Curated by: ഗോകുൽ എസ്|Samayam Malayalam•26 Jul 2025, 1:23 am
സഞ്ജു സാംസൺ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസ് വിട്ട് പുതിയ ടീമിലേക്ക് ചേക്കേറുന്നത് താരത്തിന്റെ കരിയറിനും ഗുണം ചെയ്യും. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ നോക്കാം. ആകാംക്ഷയിൽ ആരാധകർ.
ഹൈലൈറ്റ്:
- സഞ്ജു രാജസ്ഥാൻ റോയൽസ് വിടാൻ സാധ്യത
- റോയൽസ് വിടുന്നത് സഞ്ജുവിന് നല്ലത്
- പുതിയ ടീമിലേക്ക് മാറുന്നത് താരത്തിന്റെ കരിയർ മാറ്റിമറിച്ചേക്കും
സഞ്ജു സാംസൺ നാലാം ടെസ്റ്റിലെ അർധ സെഞ്ച്വറി; ഇംഗ്ലണ്ടിൽ ഋഷഭ് പന്ത് കുറിച്ചത് നിരവധി റെക്കോഡുകൾ
നിലവിൽ ഇന്ത്യയുടെ ടി20 ടീമിന്റെ പ്രധാന ഓപ്പണറാണ് സഞ്ജു സാംസൺ. ഐപിഎല്ലിലും അതുകൊണ്ടു തന്നെ ഓപ്പണറായി കളിക്കാനാകും അദ്ദേഹം താല്പര്യപ്പെടുക. 2025 സീസണിൽ രാജസ്ഥാന്റെ ഓപ്പണറായാണ് സഞ്ജു കളിച്ചു തുടങ്ങിയതെങ്കിലും പിന്നീട് വൈഭവ് സൂര്യവംശിയുടെ വരവിന് ശേഷം സഞ്ജു ഓപ്പണിങ്ങിൽ നിന്ന് മാറിയിരുന്നു. അവസാന കളികളിൽ മൂന്നാം നമ്പരിലാണ് സഞ്ജു കളിച്ചത്.
വരും സീസണുകളിലും വൈഭവ് സൂര്യവംശി - യശസ്വി ജയ്സ്വാൾ ജോഡിയാകും രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാർ. സഞ്ജു ടീമിൽ തുടർന്നാലും മൂന്നാം നമ്പരിൽ കളിക്കാൻ നിർബന്ധിതനാകും. ഇഷ്ട റോളായ ഓപ്പണിങ് സ്ഥാനത്ത് ഐപിഎല്ലിൽ കളിക്കാനായില്ലെങ്കിൽ ഇന്ത്യൻ ടീമിലെ താരത്തിന്റെ ഓപ്പണിങ് സ്ഥാനത്തെയും ഇത് ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ രാജസ്ഥാൻ വിട്ട് ഓപ്പണിങ് സ്ഥാനം ലഭിക്കുമെന്ന് ഉറപ്പുള്ള എതെങ്കിലും ടീമിലേക്ക് മാറുന്നതാണ് സഞ്ജുവിന് നല്ലത്.
യുവ താരങ്ങൾക്ക് എല്ലായ്പ്പോളും പ്രാധാന്യം നൽകുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. റിയാൻ പരാഗിനെപ്പോലുള്ളവർക്ക് ടീം നൽകുന്ന പിന്തുണ എടുത്തുപറയണം. പരാഗിനെ ടീമിന്റെ അടുത്ത നായകനാക്കാൻ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിന് പദ്ധതികളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. രാജസ്ഥാനിൽ തുടർന്നാലും സഞ്ജുവിന് ടീമിന്റെ ക്യാപ്റ്റൻസി നഷ്ടമാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ക്യാപ്റ്റനെ അന്വേഷിക്കുന്ന ഏതെങ്കിലും ടീമിലേക്ക് മാറുന്നതാകും അതുകൊണ്ടു തന്നെ സഞ്ജുവിന് നല്ലത്.
ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സഞ്ജുവിനെ ടീമിലെത്തിക്കാൻ താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഈ രണ്ട് ടീമുകൾക്കും ഇന്ത്യൻ ഓപ്പണറെയും ഇന്ത്യൻ വിക്കറ്റ് കീപ്പറെയും ആവശ്യമുണ്ട്. നിലവിൽ തനിക്ക് മികച്ച ഡിമാൻഡുള്ള സമയത്ത് രാജസ്ഥാൻ റോയൽസ് വിട്ടാൽ സഞ്ജുവിന് ലേലത്തിലടക്കം അത് ഗുണം ചെയ്യും. ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുക ലേലത്തിൽ ഈ മലയാളി താരത്തിന് ലഭിച്ചാലും അത്ഭുതപ്പെടാനില്ല.
Also Read: സഞ്ജു ടീം വിട്ടാൽ രാജസ്ഥാൻ റോയൽസ് മറ്റൊരു കിടിലൻ നീക്കം നടത്തും, ഈ രണ്ട് പേരിലൊരാൾ ടീമിലെത്താൻ സാധ്യത
ഐപിഎല്ലിൽ ബാറ്ററായും ക്യാപ്റ്റനായും മികച്ച റെക്കോഡാണ് സഞ്ജു സാംസണുള്ളത്. ഇതുവരെ 177 മത്സരങ്ങളാണ് ഐപിഎല്ലിൽ അദ്ദേഹം കളിച്ചിട്ടുള്ളത്. ഇത്രയും കളികളിൽ 30.94 ബാറ്റിങ് ശരാശരിയിൽ 4704 റൺസ് സഞ്ജു നേടി. ഐപിഎല്ലിൽ മൂന്ന് സെഞ്ചുറികളും 26 അർധസെഞ്ചുറികളും അദ്ദേഹം സ്കോർ ചെയ്തു. രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരൻ കൂടിയാണ് അദ്ദേഹം.
രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനും സഞ്ജുവാണ്. 67 കളികളിൽ റോയൽസ് നായകനായ സഞ്ജു ഇതിൽ 33 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2022 ൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിയിലാണ് രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിൽ എത്തിയത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·