
സഞ്ജു സാംസണും എം.എസ്.ധോണിയും |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അരംഭിക്കുന്നതിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം നടത്തുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ താരത്തെ ടീം വിടാൻ ഫ്രാഞ്ചൈസി താത്പര്യപ്പെടുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാൽ ഇത് നടക്കാൻ സാധ്യതയില്ലെന്നാണ് വിവരം. സഞ്ജുവിനെയോ മറ്റ് കളിക്കാരെയോ തത്ക്കാലം ട്രേഡ് ചെയ്യേണ്ടതില്ലെന്ന് രാജസ്ഥാൻ റോയൽസ് തീരുമാനിച്ചു. സഞ്ജു രാജസ്ഥാൻ ടീമിന്റെ അവിഭാജ്യ ഘടകവും ടീമിന്റെ അനിഷേധ്യ നായകനുമാണ്.- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മഹേന്ദ്രസിങ് ധോനിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ധോനിയുടെ ഐപിഎല്‍ കരിയര്‍ അവസാനഘട്ടത്തിലാണ്. ധോനി എത്രകാലം ചെന്നൈ ടീമില്‍ കളിക്കുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ധോനിക്ക് പകരം മറ്റൊരു വിക്കറ്റ്കീപ്പറെയും ടീമിന് വേണം. ഇതെല്ലാം കണക്കിലെടുത്താണ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുന്നത്.
2013 ല്‍ രാജസ്ഥാനിലെത്തിയ സഞ്ജു ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018-ല്‍ രാജസ്ഥാനില്‍ തിരികെയെത്തി. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.
അതേസമയം കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ വൈഭവ് സൂര്യവംശി മിന്നും ഫോമില്‍ കളിച്ചതുമാത്രമാണ് രാജസ്ഥാന് ആശ്വാസമായത്.
ചെന്നൈയെ സംബന്ധിച്ചും നിരാശ നിറഞ്ഞതായിരുന്നു സീസൺ. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളില്‍ പത്തും തോറ്റ ചെന്നൈ, ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിരുന്നു. അവസാന സ്ഥാനത്താണ് ഇത്തവണ ടീമിന് ഫിനിഷ് ചെയ്യാനായത്.
Content Highlights: sanju Samson to CSK commercialized woody is disconnected rr determination reports








English (US) ·