Curated by: ഗോകുൽ എസ്|Samayam Malayalam•27 Jun 2025, 10:47 pm
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ട് കൂടുതൽ ശക്തമായി. പകരം ദുബെയും, അശ്വിനും രാജസ്ഥാനിലും എത്തിയേക്കും.
ഹൈലൈറ്റ്:
- സഞ്ജു സാംസൺ ചെന്നൈയിലേക്ക് തന്നെയെന്ന് സൂചന
- പകരം രണ്ട് ചെന്നൈ താരങ്ങൾ രാജസ്ഥാൻ റോയൽസിൽ എത്തിയേക്കും
- വമ്പൻ ട്വിസ്റ്റിന് സാധ്യത
സഞ്ജുവും ധോണിയും ഇപ്പോളിതാ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന എക്സ് പോസ്റ്റുമായി എത്തിയിരിക്കുകയാണ് പ്രസന്ന അഗോരം. ക്രിക്കറ്റ് അനലിസ്റ്റായ അഗോരം ഇന്ത്യൻ സീനിയർ ക്രിക്കറ്ററും, ചെന്നൈ സൂപ്പർ കിങ്സ് താരവുമായ ആർ അശ്വിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ട്രേഡ് ചർച്ചകൾ ആരംഭിച്ചെന്നും, ഒരു ഇന്ത്യൻ ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർക്ക് പകരം ഇന്ത്യൻ ഓഫ് സ്പിന്നറെയും ഇടം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററെയും ടീം കൈമാറുമെന്നുമാണ് പ്രസന്ന അഗോരത്തിന്റെ പോസ്റ്റിലുള്ളത്.
സഞ്ജു ചെന്നൈയിലേക്ക്, പകരം ദുബെയും അശ്വിനും രാജസ്ഥാനിലെത്തും; അടുത്ത സീസണിൽ വമ്പൻ ട്വിസ്റ്റ് നടന്നേക്കും
താരങ്ങളുടെ പേരെടുത്ത് പ്രസന്ന അഗോരം പറഞ്ഞിട്ടില്ലെങ്കിലും ചെന്നൈ നോക്കുന്ന ടോപ് ഓർഡർ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തന്നെയാകാനാണ് സാധ്യത. നിലവിൽ ഐപിഎല്ലിൽ കളിക്കുന്ന മറ്റ് പ്രധാന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാരാരും ടീം വിട്ടേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുമില്ല.
അതേ സമയം സഞ്ജുവിനെ സ്വന്തമാക്കാൻ രണ്ട് താരങ്ങളെ വിട്ടുനൽകാൻ ചെന്നൈ തയ്യാറാണെന്നാണ് ഈ പോസ്റ്റിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിൽ പ്രസന്ന പറയുന്ന ഓഫ് സ്പിന്നർ ആർ അശ്വിൻ തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 9.75 കോടി രൂപക്ക് സിഎസ്കെ സ്വന്തമാക്കിയ അശ്വിൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2022 മുതൽ 2024 വരെ രാജസ്ഥാന്റെ താരമായിരുന്നു അശ്വിൻ എന്നതും ശ്രദ്ധേയം.
പ്രസന്ന അഗോരം ചൂണ്ടിക്കാട്ടുന്ന ഇടം കൈയ്യൻ മിഡിൽ ഓർഡർ ബാറ്റർ ശിവം ദുബെയാകുമെന്നും ഇൻസൈഡ് സ്പോർട് അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ ദുബെ, ഐപിഎല്ലിൽ മുൻപ് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം മികച്ച റെക്കോഡുള്ള ദുബെ 2025 സീസൺ ഐപിഎല്ലിൽ 14 കളികളിൽ നിന്ന് 32.45 ബാറ്റിങ് ശരാശരിയിൽ 357 റൺസ് നേടിയിരുന്നു.
അതേ സമയം നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ്. 2013 ലാണ് താരം രാജസ്ഥാൻ റോയൽസിനായി കളിച്ചുകൊണ്ട് ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. നിലവിൽ ടീമിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ കൂടിയാണ് സഞ്ജു.
2021 ലാണ് ഈ മലയാളി താരം റോയൽസിന്റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. ക്യാപ്റ്റൻസി ഏറ്റെടുത്ത രണ്ടാം സീസണിൽ സഞ്ജു, രാജസ്ഥാൻ റോയൽസിനെ ഐപിഎൽ ഫൈനലിൽ എത്തിച്ചു. 2024 ലും സഞ്ജുവിന് കീഴിൽ റോയൽസ് പ്ലേ ഓഫിലെത്തി. പരിക്കുകളാൽ സഞ്ജു വലഞ്ഞ ഐപിഎൽ സീസണായിരുന്നു 2025 ലേത്. ഇത് രാജസ്ഥാന്റെ പ്രകടനങ്ങളെയും ബാധിച്ചു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·