Published: October 10, 2025 09:58 AM IST Updated: October 10, 2025 10:20 AM IST
1 minute Read
മുംബൈ∙ ഏഷ്യാകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ കളിക്കുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ നേരത്തേ തന്നെ ഉറപ്പിച്ചിരുന്നതായി ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണും ജിതേഷ് ശർമയുമായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ജിതേഷ് ശർമ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കുമെന്നായിരുന്നു ഇന്ത്യയുടെ മത്സരങ്ങൾക്കു തൊട്ടുമുൻപുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ ഫൈനലുൾപ്പടെ എല്ലാ മത്സരങ്ങളും സഞ്ജു കളിച്ചപ്പോൾ, ജിതേഷ് ശർമ പുറത്തിരുന്നു.
‘‘ശുഭ്മൻ ഗില്ലും ജിതേഷ് ശര്‍മയും ഉള്ളപ്പോൾ, സഞ്ജു ഓപ്പൺ ചെയ്യുന്നതു പോയിട്ട് ടീമിൽ പോലും ഉണ്ടാകില്ലെന്നാണു പലരും കരുതിയത്. ആദ്യ പരിശീലന സെഷനുകളിൽ ഞാനും ഗൗതം ഭായിയും സഞ്ജുവിനെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ 10–15 മത്സരങ്ങളിൽ സഞ്ജു നന്നായി കളിച്ചിട്ടുണ്ടെന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്. സഞ്ജുവിന്റെ ബാറ്റിങ് പൊസിഷൻ മാറാൻ സാധ്യതയുണ്ടെന്നും കുറച്ചു പന്തുകൾ മാത്രമാകും ലഭിക്കുകയെന്നും ഞങ്ങൾ അദ്ദേഹത്തോടു പറഞ്ഞിരുന്നു.’’
‘‘സഞ്ജു ഉണ്ടാക്കുന്ന ഇംപാക്ട് എന്നത് അപ്പോഴും അവിടെത്തന്നെയുണ്ടാകും. സഞ്ജു ബാറ്റു ചെയ്യുമ്പോഴെല്ലാം, ടീമിനായി ഏറ്റവും മികച്ചത് എന്തു ചെയ്യാമെന്നാണ് അദ്ദേഹം ചിന്തിക്കുക.’’– സൂര്യകുമാർ യാദവ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യാകപ്പിലെ ഇന്ത്യൻ ടോപ് സ്കോറർമാരിൽ അഭിഷേക് ശർമയ്ക്കും തിലക് വർമയ്ക്കും പിന്നിൽ മൂന്നാമനായാണ് സഞ്ജു ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.
English Summary:








English (US) ·