ക്രിക്കറ്റ് ലോകത്ത് നിലവിൽ വലിയ ചര്‍ച്ചാവിഷയമാണ് മലയാളിതാരം സഞ്ജുസാംസണ്‍. ഒരുവശത്ത് സഞ്ജു ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. മറുവശത്ത് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടംപിടിക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. ചൊവ്വാഴ്ച ടീം പ്രഖ്യാപനം ഉണ്ടായേക്കും. ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയാല്‍ സഞ്ജുവിന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സമാനമായ ആശങ്ക പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
'ആരും പുറത്തുപോകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ മറ്റൊരു ഓപ്പണറെ ടീമിൽ നിർത്തേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യ മൂന്നാമതൊരു ഓപ്പണറെ തിരഞ്ഞെടുത്തിരുന്നില്ല. അഭിഷേക് ശർമയോ സഞ്ജു സാംസണോ ഫോം ഔട്ടായാൽ ആര് ഓപ്പൺ ചെയ്യുമെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിരുന്നില്ല.' - ആകാശ് ചോപ്ര പറഞ്ഞു.
എന്നാൽ, ശുഭ്മാൻ ഗിൽ ആണ് മൂന്നാമത്തെ ഓപ്പണറെങ്കിൽ, അദ്ദേഹത്തെ ബെഞ്ചിലിരുത്തുമോ? ഗില്ലിനെ ടീമിൽ കളിപ്പിക്കുകയാണെങ്കിൽ, ആരുടെ സ്ഥാനത്തായിരിക്കും കളിപ്പിക്കുക? ആ താരം സഞ്ജു സാംസൺ ആണെങ്കിൽ, ആരായിരിക്കും കീപ്പർ? അതാണ് പ്രശ്നം. സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല. സൂര്യകുമാർ യാദവും തിലക് വർമ്മയും മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിക്കും. സഞ്ജു അഞ്ചാം നമ്പറിലോ? അത് നല്ല തീരുമാനമായിരിക്കില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു.
മൂന്നാമത്തെ ഓപ്പണർ കളിക്കുകയാണെങ്കിൽ, അഭിഷേക് ശർമയുടെ സ്ഥാനത്ത് കളിക്കാനാവില്ല. അയാൾ സഞ്ജുവിന്റെ സ്ഥാനത്തായിരിക്കും കളിക്കുക. അങ്ങനെയെങ്കിൽ ഓപ്പണർ സ്ഥാനത്തുനിന്ന് സഞ്ജു പുറത്താകുന്നു. - ചോപ്ര പറഞ്ഞു. ഒരു മികച്ച ടീമിനെ വാർത്തെടുക്കുമ്പോൾ ശുഭ്മാൻ ഗില്ലിന് അതിന്റെ ഭാഗമാകാൻ കഴിയുമോയെന്നതാണ് വലിയ ചോദ്യം. യശസ്വി ജയ്‌സ്വാളിന് തീർച്ചയായും അതിന്റെ ഭാഗമാകാൻ കഴിയും. പക്ഷേ അവർ യശസ്വിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? - ചോപ്ര ചോദിച്ചു.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിലാണ് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണ്. യുഎഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാവും ഏഷ്യാ കപ്പില്‍ ഇന്ത്യ അണിനിരത്തുക. അധികം വൈകാതെ തന്നെ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കർക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കാനിരിക്കുകയാണ്.
Content Highlights: sanju samson asia cupful squad enactment akash chopra








English (US) ·