്റൻ സലി സാംസൻ 16ഉം റൺസുമായി മടങ്ങി. മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി സഞ്ജു ബാറ്റിങ് തുടർന്നു. എന്നാൽ അജിനാസ് എറിഞ്ഞ 18ആം ഓവർ നിർണ്ണായകമായി. ഓവറിലെ രണ്ടാം പന്തിൽ ആനന്ദ് കൃഷ്ണൻ പിടിച്ച് സഞ്ജു സാംസൺ പുറത്തായി. 46 പന്തുകളിൽ നാല് ഫോറും എട്ട് സിക്സും അടക്കം 89 റൺസാണ് സഞ്ജു നേടിയത്. തൊട്ടടുത്ത പന്തിൽ പി.എസ്. ജെറിനും അടുത്ത പന്തിൽ മുഹമ്മദ് ആഷിഖും പുറത്താകുമ്പോൾ അജിനാസ് ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തിയാക്കി. 13 പന്തുകളിൽ 22 റൺസുമായി പുറത്താകാതെ നിന്ന ആൽഫി ഫ്രാൻസിസിന്റെ പ്രകടനം കൂടി ചേർന്നപ്പോൾ കൊച്ചിയുടെ ഇന്നിങ്സ് 188ൽ അവസാനിച്ചു. നാലോവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്താണ് അജിനാസ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നാലോവറിൽ 24 റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ സിബിൻ ഗിരീഷും തൃശൂർ ബോളിങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് അഹ്മദ് ഇമ്രാൻ തകർപ്പൻ തുടക്കം തന്നെ നല്‍കി. മറുവശത്ത് ആനന്ദ് കൃഷ്ണനും ഷോൺ റോജറും വിഷ്ണു മേനോനും ചെറിയ സ്കോറുകളിൽ പുറത്തായെങ്കിലും കൂറ്റൻ ഷോട്ടുകളിലൂടെ അഹ്മദ് ഇമ്രാൻ ബാറ്റിങ് തുടർന്നു. 28 പന്തുകളിൽ ഇമ്രാൻ അർധ സെഞ്ചറി തികച്ചു. അക്ഷയ് മനോഹറുമൊത്ത് നാലാം വിക്കറ്റിൽ ഇമ്രാൻ നേടിയ 51 റൺസാണ് തൃശൂരിന്റെ ഇന്നിങ്സിൽ നിർണ്ണായകമായത്. എന്നാൽ പി.എസ്. ജെറിൻ എറിഞ്ഞ 14ആം ഓവറിൽ ഇരുവരും പുറത്തായത് തൃശൂരിന് തിരിച്ചടിയായി. അക്ഷയ് മനോഹർ 20 റൺസും അഹ്മദ് ഇമ്രാൻ 72 റൺസും നേടിയാണ് മടങ്ങിയത്. 40 പന്തുകളിൽ ഏഴ് ഫോറും നാല് സിക്സുമടക്കമായിരുന്നു ഇമ്രാൻ 72 റൺസ് നേടിയത്.
കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ സിജോമോൻ ജോസഫും എ.കെ. അർജുനും ചേർന്ന് പക്ഷെ അസാധ്യമെന്ന് തോന്നിച്ചത് സാധ്യമാക്കുകയായിരുന്നു. 16ആം ഓവർ മുതൽ ആഞ്ഞടിച്ച ഇരുവരും ചേർന്ന് അവസാന പന്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറിൽ 15 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ നാലാം പന്ത് സിക്സറിന് പറത്തിയതോടെ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. പരിചയ സമ്പത്തോടെ ബാറ്റ് വീശിയ സിജോമോൻ ബൗണ്ടറിയിലൂടെ ടീമിന് വിജയമൊരുക്കി. സിജോമോൻ ജോസഫ് 23 പന്തുകളിൽ നിന്ന് 42 റൺസും അർജുൻ 16 പന്തുകളിൽ നിന്ന് 31 റൺസും നേടി പുറത്താകാതെ നിന്നു. വിജയത്തോടെ തൃശൂർ ആറ് പോയിന്റു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
English Summary:








English (US) ·