സഞ്ജു കെസിഎല്ലില്‍ കളിക്കും; ജലജും ലേലപ്പട്ടികയിൽ

6 months ago 6

തിരുവനന്തപുരം: ഐപിഎൽ മാതൃകയിൽ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷൻ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ‌ലീഗ് (കെസിഎൽ) ട്വന്റി20 ചാമ്പ്യൻഷിപ്പിന്റെ രണ്ടാം എഡിഷൻ ഓഗസ്റ്റ് 21-ന് തുടങ്ങും. ആദ്യസീസണിൽ കളത്തിലിറങ്ങാതിരുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ ഇത്തവണ കളിക്കും. സെപ്റ്റംബർ ഏഴുവരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് കെസിഎൽ മത്സരങ്ങൾ. സഞ്ജുവും കളിക്കാനെത്തുന്നതോടെ ലീഗിന്റെ താരമൂല്യവും ജനപ്രീതിയും വർധിക്കുമെന്നാണ് വിലയിരുത്തൽ.

സ്റ്റാർ സ്‌പോർട്‌സ് ലൈവായി സംപ്രേഷണംചെയ്യുന്ന മത്സരങ്ങൾ ഇത്തവണ ഒരു സ്വകാര്യ മലയാളം ചാനലിലും സംപ്രേഷണംചെയ്യും. ഒടിടി പ്ലാറ്റ്‌ഫോമിലും കളികാണാനാകും.

കഴിഞ്ഞതവണയുണ്ടായിരുന്ന ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറുടീമുകളായിരിക്കും രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക. സച്ചിൻ ബേബി ക്യാപ്റ്റനായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് നിലവിലെ ചാമ്പ്യന്മാർ.

ഈ വർഷത്തെ കളിക്കാരുടെ താരലേലം ജൂലായ് അഞ്ചിന് തിരുവനന്തപുരത്ത് നടക്കും. ഓരോ ടീമിനും 16 മുതൽ 20 കളിക്കാരെ ഉൾപ്പെടുത്താം. താരങ്ങളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജു സാംസൺ, ബേസിൽ തമ്പി, സച്ചിൻ ബേബി, ജലജ് സക്‌സേന, രോഹൻ കുന്നുമ്മൽ തുടങ്ങിയവരുൾപ്പെടെ 39 കളിക്കാരാണ് എ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ബി കാറ്റഗറിയിൽ 42 പേരും സി കാറ്റഗറിയിൽ 87 പേരുമുൾപ്പെടുന്നുണ്ട്.

എ കാറ്റഗറിയിൽപെടുന്ന താരങ്ങളുടെ അടിസ്ഥാനവില മൂന്നുലക്ഷം രൂപ. ബി വിഭാഗത്തിൽ 1.5 ലക്ഷവും സി വിഭാഗത്തിന് 75,000-വുമാണ്. കഴിഞ്ഞതവണ ഇത് യഥാക്രമം രണ്ടുലക്ഷം, ഒരുലക്ഷം, 50,000 എന്നിങ്ങനെയായിരുന്നു. കളിക്കാർക്കായി ഒരു ടീമിന് 50 ലക്ഷം രൂപവരെ വിനിയോഗിക്കാം. കഴിഞ്ഞതവണ ഇത് 35 ലക്ഷമായിരുന്നു. കഴിഞ്ഞതവണ ഓരോ ടീമിനും ഐക്കൺ പ്ലെയർ എന്നനിലയിൽ താരങ്ങളെ മുൻകൂട്ടി തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. ഇക്കുറി ഐക്കൺ പ്ലെയറെ ഒഴിവാക്കാനാണ് കെസിഎ തീരുമാനം. നിലവിലുള്ള നാല് താരങ്ങളെ നിലനിർത്താനും ടീമുകൾക്ക് അവസരമുണ്ടാകും.

Content Highlights: KCL T20 returns August 21st Sanju Samson joins 6 teams battling for the title

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article