സഞ്ജു ഒഴിഞ്ഞ ക്യാപ്റ്റൻസി കസേര ഉന്നമിട്ട് രാജസ്ഥാൻ യുവതാരം, യോഗ്യതയുണ്ടെന്ന് അവകാശവാദം; ജഡേജയെ വെട്ടുമോ?

1 month ago 2

മനോരമ ലേഖകൻ

Published: December 05, 2025 10:11 PM IST

1 minute Read

 ARUN SANKAR / AFP
സഞ്ജു സാംസണും റിയാൻ പരാഗും. Photo: ARUN SANKAR / AFP

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാകാനുള്ള സാധ്യതകളെക്കുറിച്ചു മനസ്സു തുറന്ന് യുവതാരം റിയാൻ പരാഗ്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിനു പരുക്കേറ്റപ്പോൾ എട്ടു മത്സരങ്ങളിൽ ടീമിനെ നയിച്ചത് റിയാൻ പരാഗായിരുന്നു. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയതോടെ അടുത്ത സീസണിൽ രാജസ്ഥാനെ ആരു നയിക്കുമെന്ന ചോദ്യങ്ങൾ വീണ്ടും സജീവമായിരുന്നു. സഞ്ജുവിനു പകരക്കാരനായി രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ അടുത്ത സീസണിൽ ടീം ക്യാപ്റ്റനാകുമെന്നാണു വിവരം.

ക്യാപ്റ്റൻസി നൽകാമെന്ന ഉറപ്പിൻമേലാണ് ജഡേജ രാജസ്ഥാൻ റോയൽസിലേക്കു പോകാൻ തയാറായതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നായകസ്ഥാനം ലഭിച്ചപ്പോൾ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാൻ തനിക്കു സാധിച്ചിട്ടുണ്ടെന്നാണു റിയാൻ പരാഗിന്റെ അവകാശവാദം. ‘‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. ഡ്രസിങ് റൂമിൽവച്ച് തീരുമാനങ്ങളെക്കുറിച്ചു പരിശോധിച്ചപ്പോൾ 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്.’’– റിയാൻ പരാഗ് മാധ്യമങ്ങളോടു പറഞ്ഞു.

ഡിസംബർ 16ന് നടക്കുന്ന മിനിലേലത്തിനു ശേഷം രാജസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ‘‘ലേലത്തിനു ശേഷം ക്യാപ്റ്റന്റെ കാര്യം തീരുമാനിക്കുമെന്നാണു ടീം ഉടമ മനോജ് ബദാലെ സർ എന്നോടു പറഞ്ഞിട്ടുള്ളത്. അതിനെക്കുറിച്ചു കൂടുതൽ ചിന്തിച്ച് വഷളാക്കാൻ ഞാനില്ല. ടീമിന് ഞാൻ യോഗ്യനാണെന്നു തോന്നിയാൽ നായക സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയാറാണ്. ഒരു കളിക്കാരനെന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമുണ്ട്. എല്ലാവരും കരുതും ക്യാപ്റ്റൻസി എളുപ്പമുള്ള കാര്യമാണെന്ന്. കുറച്ചു കൂടി പ്രാധാന്യം നമുക്കു കിട്ടും. പക്ഷേ യോഗങ്ങളും ഷൂട്ടുകളുമൊക്കെയായി നമ്മുടെ ക്രിക്കറ്റിനു വേണ്ടിയുള്ള സമയം 20 ശതമാനത്തോളം കുറയും.’’– റിയാന്‍ പരാഗ് വ്യക്തമാക്കി.

English Summary:

Rajasthan Royals Captaincy: Riyan Parag is vying for the Rajasthan Royals captaincy, asserting his capabilities aft starring the squad successful Sanju Samson's absence. He claims to person made close decisions 80-85% of the clip and is acceptable to instrumentality connected the relation if the squad deems him fit, adjacent with the added responsibilities it entails.

Read Entire Article