Published: August 15, 2025 09:20 AM IST
1 minute Read
ചെന്നൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകാനുള്ള സാധ്യതകൾ തള്ളി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. രാജസ്ഥാന്‍ റോയൽസിൽ അടുത്ത സീസണിൽ കളിക്കാൻ താൽപര്യമില്ലെന്ന് സഞ്ജു ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. അതിനു പിന്നാലെ സഞ്ജുവിനെ വിൽക്കാൻ രാജസ്ഥാൻ ശ്രമം തുടങ്ങിയതായാണു വിവരം.
സഞ്ജുവിനെ വിൽക്കുന്നതിലൂടെ രാജസ്ഥാനു കാര്യമായ നേട്ടമില്ലാത്തതിനാൽ ചെന്നൈയിലേക്കുള്ള താരത്തിന്റെ ‘ട്രാന്‍സ്ഫർ’ നടക്കാൻ സാധ്യതയില്ലെന്ന് അശ്വിൻ വ്യക്തമാക്കി. സഞ്ജുവിനു പകരമായി നൽകാൻ പോന്നൊരു താരം നിലവിൽ ചെന്നൈ സൂപ്പര്‍ കിങ്സിന് ഇല്ലെന്നും അശ്വിൻ യുട്യൂബ് ചാനലിലെ ചർച്ചയിൽ പ്രതികരിച്ചു.
‘‘സഞ്ജുവിനെ ചെന്നൈയിലെത്തിക്കാനുള്ള നീക്കം നടക്കാന്‍ സാധ്യതയില്ല. കാരണം സഞ്ജുവിനു പകരം നൽകാൻ മികച്ചൊരു താരം ചെന്നൈ സൂപ്പർ കിങ്സിൽ ഇല്ല. രാജസ്ഥാന് രവി ബിഷ്ണോയിയെ പോലൊരു സ്പിന്നറെ ആവശ്യമുണ്ടെങ്കിൽ അവര്‍ ലക്നൗവിനെ സമീപിച്ചു എന്നു കരുതുക. സഞ്ജുവിനെ ലക്നൗവിന് നൽകി ബിഷ്ണോയിയെ രാജസ്ഥാൻ വാങ്ങിയാലും, ലക്നൗവിന്റെ ‘പഴ്സിൽ’ സഞ്ജുവിനെ അടുത്ത സീസണിലേക്കു നിലനിർത്താനുള്ള പണം കൂടിയുണ്ടാകണം. അതു ലക്നൗവിന്റെ മാത്രം ബാധ്യതയായി മാറും.’’– അശ്വിൻ പറഞ്ഞു.
താരങ്ങളെ വിൽക്കുന്നതിനോട് വലിയ താൽപര്യം കാണിക്കാത്ത ഫ്രാഞ്ചൈസിയാണ് ചെന്നൈയെന്നും അശ്വിൻ വ്യക്തമാക്കി. ‘‘വിൽപന എന്ന രീതിയോട് ചെന്നൈയ്ക്ക് താൽപര്യമില്ല. രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നീ താരങ്ങളെ അവർ വിൽക്കില്ല. അതുകൊണ്ടുതന്നെ ട്രാൻസ്ഫർ വഴി സഞ്ജു ചെന്നൈയിലെത്തുന്നതിൽ ഒരു പ്രതീക്ഷയും വേണ്ട.’’– അശ്വിൻ പറഞ്ഞു.
അടുത്ത ഐപിഎലിനു മുൻപ് സഞ്ജുവിനെ രാജസ്ഥാൻ ‘റിലീസ്’ ചെയ്താൽ, മലയാളി താരം മിനിലേലത്തിൽ പങ്കെടുക്കാനാണു സാധ്യത. അങ്ങനെയെങ്കിൽ സഞ്ജുവിനായി ടീമുകൾ തമ്മിൽ കടുത്ത മത്സരം തന്നെയുണ്ടാകും. ചെന്നൈ സൂപ്പർ കിങ്സിനു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജു സാംസണിനു വേണ്ടി താൽപര്യം അറിയിച്ചിട്ടുണ്ട്.
English Summary:








English (US) ·