
രാഹുൽ ദ്രാവിഡും സഞ്ജു സാംസണും | Photo: ANI, PTI
ജയ്പുര്‍: അപ്രതീക്ഷിതമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് രാഹുല്‍ ദ്രാവിഡിന്റെ പടിയിറക്കം. ഐപിഎല്‍ 2026-സീസണിലും ദ്രാവിഡ് പരിശീലകനായി ഉണ്ടാകുമെന്നാണ് ഒട്ടുമിക്ക ആരാധകരും കരുതിയത്. എന്നാൽ അതിന് മുന്നേ തന്നെ ദ്രാവിഡ് രാജിവെച്ചൊഴിഞ്ഞു. ദ്രാവിഡിന് കൂടുതല്‍ വിപുലമായ ഒരു പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചത്.
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാഹുൽ ദ്രാവിഡിന്റെ പടിയിറക്കമെന്നതാണ് ശ്രദ്ധേയം. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ടീം മാനേജ്മെന്റുമായും രാഹുൽ ദ്രാവിഡുമായും സഞ്ജുവിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായതായാണ് വിവരം. അതിന്റെ തുടർച്ചയായാണ് രാഹുൽ പടിയിറങ്ങിയതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. അത്തരത്തിലുള്ള ചർച്ചകളും സജീവമാണ്.
കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. സീസണില്‍ കൈക്ക് പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകൾ.
ടീമില്‍ സ്വന്തം ബാറ്റിങ് സ്ഥാനം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതാണ് സഞ്ജുവിനെ ചൊടിപ്പിച്ചതെന്നാണ് അറിയുന്നത്. ടി20-യില്‍ സാധാരണ ഓപ്പണറായാണ് സഞ്ജു കളിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടെ അടുത്ത കാലത്തായി സഞ്ജുവിനെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം യുവതാരം വൈഭവ് സൂര്യവംശിയെയാണ് രാജസ്ഥാന്‍ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചത്. ഇത് വിജയകരമാകുകയും ചെയ്തു. ഇതോടെ സഞ്ജുവിന് ഇഷ്ട ബാറ്റിങ് സ്ഥാനം നഷ്ടപ്പെട്ടു. ഇതും ഭിന്നത രൂക്ഷമാക്കിയെന്നാണ് വിവരം.
മാത്രമല്ല കഴിഞ്ഞ സീസണിലെ ഒരു മത്സരത്തിൽ ടീം മീറ്റിങ്ങിൽ നിന്ന് സഞ്ജുമാറിനിന്നത് വലിയ ചർച്ചയായിരുന്നു.സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാന്‍ ഡഗൗട്ടില്‍ സൂപ്പര്‍ ഓവറിന് മുമ്പുള്ള ടീം മീറ്റിങ്ങാണ് സഞ്ജു അവഗണിച്ചത്. സൂപ്പര്‍ ഓവറിന് മുമ്പായി രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ടീമംഗങ്ങളോട് സംസാരിക്കുകയായിരുന്നു. സപ്പോര്‍ട്ട് സ്റ്റാഫംഗങ്ങളും താരങ്ങളും ടീം മീറ്റിങ്ങിന്റെ ഭാഗമായിരുന്നു. ഈ ടീം മീറ്റിങ്ങിന്റെ ഭാഗമാകാതെ മാറിനടക്കുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ ടീമിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായുള്ള അഭ്യൂഹങ്ങളും പരന്നു.
രാഹുല്‍ രണ്ടാമത് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് എത്തിയശേഷം കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്‍ 2025-ല്‍, കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ഇപ്പോഴിതാ രാഹുലിന്റെ പടിയിറക്കം ടീമിലെ അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടു. സഞ്ജു ടീം വിടുന്നത് തടയാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ചർച്ചകളുയരുന്നു.
Content Highlights: rahul dravid resigns rajasthan royals manager sanju samson reports








English (US) ·